രണ്ടാം ദിനവും ഇന്ത്യൻ ആധിപത്യം: കരകാണാതെ ശ്രീലങ്ക, തോൽവി മുന്നിൽ

രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ ലങ്കയ്ക്ക് ഇനിയും 466 റണ്‍സ് കൂടി വേണം

Update: 2022-03-05 12:33 GMT

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം മത്സരമവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് ആധിപത്യം. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ ലങ്കയ്ക്ക് ഇനിയും 466 റണ്‍സ് കൂടി വേണം. 26 റണ്‍സുമായി പത്തും നിസംഗയും ഒരു റണ്ണെടുത്ത് ചരിത് അസലങ്കയുമാണ് ക്രീസിലുള്ളത്. ദിമുത് കരുണരത്‌നെ, ലാഹിരു തിരിമന്നെ, ഏയ്ഞ്ജലോ മാത്യൂസ്, ധനഞ്ജയ ഡി സില്‍വ എന്നിവരുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.

Advertising
Advertising

ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രവീന്ദ്ര ജഡേജ (പുറത്താകാതെ 175)യുടെ സെഞ്ച്വറിയും ഋഷഭ് പന്ത്, ഹനുമ വിഹാരി, ആര്‍ അശ്വിന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ലങ്ക ഭേദപ്പെട്ട രീതിയിലാണ് ആരംഭിച്ചത്. എന്നാല്‍ സ്‌കോര്‍ 50 തികയും മുന്‍പ് ലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ 48ല്‍ നില്‍ക്കെ ലഹിരു തിരിമന്നെയാണ് മടങ്ങിയത്. 17 റണ്‍സെടുത്ത താരത്തെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. തൊട്ടുപിന്നാലെ കരുണരത്‌നെയും പുറത്തായി. സെഞ്ചുറി നേടി തിളങ്ങിയ ജഡേജ തന്റെ ആദ്യ ഓവറില്‍ തന്നെ കരുണരത്‌നെയെ മടക്കി. 28 റണ്‍സെടുത്ത താരത്തെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

ഓപ്പണര്‍മാരെ നഷ്ടമായതോടെ ശ്രീലങ്കയ്ക്ക് വേണ്ടി ഏയ്ഞ്ജലോ മാത്യൂസും പത്തും നിസംഗയും ക്രീസിലൊന്നിച്ചു. ഇരുവരും ചേര്‍ന്ന് വലിയ തകര്‍ച്ചയില്‍ നിന്ന് ടീമിനെ രക്ഷിച്ചു. എന്നാല്‍ സ്‌കോര്‍ 93-ല്‍ നില്‍ക്കേ ജസ്പ്രീത് ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. മാത്യൂസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബുംറയാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടുപിന്നാലെ ഒരു റണ്ണെടുത്ത് ധനഞ്ജയ ഡി സില്‍വയും മടങ്ങി. താരത്തെയും അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. വലിയ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്നിങ്സ് വിജയമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. 

ആറ് വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് എന്ന നിലയിൽ ഇന്ന് കളിയാരംഭിച്ച ഇന്ത്യ രവീന്ദർ ജഡേജയുടേയും രവിചന്ദർ അശ്വിന്റേയും വെടിക്കെട്ട് ബാറ്റിങ് പ്രകടനം കൊണ്ടാണ് തുടങ്ങിയത്. ശ്രീലങ്കൻ ബൗളർമാരെ തുടരെ ബൗണ്ടറികൾ പായിച്ച ഇരുവരും 97ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോർ 400 കടത്തുകയായിരുന്നു. ജഡേജ 228 പന്തുകളില്‍ നിന്ന് 17 ബൗണ്ടറിയുടെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 175 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News