ട്രാക്കിലായി ഗുജറാത്ത്; രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ മികച്ച നിലയിൽ, 222-1
മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ പ്രിയങ്ക് പാഞ്ചലും (117), മനൻ ഹിഗ്രജിയ(30)യുമാണ് ക്രീസിൽ.
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിയിൽ കേരളത്തിനെതിരെ പിടിമുറുക്കി ഗുജറാത്ത്. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 457നെതിരെ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. പ്രിയങ്ക് പാഞ്ചലും (117), മനൻ ഹിഗ്രജിയ(30)യുമാണ് ക്രീസിൽ. ആര്യ ദേശായിയുടെ (73) വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. നേരത്തെ മുഹമ്മദ് അസ്ഹറുദ്ദീൻ പുറത്താവാതെ നേടിയ 177 റൺസാണ് കേരളത്തെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. സച്ചിൻ ബേബി (69), സൽമാൻ നിസാർ (52) എന്നിവരും തിളങ്ങി.
നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ മൂന്നാം ദിനം ബാറ്റിങിനിറങ്ങിയ ആതിഥേയർ തുടക്കത്തിൽ ആക്രമിച്ച് കളിക്കുകയായിരുന്നു. മൂന്നാം ദിനം സ്പിന്നർമാരെ തുണക്കുമെന്ന് പ്രതീക്ഷിച്ച പിച്ചിൽ നിന്ന് കാര്യമായ ടേൺ കേരളത്തിന് ലഭിച്ചില്ല. കേരള സ്പിന്നർമാരായ ജലജ് സക്സേന, ആദിത്യ സർവാതെ എന്നിവർ നിരാശപ്പെടുത്തി. എൻ ബേസിലാണ് ഗുജറാത്തിന്റെ ഏക വിക്കറ്റ് വീഴ്ത്തിയത്.
ഓപ്പണിംഗ് വിക്കറ്റിലെ 131 റൺസ് കൂട്ടുകെട്ട് അവസാനിപ്പിച്ച് ആര്യ ദേശായിയെ ബേസിൽ ബൗൾഡാക്കുകയായിരുന്നു. പ്രിയങ്ക് - മനൻ സഖ്യം മൂന്നാംദിനം സ്റ്റമ്പെടുക്കുന്നതുവരെ 91 റൺസ് കൂട്ടിചേർത്തു. ഇതിനിടെ പാഞ്ചൽ സെഞ്ചുറി പൂർത്തിയാക്കി. നാലാംദിനം ആദ്യ സെഷനിൽ തന്നെ ഗുജറാത്തിന്റെ കൂട്ടുകെട്ട് പൊളിക്കാനായില്ലെങ്കിൽ കേരളത്തിന്റെ നിലപരുങ്ങലിലാകും.