അർധ സെഞ്ച്വറിയുമായി സർവാതെ; രഞ്ജി ഫൈനലിൽ വിദർഭക്കെതിരെ ചുവടുറപ്പിച്ച് കേരളം, 131-3

രണ്ടാംദിനം കളി അവസാനിക്കുമ്പോൾ ആദിത്യ സർവാതെയും(66) സച്ചിൻ ബേബിയുമാണ്(7) ക്രീസിൽ

Update: 2025-02-27 13:23 GMT
Editor : Sharafudheen TK | By : Sports Desk

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭക്കെതിരെ തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറി കേരളം. രണ്ടാംദിനം കളി അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 എന്ന നിലയിലാണ്. 66 റൺസുമായി ആദിത്യ സർവാതെയും 7 റൺസുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയുമായണ് ക്രീസിൽ. ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മലിന്റേയും(0), അക്ഷയ് ചന്ദ്രന്റേയും(14), അഹമ്മദ് ഇമ്രാന്റേയും(37) വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. വിദർഭക്കായി ദർശൻ നാൽക്കണ്ഡെ രണ്ടും യാഷ് താക്കൂർ ഒരു വിക്കറ്റും നേടി.

രണ്ടാംദിനം വിദർഭയുടെ പോരാട്ടം 379ൽ അവസാനിപ്പിച്ച സന്ദർശകരുടെ തുടക്കം മികച്ചതായില്ല. ദർശൻ നാൽക്കണ്ഡെ എറിഞ്ഞ കേരള ഇന്നിങ്‌സിലെ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ രോഹൻ കുന്നുമ്മൽ(0) ബൗൾഡായി മടങ്ങി. 11 പന്തിൽ മൂന്ന് ബൗണ്ടറികൾ സഹിതം 14 റൺസെടുത്ത അക്ഷയ് ചന്ദ്രനെയും നാൽക്കണ്ഡെ മടക്കി. ഇതോടെ 14-2ലേക്ക് വീണ കേരളം  പ്രതിരോധത്തിലായി. എന്നാൽ നാലാമനായി സച്ചിൻ ബേബിക്ക് പകരം ഇറങ്ങിയ മുൻ വിദർഭ താരം കൂടിയായ ആദിത്യ സർവാതെ മികച്ചരീതിയിൽ ബാറ്റുവീശി. 90 പന്തിൽ അർധസെഞ്ചുറി തികച്ച സർവാതെ അഹമ്മദ് ഇമ്രാനുമൊത്ത് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 93 റൺസ് കൂട്ടിച്ചേർത്തു. ഇമ്രാനെ(37) പുറത്താക്കി യാഷ് താക്കൂർ ആതിഥേയർക്ക് ബ്രേക്ക് ത്രൂ നൽകി. എന്നാൽ അഞ്ചാമനായി ക്രീസിലെത്തിയ സച്ചിൻ ബേബി(7) പ്രതിരോധിച്ച് നിന്നതോടെ രണ്ടാംദിനം നഷ്ടമില്ലാതെ അവസാനിപ്പിക്കാൻ കേരളത്തിനായി.

 നേരത്തെ നാല് വിക്കറ്റിന് 254 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുന:രാരംഭിച്ച വിദർഭയെ കേരളത്തിന് 379 റൺസിന് പുറത്താക്കാനായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ എം ഡി നിധീഷും ഏദൻ ആപ്പിൾ ടോമും രണ്ടാംദിനം മികച്ച പ്രകടനം നടത്തി. ഡാനിഷ് മലേവാറാണ്(153) വിദർഭയുടെ ടോപ് സ്‌കോറർ.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News