വഡോദര ഏകദിനം; തകർത്തടിച്ച് മിച്ചൽ, ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 301 റൺസ് വിജയലക്ഷ്യം
പരിക്ക്മാറി ശ്രേയസ് അയ്യർ പ്ലെയിങ് ഇലവനിലേക്ക് മടങ്ങിയെത്തി
വഡോദര: ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 301 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് പടുത്തുയർത്തി. അർധ സെഞ്ച്വറി നേടിയ (71 പന്തിൽ 84 ) ഡാരൽ മിച്ചലാണ് ടോപ് സ്‌കോറർ. ഓപ്പണർമാരായ ഹാരി നോക്കോൾസും(62), ഡെവോൻ കോൺവെയും(56) മികച്ച പ്രകടനം നടത്തി. ഇന്ത്യക്കായി മുഹമ്മദ് സിറാജും, ഹർഷിത് റാണയും പ്രസിദ്ധ് കൃഷ്ണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവീസിനായി ഓപ്പണർമാരായ കോൺവെയും നോക്കോൾസും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിങിൽ ഇരുവരും 117 റൺസ് കൂട്ടിചേർത്തു. അർധ സെഞ്ച്വറിക്ക് പിന്നാലെ ഇരുവരും പുറത്തായി. നിക്കോൾസിനെ വിക്കറ്റ് കീപ്പർ കെഎൽ രാഹുലിന്റെ കൈകളിലെത്തിച്ച് ഹർഷിത് റാണയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. തൊട്ടുപിന്നാലെ കോൺവെയും മടങ്ങി. വൺഡൗണായി ഇറങ്ങിയ വിൽ യങിന്(12) നിലയുറപ്പിക്കാനായില്ല. മുഹമ്മദ് സിറാജിന്റെ ഓവറിൽ കെഎൽ രാഹുലിന് ക്യാച്ച് നൽകിയാണ് കിവീസ് താരം കൂടാരം കയറിയത്.
എന്നാൽ നാലാമനായി ക്രീസിലെത്തിയ ഡാരൽ മിച്ചൽ കരുതലോടെയാണ് തുടങ്ങിയത്. ഇന്ത്യൻ ബോളർമാരെ സമർത്ഥമായി നേരിട്ട കിവീസ് താരം സ്‌കോറിംഗ് ഉയർത്തി. 71 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്‌സറും സഹിതമാണ് ഡാരൽ മിച്ചൽ 84 റൺസ് അടിച്ചെടുത്തത്. മറുഭാഗത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണെങ്കിലും മിച്ചൽ നിലയുറപ്പിച്ചതോടെ സന്ദർശകർക്ക് മികച്ച സ്‌കോറിലേക്ക് മുന്നേറാനായി. ഗ്ലെൻ ഫിലിപ്‌സ്(12), മിച്ചെൽ ഹയ്(18), ക്യാപ്റ്റൻ ബ്രേസ്‌വെൽ(16) എന്നിവരാണ് മറ്റു സ്‌കോറർമാർ. കുൽദീപ് യാദവിനൊപ്പം സ്പിൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയേയും വാഷിങ്ടൺ സുന്ദറിനേയും ഉൾപ്പെടുത്തിയാണ് ഇന്ത്യ ടീം പ്രഖ്യാപിച്ചത്. പരിക്ക്മാറി ശ്രേയസ് അയ്യർ പ്ലെയിങ് ഇലവനിലേക്ക് മടങ്ങിയെത്തി. നായകസ്ഥാനത്തേക്ക് ശുഭ്മാൻ ഗിൽ തിരിച്ചെത്തിയതോടെ ഓപ്പണിങിൽ യശസ്വി ജയ്‌സ്വാൾ പുറത്തായി.