അന്ന് കാലിടറി ഗാംഗുലിയും സംഘവും; ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കിവീസിനോട് കണക്ക് തീർക്കാൻ ഇന്ത്യ
ചാമ്പ്യൻസ് ട്രോഫിക്ക് പുറമെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കിവീസിന് മുന്നിൽ ഇന്ത്യ തലതാഴ്ത്തി മടങ്ങിയിരുന്നു
രണ്ടര പതിറ്റാണ്ട് മുമ്പാണ്. കൃത്യമായി പറഞ്ഞാൽ 2000 ഒക്ടോബർ 15. കെനിയൻ തലസ്ഥാന നഗരിയായ നൈറൂബിയിൽ അന്നൊരു ഫൈനൽ അരങ്ങേറുകയായിരുന്നു. ചാമ്പ്യൻസ് ട്രോഫി അക്കാലത്ത് ഐ.സി.സി നോക്ക് ഔട്ട് ട്രോഫി എന്നാണറിയപ്പെട്ടിരുന്നത്. സൗരവ് ഗാംഗുലിയുടെ ഇന്ത്യയും സ്റ്റീഫൻ ഫ്‌ളെമിങിന്റെ ന്യൂസിലൻഡും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടുന്നു. സച്ചിൻ ടെണ്ടുൽക്കറും രാഹുൽ ദ്രാവിഡും യുവരാജ് സിങും വിനോദ് കാംബ്ലിയുമടക്കം താരനിബിഡമായിരുന്നു ഇന്ത്യൻ സംഘം. മറുഭാഗത്ത് നഥാൻ ആറ്റ്സ്ലിയും മഗ്ലാരനും ക്രിസ് കെയിൻസും ക്രിസ് ഹാരിസുമടക്കമുള്ളവരുടെ കിവീസ് നിര. ഫൈനലിൽ ടോസ് നഷ്ടമായി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ സൗരവ് ഗാംഗുലിയുടെ സെഞ്ച്വറി കരുത്തിൽ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ പടുത്തുയർത്തിയത് 264 റൺസ്. 117 റൺസാണ് ഇന്ത്യൻ നായകൻ അന്ന് അടിച്ചെടുത്തത്. സച്ചിൻ ടെണ്ടുൽക്കർ 69 റൺസുമായി ഗാംഗുലിക്ക് മികച്ച പിന്തുണ നൽകി. ഓപ്പണിങിൽ ഇരുവരും ചേർത്ത 141 റൺസാണ് ഇന്ത്യൻ സ്‌കോറിന് അടിത്തറപാകിയത്.
ഫിഫ്റ്റി ഓവർ ക്രിക്കറ്റിലെ അന്നത്തെ മികച്ച സ്‌കോർ. സഹീർഖാനും വെങ്കിടേഷ് പ്രസാദും അജിത് അഗാർക്കറും അനിൽ കുംബ്ലെയുമടക്കമുള്ള അതിശക്തമായ ബൗളിങ്‌നിരയുടെ ചിറകിലേറി ഇന്ത്യ അനായാസ ജയം നേടുമെന്ന് ആരാധകരും സ്വപ്നകണ്ടുതുടങ്ങി. തന്റെ ആദ്യഓവറിൽ തന്നെ ന്യൂസിലൻഡ് ഓപ്പണർ ക്രയിഗ് സ്പിയർമാനെ യുവരാജ് സിങിന്റെ കൈകളിലെത്തിച്ച് വെങ്കടേഷ് പ്രസാദ് കിവീസിന് ആദ്യ പ്രഹരമേൽപ്പിച്ചു. തൊട്ടുപിന്നാലെ ക്യാപ്റ്റൻ സ്റ്റീഫൻ ഫ്‌ളെമിങിനെയും പ്രസാദ് പറഞ്ഞയച്ചതോടെ കളി ഇന്ത്യയുടെ വരുതിയിലായെന്നുറപ്പിച്ചു ആരാധകർ. എന്നാൽ അഞ്ചാമനായി ക്രീസിലേക്ക് നടന്നടുത്ത ക്രിസ് കെയിൻസ് അന്ന് ഇന്ത്യൻ പ്രതീക്ഷകൾക്ക് മുന്നിൽ വിലങ്ങുതടിയായി നിന്നു. പേരുകേട്ട ബൗളർമാരെ നിഷ്‌കരുണം നേരിട്ട കെയിൻസ് ക്രിസ് ഹാരിസിനെ കൂട്ടുപിടിച്ച് ഇന്ത്യൻ ടോട്ടലിലേക്ക് പതിയെ അടിവെച്ചടിവെച്ചുമുന്നേറി. നൈറൂബിയിലെ സ്റ്റേഡിയത്തിൽ 49.4 ഓവറിൽ ന്യൂസിലൻഡ് വിജയറണ്ണിൽ തൊടുമ്പോൾ 102 റൺസുമായി ആ നീളൻമുടിക്കാരൻ ക്രീസിലുണ്ടായിരുന്നു. ചാമ്പ്യൻസ് ട്രോഫിയിൽ അതുവരെയും അത്യുഗ്രൻ പോരാട്ടം കാഴ്ചവെച്ച സൗരവ് ഗാംഗുലിയുടെ ഇന്ത്യ ഫൈനലിൽ ക്രിസ്‌കെയിൻസിന്റെ ഒറ്റയാൾ പോരാട്ടത്തിന് മുന്നിൽ വീണുപോവുന്ന ആ നൊമ്പരകാഴ്ച ഇന്നും ക്രിക്കറ്റ് ആരാധകരുടെ മനസിൽ മായാതെ കിടപ്പുണ്ട്.
25 വർഷത്തിനിപ്പുറം മറ്റൊരു ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ-കിവീസ് പോരാട്ടത്തിന് കളമൊരുങ്ങുന്നു. രോഹിത് ശർമയുടെ കീഴിൽ തോൽവിയറിയാതെ മുന്നേറുന്ന മിറാക്കിൾ സംഘമാണ് ഇന്ത്യ. അപ്പുറത്ത് മിച്ചെൽ സാന്റ്‌നറിന്റെ ബ്ലാക് കാപ്‌സ്. ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ന്യൂസിലൻഡിനെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഞായറാഴ്ച കലാശപ്പോരിനെത്തുന്നത്. എന്നാൽ ഗ്രൂപ്പ് പോരാട്ടമെല്ല ഫൈനലെന്ന് ഗൗതം ഗംഭീറിനും രോഹിത് ശർമക്കും നന്നായറിയാം. 2023 ഏകദിന ലോകകപ്പിൽ ഒരു മത്സരം പോലും തോൽക്കാതെയെത്തിയ ഇന്ത്യയെ ഫൈനലിൽ കീഴടക്കിയ ആസ്‌ത്രേലിയ ഇന്നും ഒരു ദു:സ്വപ്നം പോലെ ആരാധകരുടെ മനസിലുണ്ട്.
വിരാട് കോഹ്ലി, കെയിൻ വില്യംസൺ... മോഡേൺ ക്രിക്കറ്റിലെ രണ്ട് ക്ലാസിക് താരങ്ങൾ. ഫൈനലിൽ അറബ് മണ്ണിൽ ഇറങ്ങുമ്പോൾ ഇരുടീമുകളുടേയും ഗെയിം പ്ലാൻ ഈ രണ്ട് സീനിയർ താരങ്ങളെ ആശ്രയിച്ചായിരിക്കും. സ്പിന്നിനേയും പേസിനേയും നന്നായി കളിക്കുന്ന, മത്സരത്തിന്റെ ഗതിയനുസരിച്ച് ഗിയർ മാറ്റുന്ന യൂട്ടിലിറ്റി പ്ലെയേഴ്‌സ്. നിലയുറപ്പിച്ചാൽ ഇരുവരെയും വീഴ്ത്തുക അസാധ്യമെന്ന് എതിരാളികൾക്ക് നന്നായറിയാം. ദക്ഷിണാഫ്രിക്കക്കെതിരായ സെമിയിൽ രചിൻ രവീന്ദ്ര-വില്യംസൺ കൂട്ടുകെട്ടാണ് 362 റൺസെന്ന റെക്കോർഡ് സ്‌കോറിലേക്ക് കിവീസിനെയെത്തിച്ചത്. മധ്യ ഓവറുകളിൽ സിംഗിളും ഡബിളുമെടുത്തും അനാവശ്യ പന്തുകളെ മാത്രം അതിർത്തി വരക്കപ്പുറമെത്തിച്ചും പടിപടിയായി റൺറേറ്റ് ഉയർത്തിയ ഇരുവരും ടീമിനെ സുരക്ഷിത സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.
ഓസീസിനെതിരായ സെമിയിൽ ഇന്ത്യയെ മുന്നിൽ നിന്നു നയിച്ച വിരാടിന്റെ ഇന്നിങ്‌സ് ക്ഷമയുടേയും നിശ്ചയദാർഢ്യത്തിന്റേയും പ്രതീകമായിരുന്നു. 86 റൺസിൽ 56ഉം സിംഗിളുകൾ. നാല് ഡബിൾ. ബൗണ്ടറിയിലൂടെ നേടിയത് 20 റൺസ് മാത്രം. 98 പന്തുകൾ നേരിട്ട് 85.71 സ്‌ട്രൈക്ക് റേറ്റിൽ കോഹ്ലി ബാറ്റിങ് പൂർത്തിയാക്കുമ്പോഴും ആരും മെല്ലെപ്പോക്കിൻറെ പേരിൽ അയാളെ പഴിപറഞ്ഞില്ല. കാരണം ബാറ്റിങ് ദുഷ്‌കരമായ ദുബൈയിൽ പിച്ചിന്റെ സ്വഭാവവും മത്സര സമ്മർദ്ദവും അതിജീവിച്ചുള്ള പെർഫെക്ട് ഇന്നിങ്‌സായിരുന്നു അത്.
ഇതിനകം രണ്ട് സെഞ്ച്വറിയടക്കം നേടിയ രചിൻ രവീന്ദ്രയും വില്യംസനൊപ്പം കിവീസ് നിരയിലെ പ്രധാനിയാണ്. ഗ്രൂപ്പ് മത്സരത്തിലേതിന് സമാനമായി രചിനെ നേരത്തെ പുറത്താക്കാനുള്ള തന്ത്രമായിരിക്കും രോഹിത് ശർമ ആവിഷ്‌കരിക്കുക. ഡാരൽ മിച്ചൽ, ടോം ലാഥം, ഗ്ലെൻ ഫിലിപിസ് എന്നിവരടങ്ങുന്ന മധ്യനിരയും വലിയ ഇന്നിങ്‌സ് കളിക്കാൻ കെൽപുള്ളവരാണ്. ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ സെഞ്ച്വറിയടിച്ച വിൽ യങും ഭീഷണി ഉയർത്തും. ബൗളിങിൽ മിച്ചൽ സാൻറ്നറിൻറെ സ്‌പെല്ലാണ് ഇന്ത്യ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി. സെമിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് മത്സരം തിരിച്ചുപിടിച്ചത് സാന്റ്‌നർ വീഴ്ത്തിയ നിർണായകമായ മൂന്ന് വിക്കറ്റുകളായിരുന്നു. എന്നാൽ പിന്തുണയുമായി മറ്റൊരു സ്പിൻ കരുത്തില്ലാത്തത് കിവീസിന് വലിയ കടമ്പയാകും.
ബ്രേസ്വെൽ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്‌സ് എന്നീ സ്പിൻ ഓപ്ഷനുകളാണ് ക്യാപ്റ്റന് മുന്നിലുള്ളതെങ്കിലും താരതമ്യനേ ശരാശരി പ്രകടനം മാത്രമാണ് ഇതുവരെ ഇവർ പുറത്തെടുത്തത്. മറുഭാഗത്ത് നാലംഗ ഇന്ത്യൻ സ്പിൻ നിര തന്നെയാകും ഫൈനലിലേയും ശ്രദ്ധാകേന്ദ്രം. മിസ്ട്രി സ്പിന്നർ വരുൺ ചക്രവർത്തിയെ രോഹിത് ഏതോവറിൽ കൊണ്ടുവരുമെന്നതും ആരാധകർ ഉറ്റുനോക്കുന്നു. വരുണിനൊപ്പം കുൽദീപ് യാദവ്-രവീന്ദ്ര ജഡേജ-അക്‌സർ പട്ടേൽ കൂട്ടുകെട്ട് ഒരിക്കൽകൂടി ക്ലിക്കായാൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പുമാകും. നിർണായക സമയങ്ങളിൽ ബ്രേക്ക് ത്രൂ വിക്കറ്റ് വീഴ്ത്തി പേസർ മുഹമ്മദ് ഷമിയും മികച്ച ഫോമിലാണ്. ബാറ്റിങിൽ കാര്യമായ വെല്ലുവിളി ഇതുവരെ ഇന്ത്യക്ക് നേരിടേണ്ടിവന്നിട്ടില്ല. ഓപ്പണിങിൽ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും നൽകുന്ന തുടക്കത്തിലാണ് പ്രതീക്ഷ. മധ്യഓവറുകളിൽ ഇന്നിങ്‌സ് ബിൽഡ് ചെയ്യാനുള്ള ഡ്യൂട്ടി വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും ഏറ്റെടുത്താൽ മറ്റൊരു ഐസിസി കിരീടത്തിലേക്കുള്ള പ്രയാണം എളുപ്പമാകും.
2019 ഏകദിന ലോകകപ്പ് സെമിയിലേറ്റ തോൽവിയും ആരാധകർക്ക് ഇന്നും മുറിവുണങ്ങാത്ത ഓർമയാണ്. മാർട്ടിൻ ഗപ്ടിലിന്റെ ഡയറക്ട് ത്രോയിൽ റണ്ണൗട്ടായി കളംവിടുന്ന മഹേന്ദ്ര സിങ് ധോണിയുടെ മുഖം ഇന്നും അവരുടെ മനസിലുണ്ടാകും. പിന്നാലെ 2021 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപിച്ചാണ് കെയിൻ വില്യംസണും സംഘവും ചാമ്പ്യൻമാരായത്. കിവീസിനോട് തീർക്കാൻ 2000 മുതലുള്ള കണക്കുകൾ ഇന്ത്യക്കുണ്ട്. പാകിസ്താനേയും ആസ്‌ത്രേലിയയേയും കണക്ക് തീർത്ത് പടിക്ക് പുറത്താക്കിയാണ് രോഹിതിന്റേയും സംഘത്തിന്റേയും വരവ്. കിവിസീന്റെ ചിറകരിഞ്ഞ് രോഹിതും സംഘവും ആ മോഹകപ്പിൽ മുത്തമിടുന്നതിനായി കാത്തിരിപ്പിലാണിനി ആരാധകർ...