ഇന്ത്യ -വെസ്റ്റിന്‍ഡീസ് രണ്ടാം ഏകദിനം കാണാന്‍ അണ്ടര്‍ -19 ലോക ചാമ്പ്യന്മാരെത്തി

നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ബി.സി.സി.ഐ സെക്രട്ടറി ജയ്ഷാക്കും വി.വി.എസ് ലക്ഷ്മണിനുമൊപ്പമാണ് താരങ്ങൾ കളികാണാനെത്തിയത്.

Update: 2022-02-09 13:55 GMT

അഹ്മാദാബാദില്‍ വച്ച് നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് രണ്ടാം ഏകദിന മത്സരം കാണാൻ അണ്ടർ 19 ലോക കിരീടം നേടിയ ഇന്ത്യൻ  ടീമംഗങ്ങളെത്തി. അഹ്‌മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ബി.സി.സി.ഐ സെക്രട്ടറി ജയ്ഷാക്കും വി.വി.എസ് ലക്ഷ്മണിനുമൊപ്പമാണ് താരങ്ങൾ കളികാണാനെത്തിയത്. ശനിയാഴ്ച്ച നടന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിനാണ് ഇന്ത്യൻ കൗമാരം കീഴടക്കിയത്. ഇത് അഞ്ചാം തവണയാണ് ഇന്ത്യ അണ്ടർ 19 ലോകകപ്പ് കിരീടം ചൂടുന്നത്.

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ  നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു. ഒരു ഘട്ടത്തിൽ 43 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ അർധസെഞ്ച്വറി നേടിയ സൂര്യകുമാർ യാദവും 49 റൺസെടുത്ത കെ.എൽ രാഹുലും ചേർന്നാണ് കരകയറ്റിയത്. 83 പന്തിൽ നിന്ന് സൂര്യകുമാർ യാദവ് 64 റൺസെടുത്തു.

അർധസെഞ്ച്വറിക്ക് ഒരു റൺസ് അകലെ കെ.എൽ രാഹുൽ റണ്ണൗട്ടാവുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ അർധസെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമക്ക് ഇന്ന് തിളങ്ങാനായില്ല. അഞ്ച് റൺസ് എടുത്ത രോഹിത് ശര്‍മയെ കെമര്‍ റോഷാണ് പുറത്താക്കിയത്. ഏകദിനത്തിൽ ആദ്യമായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത റിഷഭ് പന്തിനും പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. പന്തും കോഹ്ലിയും 18 റൺസ് വീതമെടുത്ത് പുറത്തായി. വെസ്റ്റിന്‍ഡീസിനായി അല്‍സാരി ജോസഫും ഒഡെയാന്‍ സ്മിത്തും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News