ഫിഫ ലോകകപ്പ് ഡ്രോ ഡിസംബർ അഞ്ചിന്; ഫൈനലിന് മുമ്പ് സ്​പെയിൻ-അർജന്റീന, ഫ്രാൻസ്-ഇംഗ്ലണ്ട് മത്സരമില്ലെന്നുറപ്പിച്ച് നറുക്കെടുപ്പ്

ടോപ് ഫോർ ഫൈറ്റ് ഒഴിവാക്കിയാണ് നറുക്കെടുപ്പ്

Update: 2025-11-28 12:45 GMT

വാഷിങ്ടൺ: ലോകഫുട്ബാൾ ആരാധകർ കാത്തിരിക്കുന്ന ടീം നറുക്കെടുപ്പിലേക്ക് ഇനി ദിവസങ്ങൾ മാത്രം. ​അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിൽ ആരൊക്കെ, ഏതെല്ലാം ഗ്രൂപ്പിൽ അണിനിരക്കും, മരണഗ്രൂപ്പ് കാത്തിരിക്കുന്നത് ആരെ.. എന്നീ ചോദ്യങ്ങൾക്ക് ഉത്തരം ഡിസംബർ അഞ്ചിന്. ലോകകപ്പ് ആതിഥേയ രാജ്യങ്ങളിലൊന്നായ അമേരിക്കയിലെ വാഷിങ്ടൺ ഡി.സിയിലാണ് 48 ടീമുകളുടെ ആദ്യ വിശ്വമേളയുടെ നറുക്കെടുപ്പ് നടക്കുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടുകൾ പൂർത്തിയാവുകയും, 42 ടീമുകൾ ഇതിനകം യോഗ്യത ഉറപ്പാക്കുകയും ചെയ്തു. ശേഷിക്കുന്ന ആറ് സ്ഥാനങ്ങൾക്കുള്ള ​​േപ്ല ഓഫ് മത്സരങ്ങൾ അടുത്ത വർഷം മാർച്ചിൽ നടക്കാനിരിക്കെയാണ് ഈ മത്സരങ്ങൾ കൂടി ഉൾപ്പെടുത്തി ഡിസംബർ അഞ്ചിന് നറുക്കെടുപ്പ് നടക്കുന്നത്.

Advertising
Advertising

റാങ്കിങ്ങിൽ മുൻനിരയിലുള്ള നാല് ടീമുകളായ സ്​പെയിൻ, അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവർ സെമി വരെ പരസ്പരം ഏറ്റുമുട്ടുന്നത് ഒഴിവാക്കിയാണ് ഫിഫ സീഡും ഫിക്സ്ചറും തയ്യാറാക്കിയത്. ലോകറാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ സ്​പെയിനും രണ്ടാം സ്ഥാനക്കാരായ അർജന്റീനയും തമ്മിൽ ഫൈനലിന് മുമ്പ് മുഖാമുഖമെത്തില്ല. മൂന്നാം സ്ഥാനക്കാരായ ഫ്രാൻസും-നാലാം സ്ഥാനക്കാരായ ഇംഗ്ലണ്ടും തമ്മിലും ഫൈനലിന് മുമ്പൊരു പോരാട്ടവുമുണ്ടാവില്ല. ലോകഫുട്ബാളിലെ മുൻനിരക്കാർ നേരത്തെ പരസ്പരം മത്സരിച്ച് വിശ്വമേളയുടെ നിറംകെടുത്തുന്നത് ഒഴിവാക്കാനാണ് ഫിഫയുടെ ശ്രദ്ധേയ ഇടപെടൽ. ഗ്രൂപ്പ് റൗണ്ടിനു ശേഷം രണ്ട് ഭാഗങ്ങളായാവും നോക്കൗട്ട്, പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനൽ, സെമി വരെ മത്സരങ്ങൾ നടക്കുന്നത്. മുൻനിര ടീമുകൾ ഗ്രൂപ്പിലെ മത്സരത്തിനു ശേഷം രണ്ടുവഴിക്കാവും മുന്നോട്ട് കുതിക്കുന്നത് എന്നതിനാൽ ഫൈനലിന് മുമ്പ് ഒരു ഏറ്റുമുട്ടൽ ഒഴിവാകും.

ആതിഥേയരായ അമേരിക്ക, കാനഡ, മെക്സികോ ടീമുകൾക്ക് പിന്നിലായി, സ്​പെയിൻ മുതൽ ജർമനി വരെ ഒമ്പത് ടീമുകൾ ​പോട്ട് വണ്ണിൽ ഇടം പിടിക്കും. പ്രാഥമിക റൗണ്ടിൽ പോട്ട് ഒന്നിലെ ടീമുകൾ പരസ്പരം മത്സരിക്കുന്ന സാഹചര്യവുമുണ്ടാവില്ല. ഇതുപ്രകാരം അർജന്റീന, സ്പെയിൻ, ഫ്രാൻസ്, ബ്രസീൽ, പോർചുഗൽ, നെതർലനഡ്സ്, ബെൽജിയം, ജർമനി ടീമുകൾക്ക് ഗ്രൂപ്പ് റൗണ്ടിൽ പരസ്പരം ഏറ്റുമുട്ടേണ്ടി വരില്ലെന്നുറപ്പ്.

48 ടീമുകൾ മാറ്റുരക്കുന്ന ​ടൂർണമെന്റിൽ 12 ഗ്രൂപ്പുകളിലായാണ് ആദ്യ ഘട്ട മത്സരങ്ങൾ പുരോഗമിക്കുന്നത്. ഗ്രൂപ്പിൽ നിന്നുള്ള മികച്ച രണ്ട് ടീമുകളും, മൂന്നാം സ്ഥാനക്കാരിലെ മികച്ച എട്ടുപേരും 32 ടീമുകൾ കളിക്കുന്ന നോക്കൗട്ടിൽ ഇടം നേടും. ലോകകപ്പിലേക്ക് ശേഷിക്കുന്ന ആറ് സ്ഥാനങ്ങൾക്കായി 18 ടീമുകളാണ് മാർച്ചിൽ നടക്കുന്ന ​േപ്ല ഓഫിൽ മത്സരിക്കുന്നത്. നാലു തവണ ലോകജേതാക്കളായ ഇറ്റലിയും ​േപ്ല ഓഫിൽ കളിക്കും. ഇവരെയെല്ലാം നാലാം പോട്ടിലാണ് നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയത്. ഇറ്റലി യോഗ്യത നേടിയാൽ, ലോകറാങ്കിങ്ങിലെ 12ാം സ്ഥാനക്കാർ പോട്ട് ഒന്നിലുള്ള മുൻനിരക്കാരുമായി ഗ്രൂപ്പ് മത്സരത്തിന് വഴിയൊരുങ്ങും.

Tags:    

Writer - ശിവാനി. ആർ

contributor

Editor - ശിവാനി. ആർ

contributor

By - Sports Desk

contributor

Similar News