ജഴ്‌സിയില്‍ മദ്യത്തിന്റെ പരസ്യം വേണ്ട; കളിക്ക് പുറത്തും മുസ്തഫിസുര്‍ വ്യത്യസ്തന്‍

താര ലേലത്തില്‍ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്കാണ് ഇത്തവണ താരത്തെ സിഎസ്‌കെ ടീമിലെടുത്തത്.

Update: 2024-03-26 12:23 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ചെന്നൈ: ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര്‍കിങ്‌സ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍. നാല് വിക്കറ്റ് നേട്ടത്തോടെ കളിയിലെ താരമായും 28 കാരന്‍ തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയിലേക്ക് ചുവടുമാറിയ ശേഷമുള്ള ആദ്യ കളിയില്‍തന്നെ താരം ഫോം കണ്ടെത്തിയത് ഫ്രാഞ്ചൈസിക്കും പ്രതീക്ഷ നല്‍കുന്നതായി.  ഉദ്ഘാടന മാച്ചില്‍ തിളങ്ങിയ താരം ഇപ്പോള്‍ ശ്രദ്ധേയനാകുന്നത് മറ്റ് കളിക്കാരില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമായ ജേഴ്‌സി ധരിച്ചാണ്. ചെന്നൈയുടെ പ്രധാന സ്‌പോണ്‍സറായ മദ്യ ബ്രാന്‍ഡിന്റെ ലോഗോ ഒഴിവാക്കിയ ജഴ്‌സിയാണ് താരം ധരിച്ചത്. എസ്‌ജെ ആല്‍ക്കഹോള്‍ ബ്രാന്‍ഡിന്റെ ലോഗോയാണ് ഒഴിവാക്കിയത്.

മത വിശ്വാസ പ്രകാരമാണ് മുസ്തഫിസുര്‍ ജഴ്‌സിയില്‍ നിന്ന് മദ്യത്തിന്റെ ലോഗോ ഒഴിവാക്കിയത്. അതേസമയം, ഇത്തരമൊരു നീക്കത്തിലൂടെ കമ്പനിക്കു വരുന്ന നഷ്ടം താരം സ്വയം വഹിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തയും ഐപിഎലില്‍ താരങ്ങള്‍  ആല്‍ക്കഹോള്‍ ബ്രാന്‍ഡുകളുടെ  ലോഗോ ജഴ്‌സിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഹാഷിം അംല, ഇമ്രാന്‍ താഹിര്‍, ഇംഗ്ലീഷ് താരം മൊയീന്‍ അലി, അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ മദ്യ ബ്രാന്‍ഡുകളുടെ ലോഗോ ഇല്ലാതെയാണ് ജഴ്‌സി ധരിച്ചിരുന്നത്.

താര ലേലത്തില്‍ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്കാണ് ഇത്തവണ താരത്തെ സിഎസ്‌കെ ടീമിലെടുത്തത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി ശരാശരി പ്രകടനം മാത്രം നടത്തിയതിനാല്‍ മറ്റു ഫ്രാഞ്ചൈസികളൊന്നും മുസ്തഫിസുറില്‍ താല്‍പര്യം കാണിച്ചിരുന്നില്ല. വമ്പന്‍ തുക മുടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെത്തിച്ച മിച്ചല്‍ സ്റ്റാര്‍ക്കും ആര്‍സിബിയുടെ അല്‍സാരി ജോസഫുമടക്കം തല്ലുവാങ്ങികൂട്ടുമ്പോഴാണ് ചെന്നൈക്ക് അപ്രതീക്ഷിത നേട്ടമായി മുസ്തഫിസുര്‍ റഹ്മാന്റെ കംബാക്ക്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News