'ആ പെരുമാറ്റം മറക്കാനാവില്ല'; സഞ്ജുവിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച ഡൽഹി ഉടമക്ക് നേരെ ആരാധക രോഷം

അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് ടിവി അമ്പയർ വിശദമായി പരിശോധിക്കേണ്ടതായിരുന്നുവെന്ന് മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ പറഞ്ഞു.

Update: 2024-05-08 13:56 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ന്യൂഡൽഹി: ഡൽഹി ക്യാപിറ്റൽസ്-രാജസ്ഥാൻ റോയൽസ് മത്സരത്തിൽ സഞ്ജു സാംസണിന്റെ വിവാദ പുറത്താകലിനപ്പുറം ആരാധകരെ ചൊടിപ്പിച്ചത് ഡൽഹി ഉടമ പാർത്ഥ് ജിൻഡാളിന്റെ പെരുമാറ്റമായിരുന്നു. ഫീൽഡ് അമ്പയറുമായി സഞ്ജു  സംസാരിക്കുന്നതിനിടെ ഗ്രൗണ്ടിൽ നിന്ന് കയറിപോകാൻ ആക്രോഷിക്കുന്ന ഡൽഹി ക്യാപിറ്റൽസ് ടീം ഉടമയെ വീഡിയോയിൽ കാണാമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ വിമർശനം കനത്തതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡൽഹി മാനേജ്‌മെന്റും ഡിൻഡാളും. ഒഫീഷ്യൽ പേജിൽ മത്സരശേഷമുള്ള വീഡിയോ പങ്കുവെച്ചാണ്  പ്രതിഷേധം തണുപ്പിക്കാൻ ഡൽഹി ശ്രമങ്ങളാരംഭിച്ചത്.

  മത്സരശേഷം സഞ്ജു രാജസ്ഥാൻ ടീം ഉടമ മനോജ് ബദാലെക്കൊപ്പം സംസാരിച്ചു നിൽക്കുമ്പോൾ അടുത്തെത്തിയ പാർത്ഥ് ജിൻഡാൽ മലയാളിതാരത്തിന് കൈകൊടുത്ത് സംസാരിക്കുകയും ലോകകപ്പ് ടീമിലെത്തിയതിന് അഭിനന്ദിക്കുകയും ചെയ്തുവെന്ന് ഡൽഹി ക്യാപിറ്റൽസ് നേരത്തെ പങ്കുവെച്ച എക്‌സ് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ഈ പോസ്റ്റ് റീ ട്വീറ്റ് ചെയ്ത ജിൻഡാൽ, മത്സരത്തിൽ സഞ്ജു ഞങ്ങളെ വിറപ്പിച്ചുവെന്നും അതുകൊണ്ടാണ് താരം പുറത്തായപ്പോൾ ഈവിധത്തിൽ പെരുമാറിയതെന്നും വിശദീകരിച്ചു

എന്നാൽ ഈ ട്വീറ്റിന് താഴെ രാജസ്ഥാൻ ആരാധകർ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മത്സരത്തിൽ സഞ്ജുവിന്റെ പുറത്താകൽ ഇതിനകം തന്നെ വലിയ വിവാദമായി. അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് ടിവി അമ്പയർ വിശദമായി പരിശോധിക്കേണ്ടതായിരുന്നുവെന്ന് മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ പറഞ്ഞു. മുൻ താരം സുരേഷ് റെയ്‌നയും അമ്പയറെ വിമർശിച്ച് രംഗത്തെത്തി. ഒരു നിഗമനത്തിലെത്താൻ അദ്ദേഹം വ്യത്യസ്ത ആംഗിളുകൾ ഉപയോഗിച്ചില്ല. ഇത്തരം കോളുകൾക്ക് സമയം ആവശ്യമാണ്. പക്ഷെ അമ്പയർ നടപടിക്രമം പാലിച്ചില്ല.-റെയ്‌ന പറഞ്ഞു. ഡൽഹി ക്യാപിറ്റൽസിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ 20 റൺസിനാണ് രാജസ്ഥാൻ തോറ്റത്. 46 പന്തിൽ ആറു സിക്‌സറും എട്ട് ഫോറും സഹിതം 86 റൺസുമായി സഞ്ജു സാംസൺ ടോപ് സ്‌കോററായി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News