​ശുഭാന്ത്യം ജയന്റ്സ്; ​ഗുജറാത്ത് പ്ലേ ഓഫിൽ

ശുഭ്മാൻ ​ഗില്ലിന്റെ മാത്രം ബാറ്റിങ് കരുത്തിൽ ​ഗുജറാത്ത് ഉയർത്തിയ 188 റൺസെന്ന ലക്ഷ്യം പിന്തുടർന്നെത്തിയ സൺ റൈസേഴ്സ് 34 റൺസകലെ വീണു.

Update: 2023-05-15 18:42 GMT
Advertising

അഹമ്മദാബാദ്: ബൗളിങ്ങിലൂടെ നൽകിയ അടിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകിയപ്പോൾ ഹൈദരാബാദിനെതിരെ ജയത്തോടെ ​ഗുജറാത്ത് പ്ലേ ഓഫിൽ. ഈ സീസണിൽ ആദ്യം പ്ലേ ഓഫിൽ കടക്കുന്ന ടീമെന്ന ഖ്യാതിയും ഇതോടെ ​ഗുജറാത്തിന് സ്വന്തം. ശുഭ്മാൻ ​ഗില്ലിന്റെ മാത്രം ബാറ്റിങ് കരുത്തിൽ ​ഗുജറാത്ത് ഉയർത്തിയ 188 റൺസെന്ന ലക്ഷ്യം പിന്തുടർന്നെത്തിയ സൺ റൈസേഴ്സ് 34 റൺസകലെ വീണു.

ഹെയ്ന്റിച്ച് ക്ലാസെനും ഭുവനേശ്വർ കുമാറും മാത്രം തിളങ്ങിയ രണ്ടാം ഇന്നിങ്‌സിൽ ഹൈദരാബാദ് നിരയെ തുടക്കം തന്നെ വിറപ്പിച്ചായിരുന്നു ഗുജറാത്തിന്റെ ബൗളിങ്. ആദ്യ ഓവറിൽ തന്നെ ഒന്നാം വിക്കറ്റെടുത്ത് ഷോക്ക് നൽകുകയും പിന്നീടത് ആവർത്തിക്കുകയും ചെയ്ത ഷമിയുടെയും മോഹിത് ശർമയുടേയും ബൗളിങ്ങാണ് ഹൈദരാബാദിന്റെ നട്ടെല്ലൊടിച്ചത്. 44 പന്തിൽ 64 റൺസെടുത്ത ക്ലാസെന്റെയും 26 പന്തിൽ 27 റൺസ് പിറന്ന ഭുവനേശ്വർ കുമാറിന്റേയും ബാറ്റിങ് കൊണ്ടുമാത്രം ടീമിനെ വിജയതീരത്തെത്തിക്കാനായില്ല.

ഒമ്പത് പന്തിൽ 18 റൺസെടുത്ത മായങ്ക് മാർക്കണ്ടെയും 10 പന്തിൽ 10 റൺസെടുത്ത ക്യാപ്റ്റൻ ഐഡൻ മാർക്രമും മാത്രമാണ് സൺറൈസേഴ്‌സ് നിരയിൽ രണ്ടക്കം തികച്ച മറ്റുള്ളവർ. മറ്റ് ബാറ്റർമാരെല്ലാം ശോകമായപ്പോൾ വിജയം ഹൈദരാബാദിന് അന്യമായി. നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ് ഹൈദരാബാദിനെടുക്കാനായത്. മുഹമ്മദ് ഷമിയും മോഹിത് ശർമയും നാല് വിക്കറ്റ് വീതമെടുത്താണ് ഹൈദരാബാദിനെ തകർത്തത്. യാഷ് ദയാൽ ഒരു വിക്കറ്റുമെടുത്തു.

നേരത്തെ, ശുഭ്മൻ ഗില്ലിന്റെ ഒറ്റയാൻ പോരാട്ടത്തിലാണ് ഹൈദരാബാദിനെതിരെ ​ഗുജറാത്ത് 188 റൺസെടുത്തത്. സെഞ്ച്വറിയുമായാണ് ഗിൽ ഗുജറാത്ത് ഇന്നിങ്‌സ് ഒറ്റയ്ക്ക് നയിച്ചത്. 47 റൺസുമായി നിറഞ്ഞുകളിച്ച സായ് സുദർശൻ‍ മാത്രമാണ് ​ഗുജറാത്ത് നിരയിൽ രണ്ടക്കം തികച്ച മറ്റൊരാൾ.

58 പന്തിൽ 101 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്. അവസാന ഓവറിലെ മാരക ബൗളിങ് പ്രകടനം ഉൾപ്പെടെ അഞ്ചു വിക്കറ്റുമായി സീനിയർ താരം ഭുവനേശ്വർ കുമാർ ആണ് കൂറ്റൻ സ്‌കോറിൽ നിന്ന് ഗുജറാത്തിനെ തടഞ്ഞുനിർത്തിയത്. രണ്ടാം വിക്കറ്റിലെ 147 റൺസ് കൂട്ടുകെട്ട് ഇല്ലായിരുന്നെങ്കിൽ മറ്റൊരു ദുരന്തം ആവുമായിരുന്നു ​ഗുജറാത്ത് നിര. നാല് ഗോൾഡൻ ഡക്ക് ഉൾപ്പെടെ അഞ്ചു പേരാണ് ​ഗുജറാത്ത് നിരയിൽ ഇന്ന് പൂജ്യത്തിന് പുറത്തായത്.


 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News