ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനം; ഇന്ത്യയുടെ സാധ്യതകൾ ഇങ്ങനെ
ഇതുവരെ ഒൻപത് മത്സരങ്ങൾ കളിച്ച ഇന്ത്യക്ക് നിലവിൽ 48 വിജയ ശതമാനമാണ് ഉള്ളത്==
ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്ക് എതിരായ ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ്ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് വീണു. നിലവിൽ 52 പോയിന്റാണ് ഇന്ത്യക്കുള്ളത്. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ 30 റൺസിനും രണ്ടാം ടെസ്റ്റിൽ 408 റൺസിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്.
ഇതുവരെ ഒൻപത് മത്സരങ്ങൾ കളിച്ച ഇന്ത്യക്ക് നിലവിൽ 48 വിജയ ശതമാനമാണ് ഉള്ളത്. ആസ്ട്രേലിയ, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവയാണ് ഇന്ത്യക്ക് മുകളിലുള്ള ടീമുകൾ. ആദ്യ രണ്ട് സ്ഥാനങ്ങളിലേക്കെത്താൻ 60%-65% വിജയ ശതമാനം ആവശ്യമാണ്. ഇന്ത്യക്ക് 60 ശതമാനത്തിലേക്കെത്താൻ 130 പോയിന്റ് വേണം. അതിനാൽ ഇനിയുള്ള മത്സരങ്ങളിൽ നിന്ന് 78 പോയിന്റുകൾ നേടേണ്ടതുണ്ട്. . അതായത് ഇനിയുള്ള മത്സരങ്ങളിൽ ഏഴ് മത്സരങ്ങളിലെങ്കിലും ഇന്ത്യ വിജയിക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ ഇന്ത്യക്ക് 84 പോയിന്റ് ലഭിക്കും. ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്ന ടീമിന് 12 പോയിന്റും സമനിലയായാൽ നാല് പോയിന്റുമാണ് ലഭിക്കുക
ടെസ്റ്റ് ചാമ്പ്യൻഷിപ് സൈക്കിളിൽ ഇന്ത്യക്ക് ഒൻപത് മത്സരങ്ങളാണ് ബാക്കിയുള്ളത്. അടുത്ത വർഷം നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങൾ വീതമുള്ള ശ്രീലങ്കക്കും ന്യൂസിലൻഡിനും എതിരായ പരമ്പരകളും അഞ്ച് മത്സരങ്ങളുള്ള 2027 ലെ ബോർഡർ ഗവാസ്കർ ട്രോഫിയും. ഇതിൽ ആഗസ്റ്റിൽ നടക്കാനിരിക്കുന്ന ശ്രീലങ്കക്കെതിരായ പരമ്പരയും എന്നാൽ ഒക്ടോബറിലും നവംബറിലുമായി നടക്കാൻ പോവുന്ന ന്യൂസിലാൻഡിനെതിരായ പരമ്പരയും എവേ മത്സരങ്ങളാണ്. 2027 ജനുവരിയിലും ഫെബ്രുവരിയിലുമായി ഇന്ത്യയിൽ വെച്ചാണ് ബോർഡർ ഗവാസ്കർ ട്രോഫി നടക്കുക.
ശ്രീലങ്കയിൽ ഇന്ത്യക്ക് മികച്ച ടെസ്റ്റ് റെക്കോർഡാണ് ഉള്ളത്. അവസാനം നടന്ന ആറ് മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും ഇന്ത്യ വിജയിച്ചു. 2017 ലാണ് ഇന്ത്യ ശ്രീലങ്കയിൽ വെച്ച് അവസാനമായി ടെസ്റ്റ് സീരീസ് കളിക്കുന്നത്. ഇതിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു. ന്യൂസിലാൻഡിനെതിരായ പരമ്പര ഇന്ത്യക്ക് കടുപ്പമാവും. 2010 ലും 2014 മായി നടന്ന രണ്ട് ടെസ്റ്റ് പരമ്പരകളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. 2022-23 ലാണ് ഇന്ത്യയിൽ വെച്ച് അവസാനമായി ബോർഡർ ഗവാസ്കർ ട്രോഫി നടക്കുന്നത്. ഇതിൽ ഇന്ത്യ 2-1 ന് പരമ്പര സ്വന്തമാക്കിയിരുന്നു.