കൊടുങ്കാറ്റായി സ്റ്റാർക്ക്, ഉലയാതെ ജോറൂട്ട്; ആഷസിൽ തീപാറും പോരാട്ടം
ബ്രിസ്ബെയ്ൻ: ആഷസ് രണ്ടാം ടെസ്റ്റിലെ ആദ്യ ദിനം കൊണ്ടും കൊടുത്തും പോരാട്ടം. ഗാബ സ്റ്റേഡിയത്തിൽ ഡേ നൈറ്റായി നടക്കുന്ന ടെസ്റ്റിൽ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോൾ ജോ റൂട്ടും (135), ജോഫ്ര ആർച്ചറുമാണ് (32) ക്രീസിൽ. ആറ് വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കാണ് ഇംഗ്ലീഷ് മുൻനിരയെയും വാലറ്റത്തെയും എളുപ്പത്തിൽ പറഞ്ഞയച്ചത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇഗ്ലണ്ടിന്റെ ബെൻ ഡക്കറ്റിനെയും ഒലി പോപ്പിനെയും പൂജ്യത്തിന് പുറത്താക്കി സ്റ്റാർക്ക് ഓസീസിന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ ക്രീസിലുറച്ച സാക്ക് ക്രോളി (76), ഹാരി ബ്രൂക്ക് (31), ജോ റൂട്ട് എന്നിവർ ചേർന്ന് ഇംഗ്ലീഷ് ഇന്നിങ്സിനെ എടുത്തുയർത്തുകയായിരുന്നു. ജോ റൂട്ടിന്റെ ആസ്ട്രേലിയൻ മണ്ണിലെ ആദ്യ സെഞ്ച്വറിയാണിത്.
264ന് ഒൻപത് എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനായി അവസാന വിക്കറ്റിൽ റൂട്ടും ആർച്ചറും തകർത്തടിച്ചതോടെയാണ് സ്കോർ 300 പിന്നിട്ടത്. സ്പിന്നർ നേഥൻ ലിയോൺ ഇല്ലാതെയാണ് ഓസീസ് ഇറങ്ങിയത്.