ഐസിസി അണ്ടർ 19 ലോകകപ്പ്: ഇന്ത്യക്ക് ന്യൂസിലൻഡിനെതിരെ ഏഴ് വിക്കറ്റ് ജയം; സൂപ്പർ സിക്‌സിൽ പാകിസ്താൻ എതിരാളികൾ
ബുലവായോ: ഐസിസി അണ്ടർ 19 ലോകകപ്പിൽ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനെ 135 റൺസിന് ഇന്ത്യ ഓൾ ഔട്ടാക്കി. മഴ മൂലം തടസ്സപ്പെട്ട മത്സരത്തിൽ വെട്ടിക്കുറച്ച ലക്ഷ്യത്തിലേക്ക് അനായാസം ഇന്ത്യ ബാറ്റ് ചെയ്ത് കയറി. നാല് വിക്കറ്റുകളുമായി തിളങ്ങിയ അംബരീഷിന്റെ മിന്നും പ്രകടനമാണ് ഇന്ത്യക്ക് വിജയം നൽകിയത്. മലയാളി താരങ്ങളായ ആരോൺ ജോർജും മുഹമ്മദ് ഇനാനും ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചു.
ബുലവോയിലെ ക്യൂൻസ് സ്പോർട്സ് സെന്ററിൽ വെച്ച് നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന് തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ടു. മിഡിൽ ഓർഡറിലെ താരങ്ങളുടെ പ്രകടനം തകർച്ചയുടെ ആക്കം കുറച്ചെങ്കിലും 135 റൺസിൽ ഓൾ ഔട്ടാവുകയായിരുന്നു. ആർഎസ് അംബരീഷ് നാല് വിക്കറ്റുകളുമായി തിളങ്ങിയപ്പോൾ ഹെനിൽ പട്ടേൽ മൂന്നും മുഹമ്മദ് ഇനാൻ, ഖിലാൻ പട്ടേൽ, കനിഷ്‌ക് ചൗഹാൻ എന്നിവർ ഒരു വിക്കറ്റ് വീതവും നേടി. 28 റൺസ് നേടിയ സെൽവിൻ ജിം സഞ്ജയാണ് ന്യൂസിലൻഡിന്റെ ടോപ് സ്‌കോറർ.
വൈഭവ് സുര്യവൻശിയുടെയും ക്യാപ്റ്റൻ ആയുഷ് മാത്രേയുടെയും ബാറ്റിങ്ങിന്റെ മികവിൽ 14 ഓവറിൽ 130 റൺസെന്ന വെട്ടി ചുരുക്കിയ ലക്ഷ്യത്തിലെത്താൻ ഇന്ത്യക്കായി. 23 പന്തിൽ 40 റൺസാണ് വൈഭവ് സ്കോർ ചെയ്തത്. അതെ സമയം 27 പന്തിൽ 53 റൺസാണ് ആയുഷ് മാത്രേ നേടിയത്. ഒമ്പതാം ഓവറിൽ വൈഭവും പത്താം ഓവറിൽ ആയുഷ് മാത്രേയും പുറത്തായെങ്കിലും വിഹാർ മൽഹോത്രയും വേദാന്ത ത്രിവേദിയും ചേർന്ന് ലക്ഷ്യത്തിലെത്തിച്ചു.
സമ്പൂർണ ജയവുമായി ഗ്രൂപ്പ് ജേതാക്കളായി മുന്നേറിയ ഇന്ത്യക്ക് സൂപ്പർ സിക്‌സിൽ സിംബാബ്‌വെയും പാകിസ്താനും എതിരാളികൾ. ജനുവരി 27നും ഫെബ്രുവരി ഒന്നിനാണ് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.