'എല്ലാ ജില്ലയിലും ക്രിക്കറ്റ് ഗ്രൗണ്ട്, അടിസ്ഥാന സൗകര്യ വികസനം; പ്രഖ്യാപനവുമായി കെസിഎ
അഡ്വ. ശ്രീജിത്ത് വി.നായർ പ്രസിഡന്റും വിനോദ് എസ് കുമാർ സെക്രട്ടറിയായി പുതിയ കെസിഎ ഭരണസമിതയെ തെരഞ്ഞെടുത്തു
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന അസോസിയേഷന്റെ 75-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്. കെസിഎ മുൻ ട്രഷററായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള അഡ്വ. ശ്രീജിത്ത് വി. നായർ ആണ് പ്രസിഡന്റ്. അപെക്‌സ് കൗൺസിൽ അംഗമായിരുന്ന സതീശൻ കെ. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ സെക്രട്ടറി വിനോദ് എസ്. കുമാറും, ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരിയും അതേ സ്ഥാനങ്ങളിൽ തുടരും. പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായ ടി. അജിത് കുമാറാണ് ട്രഷറർ. അപെക്‌സ് കൗൺസിലിലേക്കുള്ള ജനറൽ ബോഡി പ്രതിനിധിയായി കാസർകോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് നൗഫൽ ടി. ചുമതലയേൽക്കും.
കേരളത്തിലെ ക്രിക്കറ്റ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരു വർഷത്തെ സമഗ്ര വികസന കർമ്മപദ്ധതി പ്രഖ്യാപിച്ചു. 14 ജില്ലകളിലും ക്രിക്കറ്റ് ഗ്രൗണ്ടുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും കെസിഎ നിർമ്മിക്കും. ക്രിക്കറ്റ് ഗ്രൗണ്ടിനോട് അനുബന്ധിച്ച് മറ്റു കായിക ഇനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യവും വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
വനിതാ ക്രിക്കറ്റ് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് കേരള വനിതാ പ്രീമിയർ ലീഗ് ഉടൻ ആരംഭിക്കും. വനിതാ താരങ്ങൾക്ക് കൃത്യമായ മത്സരവേദികൾ ഒരുക്കുന്നതിലൂടെ സംസ്ഥാനത്ത് കരുത്തുറ്റ ഒരു വനിതാ ക്രിക്കറ്റ് നിരയെ വാർത്തെടുക്കാൻ സാധിക്കുമെന്ന് സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു. യുവപ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്ക് ശാസ്ത്രീയമായ പരിശീലനം നൽകുന്നതിനുമായി പ്രത്യേക 'കെസിഎ ക്രിക്കറ്റ് അക്കാദമികൾ ഇടുക്കിയിലും തിരുവനന്തപുരത്തും പ്രവർത്തനമാരംഭിക്കുമെന്നും ഭാവരവാഹികൾ വ്യക്തമാക്കി.