തീകാറ്റായി സിറാജും പ്രസിദ്ധും; ഓവലിലെ ത്രില്ലർ പോരിൽ ഇംഗ്ലണ്ടിനെ ആറു റൺസിന് വീഴ്ത്തി ഇന്ത്യ

ജയത്തോടെ ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ പരമ്പര 2-2 സമനിലയിലാക്കാനും ഗില്ലിനും സംഘത്തിനുമായി

Update: 2025-08-04 13:20 GMT
Editor : Sharafudheen TK | By : Sports Desk

ഓവൽ: അത്യന്തം ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെ ആറു റൺസിന് തോൽപിച്ച് ഇന്ത്യ. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി 2-2 സമനിലയിൽ എത്തിക്കാനും സന്ദർശകർക്കായി. കെന്നിങ്ടൺ ഓവലിൽ അവസാന ദിനമായ ഇന്ന് ഇന്ത്യക്ക് വിജയത്തിന് നാലുവിക്കറ്റും ഇംഗ്ലണ്ടിന് ജയിക്കാൻ 35 റൺസുമായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ നാലാംദിനത്തിലെ മികച്ച ഫോം ഇന്നും തുടർന്ന പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും ഇന്ത്യൻ വിജയത്തിന് ചുക്കാൻപിടിച്ചു. ആറു റൺസകലെ ഗസ് അറ്റ്കിൻസനെ ക്ലീൻബൗൾഡാക്കി മത്സരത്തിൽ മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റ് സ്വന്തമാക്കി. സ്‌കോർ ഇന്ത്യ 224, 396, ഇംഗ്ലണ്ട് 247, 367.

Advertising
Advertising

കൗണ്ടർഅറ്റാക്കിലൂടെ ഇന്ത്യയെ കീഴടക്കുകയെന്ന ലക്ഷ്യവുമായാണ് ഇംഗ്ലണ്ട് ഫൈനൽ ഡേ കളത്തിലിറങ്ങിയത്. ആദ്യ പന്തിൽ തന്നെ പ്രസിദ്ധ് കൃഷ്ണയെ ബൗണ്ടറി കടത്തി ജാമി ഓവർടൺ ശുഭ്മാൻ ഗില്ലിനേയും സംഘത്തേയും ഞെട്ടിച്ചു. രണ്ടാം പന്തിൽ വീണ്ടും ബൗണ്ടറി കടന്നതോടെ ഇംഗ്ലണ്ട് ലക്ഷ്യം 27 റൺസായി ചുരുങ്ങി. എന്നാൽ രണ്ടാം ഓവറിലെ മൂന്നാം പന്തിൽ സ്മിത്തിനെ വിക്കറ്റ് കീപ്പർ ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ച് ഇന്ത്യക്ക് പ്രതീക്ഷ നൽകി. അടുത്ത ഓവറിൽ പ്രസിദ്ധ് കൃഷ്ണ നാലു റൺസ് വഴങ്ങിയതോടെ ഇംഗ്ലണ്ട് ലക്ഷ്യം 20 റൺസായി. എന്നാൽ തൊട്ടടുത്ത ഓവറിൽ ജാമി ഓവർടണെ വിക്കറ്റിന് മുന്നിൽ കുരുക്കി സിറാജ് ഇംഗ്ലണ്ടിനെ വീണ്ടും ഞെട്ടിച്ചു. ഇന്ത്യയുടെ എൽബിഡബ്ല്യു അപ്പീൽ അമ്പയർ കുമാർ ധർമസേന സമയമെടുത്ത് ഔട്ട് വിളിച്ചപ്പോൾ ഇംഗ്ലണ്ട് റിവ്യു ചെയ്തു. എന്നാൽ അമ്പയറുടെ തീരുമാനം ശരിയായതോടെ ഇംഗ്ലണ്ടിന് വിക്കറ്റ് നഷ്ടമായി. ജോഷ് ടങ്ങിനെ പ്രിസിദ്ധ് കൃഷ്ണ ക്ലീൻബൗൾഡാക്കിയതോടെ ഇന്ത്യ ജയത്തോട് അടുത്തു.

എന്നാൽ പതിനൊന്നാമനായി പരിക്കേറ്റ കൈയുമായി ക്രിസ് വോക്‌സ് ക്രീസിലിറങ്ങി. അവസാനം വരെയും പൊരുതാനായിരുന്നു ആതിഥേയരുടെ തീരുമാനം. ഇതിനിടെ സിറാജിനെ സിക്‌സർ പറത്തി ഇംഗ്ലണ്ട് വിജയലക്ഷ്യം ചുരുക്കികൊണ്ടുവന്നു. തൊട്ടടുത്ത ഓവറിൽ ബൗണ്ടറി പറത്തി സിക്‌സർ നേടുകയെന്ന തന്ത്രമായിരുന്നു ആതിഥേയർക്കുണ്ടായിരുന്നത്. എന്നാൽ സിറാജും പ്രസിദ്ധും സമർത്ഥമായി പന്തെറിഞ്ഞതോടെ ഇംഗ്ലണ്ടിന് റൺസ് കണ്ടെത്താനായില്ല. ഒടുവിൽ ആറു റൺസ് അകലെ ആറ്റ്കിൻസനെ ക്ലീൻബൗൾഡാക്കി അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ സിറാജ് ഇന്ത്യക്ക് ജയവും സമ്മാനിച്ചു. സിറാജാണ് കളിയിലെ താരം. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻഗില്ലും ഹാരി ബ്രൂക്കും പരമ്പരയിലെ താരങ്ങളായി.

നേരത്തെ നാലാം ദിനം ജോ റൂട്ടിന്റേയും ഹാരി ബ്രൂക്കിന്റേയും സെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ വിജയപ്രതീക്ഷ നൽകിയത്. ഇരുവരും ചേർന്ന നാലം വിക്കറ്റ് കൂട്ടുകെട്ട് 195 റൺസെടുത്തിരുന്നു. ബ്രൂക്ക് 98 പന്തിൽ 111 റൺസെടുത്തപ്പോൾ റൂട്ട് 105 റൺസെടുത്തു. ബെൻ ഡക്കറ്റ് 54 റൺസെടുത്ത് പുറത്തായി. എല്ലാ ടെസ്റ്റ് മത്സരവും അഞ്ചുദിനം വരെ നീണ്ടുനിന്നുവെന്ന പ്രത്യേകതയും ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ സീരിസിനുണ്ട്. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് ജയിച്ചപ്പോൾ രണ്ടാം ടെസ്റ്റ് ജയിച്ച് ഇന്ത്യ ഒപ്പമെത്തി. ലോർഡ്‌സിൽ നടന്ന മൂന്നാം ടെസ്റ്റിൽ വിജയത്തിന് അടുത്തെത്തി ഇന്ത്യ 22 റൺസിന് കീഴടങ്ങി. മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റിൽ ഇന്ത്യ വീരോചിത സമനില നേടിയിരുന്നു. ഓവലിലെ ജയത്തോടെ ഇന്ത്യ പരമ്പര സമനിലയിലെത്തിച്ചു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News