ആദ്യം രോഹിത്-കോഹ്‌ലി, ഇപ്പോൾ ഗിൽ; പ്ലാനുകൾ പാളുന്ന ബിസിസിഐ
'പ്രിൻസ്' എന്ന വിശേഷണം നൽകി ഗില്ലിനെ ക്രിക്കറ്റ് ലോകം ആഘോഷിക്കുന്നതിനിടെയാണ് ബിസിസിഐക്ക് കടുത്ത തീരുമാനമെടുക്കേണ്ടിവന്നത്.
നടപ്പുരീതികളെ പൊളിച്ചുമാറ്റിയുള്ള ടീം പ്രഖ്യാപനം... കഴിഞ്ഞ ദിവസം ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ ലോകകപ്പ് സ്‌ക്വാഡ് അനൗൺസ് ചെയ്യുമ്പോൾ തൊട്ടടുത്തായി സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറുണ്ടായിരുന്നു. അടുത്തകാലത്തായി ടീം സെലക്ഷന് പിന്നാലെ നടത്തിയ അഗാർക്കറിന്റെ പ്രതികരണങ്ങളെല്ലാം വിവാദങ്ങളെ വിളിച്ചുവരുത്തിയിരുന്നു. രോഹിത് ശർമയുടേയും വിരാട് കോഹ്‌ലിയുടേയും ഭാവി മുൻനിർത്തിയുള്ള അഭിപ്രായപ്രകടനം മുതൽ, ഓപ്പണിങ് റോളിൽ നിന്ന് സഞ്ജുവിനെ മാറ്റിയത് വരെയായി നിരവധി കമന്റുകൾ. എന്നാൽ ശനിയാഴ്ചയിലെ ആ വലിയ പ്രഖ്യാപനം തെറ്റുകളെല്ലാം തിരുത്തുന്നതായിരുന്നു. വിമർശനങ്ങൾ ഉൾകൊള്ളുന്നതായിരുന്നു. ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം വരാനിരിക്കുന്ന സുപ്രധാന മാറ്റങ്ങളുടെ സൂചനകൾ കൂടിയാണ് നൽകിയത്.
ടീമിലുണ്ടാകുമെന്ന് ഗിൽ ഏറെക്കുറെ ഉറപ്പിച്ചിരുന്നതായാണ് ഇന്നലെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ലോകകപ്പ് കളിക്കാൻ മാനസികമായി ഒരുങ്ങുകയും ചെയ്തിരുന്നു. എന്നാൽ സെലക്ഷൻ കമ്മിറ്റി പ്രസ്മീറ്റ് നടത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മാത്രമാണ് ടീമിലില്ലെന്ന അറിയിപ്പ് ഇന്ത്യൻ ഏകദിന-ടെസ്റ്റ് നായകന് ലഭിച്ചത്. ടീം സെലക്ഷനിലെ ഏകപക്ഷീയ തീരുമാനങ്ങൾക്കുള്ള അടിയായി പോലും ക്രിക്കറ്റ് വിദഗ്ധർ ഈ നീക്കത്തെ കാണുന്നു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇംപാക്ടുണ്ടാക്കിയില്ലെങ്കിലും ഉപനായകൻ എന്ന ലേബലിൽ ഗിൽ സ്‌ക്വാഡിൽ ഇടംപിടിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ കിട്ടിയ അവസരത്തിൽ സഞ്ജു തിളങ്ങുകയും കൂടി ചെയ്തതോടെ അവർക്ക് നിവൃത്തികളില്ലാതെയായി. ഗില്ലെനെ വീണ്ടും ഓപ്പണിങ് റോളിൽ കളിപ്പിക്കാനുള്ള കടുത്തതീരുമാനമെടുത്ത് വീണ്ടും പാളിയാൽ അത് തങ്ങളുടെ സ്ഥാനത്തിന് പോലും ഭീഷണിയാകുമെന്ന തിരിച്ചറിവും ഇരുവരേയും മാറിചിന്തിപ്പിക്കുകയായിരുന്നു. മൂന്ന് ഫോർമാറ്റിലേക്കും ഗില്ലിനെ അവരോധിക്കാനുള്ള ബിസിസിഐയുടെ പ്ലാനിന് കൂടിയാണ് താൽകാലികമായെങ്കിലും ഈ ടീം സെലക്ഷൻ വിരാമമിട്ടത്. ഗില്ലിനെ ചുറ്റിപ്പറ്റിയുണ്ടാക്കിയ ബ്രാൻഡിങ്ങും മാർക്കറ്റിങ്ങുമെല്ലാം ചോദ്യചിഹ്ന്മായി നിൽക്കുന്നു.
2023ൽ അജിത് അഗാർക്കർ ചീഫ് സെലക്ടർ എന്ന ദൗത്യം ഏറ്റെടുക്കുമ്പോൾ മാധ്യമങ്ങൾക്ക് അതൊരു വലിയ വാർത്ത പോലുമായിരുന്നില്ല. കളിക്കളത്തിൽ പൊതുവേ ശാന്തനായി കാണപ്പെട്ട മുൻ ഇന്ത്യൻ താരം അഡ്മിനിട്രേറ്റീവ് രംഗത്തും അങ്ങനെയാകുമെന്ന മുൻവിധിയായിരുന്നു എല്ലാവർക്കും. എന്നാൽ ചുമതലയേറ്റെടുത്ത ശേഷമുള്ള ടീം സെലക്ഷനിലെ കടുത്തതീരുമാനങ്ങൾ അഗാർക്കറിനെ വിവാദ നായകനാക്കി. ഈ വർഷം മാത്രം അഗാർക്കറും ബിസിസിഐയും നിരവധി കളിക്കാരെ ശക്തമായി പിന്തുണച്ചെങ്കിലും പിന്നീട് ആ പിന്തുണ പിൻവലിക്കുന്ന സംഭവങ്ങളുമുണ്ടായി. ഗില്ലിനെ നിരന്തരം പിന്തുണക്കുമ്പോൾ പരിക്ക് മാറിയെത്തിയ മുഹമ്മദ് ഷമി ഉൾപ്പെടെയുള്ള താരങ്ങൾക്ക് മുന്നിൽ പലപ്പോഴും വാതിൽതുറന്നിരുന്നില്ല.സായ് സുദർശന് ടെസ്റ്റിൽ അവസരം നൽകുമ്പോൾ ആഭ്യന്തര ക്രിക്കറ്റിലെ മിന്നും ഫോമിലുള്ള സർഫറാസ് ഖാനെ നിരന്തരം മാറ്റിനിർത്തി. മുഹമ്മദ് സിറാജിനെ ഒരുഫോർമാറ്റിൽ മാത്രം നിലനിർത്തുമ്പോൾ ഹർഷിത് റാണ മൂന്ന് ഫോർമാറ്റിലേക്കും പരിഗണിക്കുന്ന താരമായി. ശ്രേയസ് അയ്യർ ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തിന് ശേഷവും പരിഗണനക്ക് പോലും വന്നില്ല എന്നിങ്ങനെ നിരവധ ഉദാഹരണങ്ങൾ.
ടി20 ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ രോഹിത് സ്ഥാനമൊഴിഞ്ഞപ്പോൾ ഹർദിക് പാണ്ഡ്യ ക്യാപ്റ്റനായെത്തുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. ലോകകപ്പിലെ ഉപനായകനെന്നതും നിരവധി ടി20 പരമ്പരയിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതുമെല്ലാം പാണ്ഡ്യയിലേക്കുള്ള മാറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടു. എന്നാൽ അപ്രതീക്ഷിതമായി സൂര്യകുമാർ യാദവിനെയാണ് തീരുമാനിച്ചത്. തുടരെയുണ്ടാകുന്ന പരിക്കാണ് അന്ന് ഹർദികിനെക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിനിർത്തുന്നതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇതൊരു യഥാർത്ഥകാരണമല്ലെന്ന് പലരും ചൂണ്ടിക്കാട്ടി. ടി20 ലോകകപ്പിന് പിന്നാലെ ഒരു ബൈലാക്ടറൽ പരമ്പര പോലും തോൽക്കാതെ സൂര്യക്ക് കീഴിൽ ഇന്ത്യ ആധിപത്യം പുലർത്തിയെങ്കിലും ക്യാപ്റ്റൻസി പ്രഷർ താരത്തിന്റെ ബാറ്റിങിനെ ബാധിക്കുന്നതാണ് കണ്ടത്.
ചാമ്പ്യൻസ് ട്രോഫി കിരീടനേട്ടത്തിന് പിന്നാലെ ഏകദിന ക്യാപ്റ്റൻസിയിൽ നിന്ന് രോഹിത് ശർമയെ മാറ്റിയതാണ് മറ്റൊരു സുപ്രധാന തീരുമാനമായത്. 2027 ലോകകപ്പ് മുനിർത്തി ശുഭ്മാൻ ഗില്ലിനെ അവരോധിക്കാനായിരുന്നു അഗാർക്കർ ഉൾപ്പെട്ട സെലക്ഷൻ കമ്മിറ്റിയുടേയും ഗംഭീറിന്റേയും തീരുമാനം. രോഹിതും കോഹ്ലിയും ഏകദിന ലോകകപ്പ് ടീമിലുണ്ടാകുമോയെന്ന കാര്യത്തിൽ ഉറപ്പ് നൽകാതെ ഇതുവരുടേയും ഭാവി ചോദ്യചിഹ്നമാക്കുന്നതരത്തിലായിരുന്നു ഗംഭീറിന്റെ പ്രതികരണങ്ങൾ. എന്നാൽ ഓസീസ്,ദക്ഷിണാഫ്രിക്ക പരമ്പരയിൽ രോഹിതും കോഹ്ലിയുടേയും മാസ്റ്റർ ക്ലാസ് ഇന്നിങ്‌സുകളാണ് ആരാധകർ കണ്ടത്. പ്രൈം ഫോമിലേക്ക് വിരാട് മടങ്ങിയെത്തിയപ്പോൾ വിന്റേജ് രോഹിത് ഹിറ്റുകൾ കൃത്യമായ മറുപടിയായിരുന്നു. ഇരുവരെയും മാറ്റിനിർത്തി ലോകകപ്പിന് പോകാമെന്ന പ്ലാൻ കൂടിയാണ് ഈ രണ്ട് പരമ്പരകൾ തകർത്തുകളഞ്ഞത്
ഗംഭീർ പരിശീലക ചുമതലയേറ്റെടുത്ത ശേഷം ടി20യിൽ ഇന്ത്യക്ക് കൃത്യമായൊരു പ്ലാനുണ്ടായിരുന്നു. അഭിഷേക് ശർമ-സഞ്ജു സാംസൺ ഓപ്പണിങ് കൂട്ടുകെട്ടിലൂടെ പവർപ്ലെയിൽ മാക്‌സിമം സ്‌കോർ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. വിക്കറ്റ് പോയാലും പ്രശ്‌നമില്ലെന്ന സൂചനയും ഇരുവർക്കും ഗംഭീർ നൽകിയിരുന്നു. അഭിഷേക്-സഞ്ജു ഫിയർലെസ് ബാറ്റിങ് അപ്രോച്ച് ഇന്ത്യൻ സ്‌കോർ പലപ്പോഴും 200 പ്ലസ് സ്‌കോറിലേക്കെത്തിക്കുകയും ചെയ്തു. എന്നാൽ വൈസ് ക്യാപ്റ്റൻ റോളിൽ ഗിൽ ഓപ്പണിങ് റോളിലേക്കെത്തിയതോടെ ഇന്ത്യയുടെ ബാറ്റിങ് ബ്ലൂപ്രിന്റ് മാറി. പവർപ്ലെയിൽ പലപ്പോഴും വലിയ സ്‌കോർ ചേർക്കാനായില്ല. ഗില്ലിന്റെ അപ്രോച്ച് പലപ്പോഴും ഗംഭീർ ശൈലിക്ക് യോചിച്ചതായില്ല. അഭിഷേക് പതിവ് ഫോം തുടരുമ്പോഴും ഗില്ലിൽ നിന്ന് വലിയ ഇന്നിങ്‌സുകൾ വന്നില്ല. എന്നാൽ ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി20യിൽ ഓപ്പണിങിൽ ഇന്ത്യ കത്തിക്കയറുന്നതാണ് കണ്ടത്. അഭിഷേക്-സഞ്ജു സഖ്യം ഫുൾഫ്‌ളോയിൽ കളിച്ചതോടെ പവർപ്ലെയിൽ 63 റൺസ്. ടൂർണമെന്റിൽ ആദ്യമായി 200 കടന്ന് ഇന്ത്യൻ സ്‌കോർ. ലോകകപ്പ് ടീമിൽ വീണ്ടും സഞ്ജു-അഭിഷക് സഖ്യം വരുമ്പോൾ ബിസിസിഐക്കും സെലക്ഷൻ കമ്മിറ്റിക്കും അതൊരു കോഴ്‌സ് കറക്ടഷൻ കൂടിയാണ്. രവിശാസ്ത്രി മുതൽ സുനിൽ ഗവാസ്‌കർ വരെ മുൻ ഇന്ത്യൻ താരങ്ങളെല്ലാം ആദ്യ പന്തുമുതൽ സിക്‌സറടിച്ച് തുടങ്ങുന്ന ഈ അപ്രോച്ചിന് കൈയ്യടിച്ചു.
വിമർശനങ്ങൾ കാര്യമാക്കാതെ എടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കുക എന്നതായിരുന്നു അഗാർക്കർ ഇതുവരെ ചെയ്തത്. കോഹ്‌ലിയും രോഹിതും അടക്കമുള്ള താരങ്ങളിലെല്ലിങ്കിൽ കോച്ചെന്ന നിലയിൽ തന്നെയും ചോദ്യം ചെയ്യാൻ ആരുമുണ്ടാകില്ല എന്ന വിചാരവും ഗംഭീറിനുണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിത തോൽവികളും തങ്ങൾ പിന്തുണച്ച താരങ്ങളുടെ ഫോമില്ലായ്മകളും തങ്ങളുടെ എതിർപക്ഷത്ത് നിർത്തിയ താരങ്ങളുടെ തകർപ്പൻ പെർഫോമൻസും കാര്യങ്ങളെല്ലാം മാറ്റിമറിച്ചു. ഇനി കടുത്ത തീരുമാനങ്ങൾ എടുക്കുമ്പോൾ രണ്ടാമതൊന്ന് ആലോചിക്കും എന്നുറപ്പ്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര അടിയറവ് വെച്ചതിന് പിന്നാലെ ഗംഭീറിന്റെ പരിശീലക കസേരക്ക് ഇളക്കംതട്ടിതുടങ്ങിയിരുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പ് ഗംഭീറിന് മുന്നിലെ വലിയൊരു കടമ്പയാണ്. അജിത് അഗാർക്കറിനും ഇത് നിർണായക ടൂർണമെന്റാകുമെന്ന കാര്യമുറപ്പാണ്. ഇപ്പോൾതന്നെ പ്രഗ്യാൻ ഓജയും ആർപി സിങും അടക്കമുള്ള സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ പല ചോദ്യങ്ങളും ഉയർത്തിയിട്ടുണ്ട്. വരുംനാളുകൾ ഇന്ത്യൻ ക്രിക്കറ്റിന് നിർണായകമാകും