കൂച്ച് ബെഹാ‍ർ ട്രോഫിയിൽ ഹൈദരാബാദിനെതിരെ കേരളം ആദ്യ ഇന്നിങ്സിൽ 268ന് പുറത്ത്

Update: 2025-12-01 14:10 GMT
Editor : Harikrishnan S | By : Sports Desk

ഹൈദരാബാദ്: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ ഹൈദരാബാദിനെതിരെ കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 268ന് അവസാനിച്ചു. അർദ്ധ സെഞ്ച്വറികൾ നേടിയ ജോബിൻ ജോബിയുടെയും അമയ് മനോജിൻ്റെയും ഇന്നിങ്സുകളാണ് കേരളത്തിന് ഭേദപ്പെട്ട സ്കോ‍ർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് ആദ്യ ദിവസം കളി നി‍ർത്തുമ്പോൾ ഒരു വിക്കറ്റിന് 71 റൺസെന്ന നിലയിലാണ്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് വേണ്ടി കെ ആർ രോഹിതും ജോബിൻ ജോബിയും ചേർന്നാണ് ഇന്നിങ്സ് തുറന്നത്. എന്നാൽ ഒരു റണ്ണെടുത്ത രോഹിത് തുടക്കത്തിൽ തന്നെ മടങ്ങി. രണ്ടാം വിക്കറ്റിൽ ജോബിൻ ജോബിയും ഹൃഷികേശും ചേർന്ന് 78 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ അടുത്തടുത്ത ഓവറുകളിൽ ഇരുവരും പുറത്തായത് കേരളത്തിന് തിരിച്ചടിയായി. ജോബിൻ ജോബി 62ഉം ഹൃഷികേശ് 26ഉം റൺസെടുത്തു. തുടർന്നെത്തിയ മാനവ് കൃഷ്ണ ഒൻപതും മാധവ് കൃഷ്ണ എട്ടും റൺസെടുത്ത് പുറത്തായി.

Advertising
Advertising

എന്നാൽ അമയ് മനോജും മൊഹമ്മദ് ഇനാനും ചേ‍ർന്നുള്ള കൂട്ടുകെട്ട് 47 റൺസ് കൂട്ടിച്ചേർത്തു. അമയ് 10 ബൗണ്ടറികളടക്കം 57 റൺസ് നേടി. മറുവശത്ത് ഏകദിന ശൈലിയിൽ ബാറ്റ് വീശിയ മൊഹമ്മദ് ഇനാൻ 37 പന്തുകളിൽ അഞ്ച് ഫോറും ഒരു സിക്സുമടക്കം 38 റൺസ് നേടി. വാലറ്റം കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയെങ്കിലും ഒരറ്റത്ത് ഉറച്ച് നിന്ന തോമസ് മാത്യുവിൻ്റെ പ്രകടനമാണ് കേരളത്തിൻ്റെ സ്കോർ 268ൽ എത്തിച്ചത്. തോമസ് മാത്യു 26 റൺസെടുത്തു. ഹൈദരാബാദിന് വേണ്ടി യഷ് വീർ മൂന്നും രാഹുൽ കാർത്തികേയ, ദേവ് മേത്ത, അകുല സായ് ചന്ദ്ര എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് ക്യാപ്റ്റൻ ആരോൺ ജോ‍ർജ് മികച്ച തുടക്കം നല്കി. ആദ്യ ദിവസം കളി നി‍ർത്തുമ്പോൾ ഹൈദരാബാദ് ഒരു വിക്കറ്റ് നഷ്ടത്തിൽ 71 റൺസെന്ന നിലയിലാണ്. മലയാളിയും ഇന്ത്യൻ അണ്ടർ 19 ടീമം​ഗവുംകൂടിയായ ആരോൺ ജോർജ് 35 പന്തുകളിൽ നിന്ന് 42 റൺസുമായി പുറത്താകാതെ നില്ക്കുകയാണ്. 18 റൺസോടെ സിദ്ദാ‍ർത്ഥ് റാവുവാണ് ഒപ്പം ക്രീസിൽ. ഒൻപത് റൺസെടുത്ത മോട്ടി ജശ്വന്താണ് പുറത്തായത്.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News