ശ്രീലങ്ക കൊടുത്തു എട്ടിന്റെ പണി; തോൽവിയോടെ ഓസീസിന്റെ കാര്യം തുലാസിൽ
പല്ലക്കേലെ: ആസ്ട്രേലിയയെ എട്ട് വിക്കറ്റിന് തകർത്ത് ശ്രീലങ്ക ഐസിസി ടി20 ലോകകപ്പ് സൂപ്പർ എട്ടിലേക്ക് യോഗ്യത നേടി. ആസ്‌ട്രേലിയ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ശ്രീലങ്ക രണ്ട് ഓവർ ബാക്കി നിൽക്കേ ലക്ഷ്യം മറികടന്നു. ഓപണർ പാത്തും നിസ്സങ്കയുടെ (100) സെഞ്ച്വറിയുടെ കരുത്തിലാണ് ശ്രീലങ്കയുടെ വിജയം. ബൗളിങ്ങിൽ മൂന്ന് വിക്കറ്റുമായി ദുഷൻ ഹേമന്തയും രണ്ട് വിക്കറ്റുമായി ചമീരയും തിളങ്ങി.
ടോസ് നഷ്ടപെട്ട ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയക്ക് ഓപ്പണർമാരായ മിച്ചൽ മാർഷും ട്രാവിസ് ഹെഡും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. ഇരുവരുടെയും അർദ്ധ സെഞ്ച്വറികളുടെ ബലത്തിൽ ഏഴ് ഓവറിൽ 100 റൺസ് കടന്നിരുന്നു ഓസീസ്. എന്നാൽ എട്ടാം ഓവറിൽ ഹെഡിനെ പുറത്താക്കി ഡിഷാൻ ഹേമന്ത ശ്രീലങ്കക്ക് ബ്രേക്ക് ത്രൂ നൽകിയത്. പത്താം ഓവറിൽ കാമറൂണ് ഗ്രീനും 11ാം ഓവറിൽ മിച്ചൽ മാർഷും പോയതോടെ കാര്യങ്ങൾ അവതാളത്തിലായി. പുറകെ വന്നവരിൽ ഗ്ലെൻ മാസ്‌വെൽ (22) ജോഷ് ഇംഗ്ലിസ് (27) എന്നിവർക്ക് മാത്രമേ ഇരട്ട സംഖ്യയിലെത്താൻ സാധിച്ചുള്ളൂ. ദുഷൻ ഹേമന്തയും, ദുഷ്മന്ത ചമീരയും പന്തുകൊണ്ട് മിന്നും പ്രകടനം കാഴ്ചവെച്ചപ്പോൾ 181 റൺസിൽ ആസ്‌ട്രേലിയ ഓൾ ഔട്ടായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് രണ്ടാം ഓവറിൽ കുശാൽ പെരേരയെ നഷ്ടമായെങ്കിലും പുറകെ വന്ന കുശാൽ മെന്റിസുമൊത്ത് പാത്തും നിസ്സങ്ക പടുത്തുയർത്തിയ 97 റൺസിന്റെ കൂട്ടുകെട്ടാണ് മത്സരം ശ്രീലങ്കയുടെ വരുതിയിലാക്കിയത്. 13ാം ഓവറിൽ കുശാൽ മെൻഡിസിനെ മാർക്കസ് സ്റ്റോയ്‌നിസ് പുറത്താക്കുമ്പോൾ 105 റൺസിൽ എത്തിയിരുന്നു ലങ്കൻ സ്കോർ. പകരമിറങ്ങിയ പവൻ രത്നായകയുടെ പിന്തുണയോടെ നിസ്സങ്ക തന്റെ സെഞ്ച്വറിയും ശ്രീലങ്കക്ക് ലോകകപ്പിലെ മൂന്നാം ജയവും നേടിക്കൊടുത്തു. ഇതോടെ ശ്രീലങ്ക സൂപ്പർ എട്ടിൽ സ്ഥാനമുറപ്പിക്കുകയും ചെയ്തു. അതെസമയം ആസ്ട്രേലിയയുടെ കാര്യം തുലാസിലായി. ചൊവ്വാഴ്ച നടക്കുന്ന അയർലൻഡ് - സിംബാബ്‌വെ പോരാട്ടത്തിൽ സിംബാബ്‌വെ ജയിച്ചാൽ ആസ്‌ട്രേലിയ ലോകകപ്പിൽ നിന്ന് പുറത്താകും.