തലമുറകൾ ഓർക്കും, പന്തിന്റെ ഈ പോരാട്ടം വീര്യം
സ്പെഷ്യലിസ്റ്റ് ബാറ്ററല്ലാത്ത ശർദുൽ ഠാക്കൂറും മടങ്ങുമ്പോൾ ഇന്ത്യൻ വാലറ്റത്തിന്റെ തുടക്കം പ്രതീക്ഷിച്ചവർക്ക് മുന്നിൽ ഒരു മുഖം പ്രത്യക്ഷപ്പെട്ടു. ഓൾഡ് ട്രോഫോഡിന്റെ കോണിപ്പടിയുടെ കൈവരികളിൽ കൈവെച്ച് മുടന്തി മുടന്തി ഒരാൾ മൈതാനക്കിറങ്ങുന്നു. അയാളുടെ മുഖം കണ്ടതും ഓൾഡ് ട്രാഫോഡിന്റെ ഗ്യാലറി എണീറ്റ് നിന്ന് കൈയ്യടിച്ചു. ഇന്ത്യക്കാരന്റെ ആ പോരാട്ടവീര്യത്തെ ഇംഗ്ലീഷുകാരൻ പോലും ആദരിച്ചു. കൈയ്യടികൾക്കിടയിലൂടെ വേച്ചുവേച്ച് അയാൾ ഓൾഡ് ട്രാഫോഡിന്റെ മധ്യത്തിലേക്ക് നടന്നടുത്തു. ഇഞ്ച്വറി അപ്ഡേറ്റും മെഡിക്കൽ റിപ്പോർട്ടും കാത്തിരുന്നവർക്ക് മുന്നിൽ ഒറ്റക്കാലിൽ ഒറ്റയാനെപ്പോലെ ഒരാൾ വന്നുനിൽക്കുന്നു. ഇംഗ്ലീഷ് ബൗളർമാരോട് അവസാന നിമിഷം വരെ പോരാടാൻ ഞങ്ങളുണ്ടാകുമെന്ന സ്റ്റേറ്റ്മെന്റ് കൂടിയായിരുന്നു പന്ത് നടത്തിയത്.
പന്തിനോട് ഇംഗ്ലീഷ് ബൗളർമാർ ദയയൊന്നും കാണിച്ചില്ല. അവർക്കതിന്റെ കാര്യവുമില്ല. സ്റ്റോക്സും കൂട്ടരും ചൂടോടെത്തന്നെയാണ് പന്തെറിഞ്ഞത്. പക്ഷേ നിർഭയം നേരിടാൻ തന്നെയായിരുന്നു പന്തിന്റെ പ്ലാൻ. അതിനിടയിൽ ജോഫ്ര ആർച്ചർക്ക് നേരെ അയാൾ ഒരു സിക്സറും പറത്തി. സ്ളോവർ ബോളെന്ന ആർച്ചറുടെ തന്ത്രത്തെ മിഡ് വിക്കറ്റിലേക്ക് പറത്തിവിട്ടു. ജോഫ്ര ആർച്ചറെന്ന ഇംഗ്ലണ്ടിന്റെ പ്രീമിയം പേസറെ പറത്താൻ തനിക്ക് ഒറ്റക്കാലും ഒറ്റക്കൈയും ധാരാളമെന്ന് തെളിയിച്ച ഒരു ഷോട്ട്. ഈ സിക്സറോടെ ഇന്ത്യയുടെ വെള്ളക്കുപ്പായത്തിൽ ഏറ്റവുമധികം സിക്സറെന്ന വീരേന്ദർ സെവാഗിന്റെ റെക്കോർഡിനൊപ്പവും അയാൾ തന്റെ പേര് കുറിച്ചുവെച്ചു. പിന്നാലെ സ്റ്റോക്സിന്റെ പന്തിന് ഇലക്ട്രിക് വേഗതയിൽ ബാറ്റുവെച്ച് അർധ ശതകവും പൂർത്തിയാക്കി. പക്ഷേ ആ ധീരതക്ക് അധിക നേരത്തെ ആയുസ്സില്ലായിരുന്നു സ്കോർ 54ൽ നിൽക്കേ ആർച്ചറിന്റെ പന്തിൽ സ്റ്റംപ് തെറിച്ച് പുറത്ത്. പക്ഷേ നിറഞ്ഞ കൈയ്യടികളോടെയാണ് ഗ്യാലറി അയാളെ വരവറ്റേത്. അൽപ്പനേരത്തെ ആയുസ്സേ ഉണ്ടായിരുന്നുവെങ്കിലും വേദന കടിച്ചമർത്തി അയാൾ നേടിയ ഓരോ റൺസും ചരിത്രമായി നിലനിൽക്കും.
ഇന്നലെ 37 റൺസെടുത്ത് താളത്തിൽ നിൽക്കവേയാണ് റിവേഴ്സ് സ്വീപ്പിനിടെ വോക്സിന്റെ ബോൾ പന്തിന്റെ കാലിലടിക്കുന്നത്. ഇംഗ്ലണ്ട് വിക്കറ്റിനായി അപ്പീൽ ചെയ്യുമ്പോൾ വേദനയെക്കുറിച്ചായിരുന്നു പന്തിന്റെ ചിന്ത. വൈകാതെ പന്തിന്റെ കാലിലേക്ക് ടിവി ക്യാമറകൾ സൂം ചെയ്തു. നീരുവീണ കാലിൽ നിന്നും ചോരയും പൊടിഞ്ഞിരുന്നു. അതോടെ ബാറ്റിങ് അവസാനിപ്പിച്ച് മെഡിക്കൽ ടീമിനൊപ്പം ഗ്രൗണ്ടിൽ നിന്നും മടങ്ങി. തുടർന്ന് സ്കാനിങ്ങിനും പരിശോധനകൾക്കും വിധേയമായി. പരമ്പരയിൽ ഇനി പന്തിനെ കാണില്ലെന്ന് തന്നെ എല്ലാവരും ഉറപ്പിച്ചു. എന്നാൽ അതിനെയെല്ലാം മറികടന്ന് അയാൾ മൈതാനത്തെത്തി. ഈ പരിക്കും വെച്ച് ഇത്തരമൊരു സാഹത്തിന് മുതിരുന്നത് റിസ്കല്ലേ എന്ന ചോദ്യം ബാക്കിയുണ്ട്. എന്നാൽ കളി നിയമപ്രകാരം പകരക്കാരനെ കൊണ്ടുവന്നാലും അയാൾക്ക് ബാറ്റ് ചെയ്യാൻ സാധിക്കില്ലായിരുന്നു. ഇതോടെയാണ് ഈ സാഹസത്തിന് പന്ത് മുതിർന്നത്.
ഐപിഎല്ലിലും കുട്ടിക്രിക്കറ്റിലും പന്ത് അനർഹമായി നേടുന്നു എന്ന് വിമർശിക്കുന്നവർക്ക് ചുവന്നപന്തിൽ പന്ത് ആവോളം മറുപടി നൽകുന്നുണ്ട്. ഓൾഡ് ട്രാഫോഡിലെ വീരോചിത ഇന്നിങ്സിനിടയിൽ 2717 റൺസോടെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി ഏറ്റവുമധികം റൺസ് നേടിയ താരമെന്ന റെക്കോർഡും അയാൾ നേടി. രണ്ട് വർഷങ്ങൾക്കുമുമ്പുള്ള കാറപകടം അയാളുടെ കളി ജീവിതം എന്നെന്നേക്കുമായി അവസാനിപ്പിക്കും എന്ന് കരുതപ്പെട്ടതാണ്. എന്നാൽ മാസങ്ങളുടെ ഇടവേളക്ക് ശേഷം മൈതാനത്തേക്ക് അയാൾ തിരിച്ചെത്തി.
2002ൽ തലയിൽ ബാൻഡേജിട്ട് വിൻഡീസിനെതിരെ പന്തറിഞ്ഞ അനിൽ കുംബ്ലയുടെ ചിത്രം ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ മായാതെയുണ്ട്. മുടന്തലുമായി ബാറ്റേന്താൻ വരുന്ന പന്തിന്റെ ഈ ചിത്രം ഇന്ത്യൻ ക്രിക്കറ്റിലെ ഐക്കോണിക് മൊമന്റുകളിലൊന്നായി കാലങ്ങളോളം നിലനിൽക്കും. ഒറ്റക്കാലിലുള്ള ഋഷഭ് രാജേന്ദ്ര പന്തിന്റെ ഈ നിൽപ്പ് തലമുറകളോളം ഓർക്കും.