ടെസ്റ്റിൽ രോഹിതും കോഹ്‌ലിയും, ടി20യിൽ സ്റ്റാർക്ക്; ഇവർ 2025ൽ കളമൊഴിഞ്ഞ താരങ്ങൾ
ചേതേശ്വർ പൂജാര, പീയുഷ് ചൗള, വൃദ്ധിമാൻ സാഹ, മോഹിത് ശർമ തുടങ്ങിയ ഇന്ത്യൻ താരങ്ങളും ഈ വർഷം രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞു
ന്യൂഡൽഹി: രോഹിത് ശർമയും വിരാട് കോഹ്‌ലിയും മുതൽ മിച്ചൽ സ്റ്റാർക്ക് വരെ. ഈ വർഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് ചില സുപ്രധാന വിരമിക്കൽ വാർത്തകളാണുണ്ടായത്. ഈ വർഷം മെയ് ഏഴിനായിരുന്നു രോഹിത് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായി ബൈ പറഞ്ഞത്. ന്യൂസിലൻഡിനെതിരായ പരമ്പരയിലും തുടർന്ന് ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയക്കെതിരെയും മോശം ഫോമിനെ തുടർന്ന് വിമർശനം നേരിട്ട ഹിറ്റ്മാൻ ടി20ക്ക് പിന്നാലെ റെഡ്‌ബോൾ ക്രിക്കറ്റിനോട് വിടപറയുകയായിരുന്നു. മാസങ്ങൾക്കിപ്പുറം വിരാട് കോഹ്‌ലിയുടെ വിരമിക്കൽ വാർത്തയും ആരാധകർ കേട്ടു. മെയ് 12നായിരുന്നു കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറഞ്ഞത്. ഇതോടെ ഇരുവരും ഏകദിന ഫോർമാറ്റിലേക്ക് മാത്രമായി ചുരുങ്ങി.
ഇന്ത്യയുടെ ചേതേശ്വർ പൂജാര, വൃദ്ധിമാൻ സാഹ, പീയുഷ് ചൗള, മോഹിത് ശർമ, വരുൺ ആരോൺ എന്നിവരും 2025ൽ കളി മതിയാക്കി. ഹെന്റിച് ക്ലാസൻ(ദക്ഷിണാഫ്രിക്ക), ന്യൂമാർട്ടിൻ ഗപ്തിൽ(ന്യൂസിലൻഡ് ), ക്രിസ് വോക്‌സ്( ഇംഗ്ലണ്ട്), ദിമത് കരുണരത്‌നെ(ശ്രീലങ്ക), ആന്ദ്രെ റസൽ, നിക്കോളാസ് പുരാൻ(വെസ്റ്റിൻഡീസ്), തമിം ഇഖ്ബാൽ, മഹമൂദുള്ള(ബംഗ്ലാദേശ്) എന്നിവരാണ് എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച താരങ്ങൾ.
മിച്ചൽമാർഷും കെയിൻ വില്യംസണും ടി20 ക്രിക്കറ്റ് മതിയാക്കിയപ്പോൾ ടെസ്റ്റിലും ഏകദിനത്തിലും തുടരാൻ തീരുമാനിച്ചു. സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്‌റ്റോയിനിസ് എന്നിവർ ഏകദിനത്തിൽ നിന്ന് മാത്രം വിരമിക്കൽ പ്രഖ്യാപിച്ചു. സ്മിത്ത് ടെസ്റ്റിലും സ്റ്റോയിനിസും മാക്‌സ്‌വെല്ലും ടി20യിലും തുടരും. ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫിഖുർ റഹീമാണ് വൺഡേ ക്രിക്കറ്റിനോട് വിടപറഞ്ഞ മറ്റൊരു താരം.