എന്തൊരു യോർക്കർ; നരെയ്‌ന്റെ വിക്കറ്റ് തെറിപ്പിച്ച ബുംറയുടെ അവിശ്വസിനീയ ബൗളിങ് -വീഡിയോ

ഈഡൻഗാർഡനിൽ മഴ പെയ്തതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്-മുംബൈ ഇന്ത്യൻസ് മത്സരം ഒരുമണിക്കൂറിലേറെ വൈകിയാണ് ആരംഭിച്ചത്.

Update: 2024-05-11 17:33 GMT
Editor : Sharafudheen TK | By : Sports Desk

കൊൽക്കത്ത: ഈഡൻ ഗാർഡനിൽ ക്ലാസ് തെളിയിച്ച് ജസ്പ്രീത് ബുംറ. കൊൽക്കത്തക്കെതിരായ മത്സരത്തിൽ തന്റെ ഓവറിലെ ആദ്യ പന്തിൽ അപകടകാരിയായ സുനിൽ നരേനെ പുറത്താക്കിയാണ് മുംബൈ താരം വിസ്മയം തീർത്തത്. ഓഫ് സ്റ്റമ്പിന് പുറത്തേക്ക് വന്ന യോർക്കറെന്ന് കരുതി പന്തിനെ ലീവ് ചെയ്ത വിൻഡീസ് താരത്തിന് പിഴച്ചു. ലൈൻ മനസിലാക്കുന്നതിൽ താരത്തിന് നേരിട്ട വലിയ പിഴവ് കാരണം ഓഫ്സ്റ്റമ്പുമായാണ് പന്ത് പറന്നത്. സുനിൽ നരേൻ പൂജ്യത്തിന് പുറത്ത്.

ബുംറയുടെ ബൗളിങ് പ്രകടനത്തിൽ കമന്ററി ബോക്‌സും ഗ്യാലറിയും ഒരുപോലെ അത്ഭുതപ്പെട്ടു. 17ാം ഐപിഎൽ സീസണിലെ മികച്ച ബൗൾഡുകളിലൊന്നായി  ഈ യോർക്കർ. അപകടകാരിയായ നരെയ്‌നെ നഷ്ടമായതോടെ കൊൽക്കത്ത പ്രതിരോധത്തിലായി. പവർപ്ലെയിൽ മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. നരെയ്‌ന് പുറമെ ഫിൽ സാൾട്ട്(6), ക്യാപ്റ്റൻ ശ്രേയസ് അയ്യർ(7) എന്നിവരും പുറത്തായി.

Advertising
Advertising

അതേസമയം, ഈഡൻ ഗാർഡനിൽ മഴ പെയ്തതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്-മുംബൈ ഇന്ത്യൻസ് മത്സരം ഒരു മണിക്കൂറിലേറെ വൈകിയാണ് ആരംഭിച്ചത്. 9.15 ഓടെയാണ് കളി പുനരാരംഭിച്ചത്. 16 ഓവറിലേക്ക് പുന:ക്രമീകരിച്ച മത്സരത്തിൽ ടോസ് നേടിയ മുംബൈ കൊൽക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു. കളി 16 ഓവറാക്കിയതിനാൽ ഇരുടീമുകളിലും ഒരുതാരത്തിന് മാത്രമാകും 4 ഓവർ എറിയാനാകുക. ഇതിനകം പ്ലേഓഫ് കാണാതെ മുംബൈ പുറത്തായി. കൊൽക്കത്ത പോയന്റ് ടേബിളിൽ ഒന്നാമതാണ്. ഇന്ന് വിജയിച്ചാൽ ഹോം ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് സീസണിൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി മാറാനാകും. 11 മത്സരങ്ങളിൽ നിന്ന് 16 പോയിൻറുമായി ടേബിളിൽ ഒന്നാമതാണ് നിലവിൽ കെകെആർ. കരുത്തരായ സൺറൈസേഴ്സ് ഹൈദരാബാദിനെ വാംഖഡെയിൽ മുട്ടുകുത്തിച്ച ആത്മവിശ്വാസത്തോടെയാണ് മുംബൈ ടീം കൊൽക്കത്തയിൽ എത്തിയിരിക്കുന്നത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News