മുൻ ടീമിനെതിരെ ഫിഫ്റ്റിയടിച്ച് രാഹുലിന്റെ മറുപടി; ലഖ്‌നൗവിനെ എട്ട് വിക്കറ്റിന് തകർത്ത് ഡൽഹി

ജയത്തോടെ ഡൽഹി ക്യാപിറ്റൽസ് പോയന്റ് ടേബിളിൽ രണ്ടാംസ്ഥാനത്ത് തുടരുന്നു

Update: 2025-04-22 18:09 GMT
Editor : Sharafudheen TK | By : Sports Desk

ലഖ്‌നൗ: ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് എട്ട് വിക്കറ്റ് ജയം. ലഖ്‌നൗ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം 13 പന്തുകൾ ബാക്കിനിൽക്കെ ഡൽഹി മറികടന്നു. മുൻ ടീമിനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത കെഎൽ രാഹുൽ അർധ സെഞ്ചറിയുമായി (42 പന്തിൽ 57) പുറത്താകാതെ നിന്നു. മൂന്ന് ഫോറും സിക്‌സറും സഹിതമാണ് കെഎൽ രാഹുൽ ഫിഫ്റ്റിയടിച്ചത്. അഭിഷേക് പൊറേൽ(36 പന്തിൽ 51), അക്‌സർ പട്ടേൽ(20 പന്തിൽ 34) മികച്ച പിന്തുണ നൽകി. മലയാളി താരം കരുൺ നായർ 15 റൺസെടുത്ത് മടങ്ങി. കഴിഞ്ഞ സീസണിൽ ലഖ്നൗ ക്യാപ്റ്റനായിരുന്ന കെ എൽ രാഹുലിന് ടീം ഉടമ സഞ്ജീവ് ഗോയങ്കയിൽ നിന്നും പരസ്യ ശകാരവും അപമാനവും നേരിടേണ്ടിവന്നത് വലിയ ചർച്ചയായിരുന്നു. തുടർന്ന് മെഗാതാരലേലത്തിൽ ലഖ്‌നൗ ഋഷഭ് പന്തിനെ 27 കോടി ചെലവിട്ട് കൂടാരത്തിലെത്തിക്കുകയായിരുന്നു

Advertising
Advertising

 നേരത്തെ നാല് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറിന്റെ ബൗളിങ് കരുത്തിലാണ് ഡൽഹിയെ 159ൽ ഒതുക്കിയത്. ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രം(33 പന്തിൽ 52) റൺസെടുത്ത് ടോപ് സ്‌കോററായി. മിച്ചൽ മാർഷ്(45), ആയുഷ് ബധോനി(36) എന്നിവരും മികച്ച പിന്തുണ നൽകി. ഏഴാമനായി ക്രീസിലെത്തിയ ലഖ്‌നൗ ക്യാപ്റ്റൻ ഋഷഭ് പന്ത് പൂജ്യത്തിന് മടങ്ങി.

ലഖ്‌നൗ തട്ടകമായ എകാന സ്റ്റേഡിയത്തിൽ 160 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഡൽഹിക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. അഭിഷേക് പൊറേൽ-കരുൺ നായർ കൂട്ടുകെട്ട് ആദ്യഓവറുകളിൽ തകർത്തടിച്ചതോടെ റണ്ണൊഴുകി. എന്നാൽ നാലാം ഓവറിൽ കരുൺ നായർ(15) പുറത്തായി. എയ്ഡൻ മാർക്രത്തെ സിക്‌സർ പറത്തിയ കരുൺ തൊട്ടടുത്ത പന്തും വലിയ ഷോട്ടിന് ശ്രമിച്ചെങ്കിലും പാഡിൽ ഉരസി ബൗൾഡായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കെ.എൽ രാഹുൽ-പൊറേൽ സഖ്യം ടീമിനെ വിജയത്തിലേക്ക് നയിച്ചു. 12ാം ഓവറിൽ അഭിഷേക് പൊറേൽ മടങ്ങിയെങ്കിലും അക്‌സർ പട്ടേൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തതോടെ 17.5 ഓവറിൽ ഡൽഹി ക്യാപിറ്റൽസ് ലക്ഷ്യം മറികടന്നു. ജയത്തോടെ 12 പോയന്റുമായി ഡൽഹി രണ്ടാംസ്ഥാനത്ത് തുടരുന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് 159 റൺസ് പടുത്തുയർത്തിയത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News