റിങ്കു കൊടുങ്കാറ്റിൽ ഉലയാതെ ലഖ്‌നൗ, പ്ലേ ഓഫ് ഉറപ്പിച്ചു; കൊൽക്കത്തയ്‌ക്കെതിരെ ജയം ഒരു റണ്ണിന്‌

67 റൺസടിച്ച് അവസാന പന്ത് വരെ പോരാടിയ റിങ്കു സിംഗിന്റെ പ്രയത്‌നം വിജയിച്ചില്ല

Update: 2023-05-20 18:30 GMT
നിർണായക മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലഖ്‌നൗ സൂപ്പർ ജയൻറ്‌സിന് ഒരു റൺ വിജയം. ജയത്തോടെ ടീം പ്ലേ ഓഫ് റൗണ്ടിൽ ഇടം ഉറപ്പിച്ചു. 14 മത്സരങ്ങളിൽ നിന്ന് 17 പോയിൻറുള്ള ടീം മൂന്നാമതാണുള്ളത്. ആദ്യം ബാറ്റ് ചെയ്ത് ലഖ്‌നൗ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം മറികടക്കാനുള്ള കൊൽക്കത്തൻ പോരാട്ടം ഒരു റൺ അകലെ വരെയെത്തി. 67 റൺസടിച്ച് അവസാന പന്ത് വരെ പോരാടിയ റിങ്കു സിംഗിന്റെ പ്രയത്‌നം വിജയിച്ചില്ല. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് ടീം നേടിയത്.
Advertising
Advertising

ഓപ്പണറായ ജേസൺ റോയ് (45), വെങ്കിടേഷ് അയ്യർ (24), റഹ്മാനുല്ലാ ഗുർബാസ് (10) എന്നിവരാണ് കൊൽക്കത്തൻ നിരയിൽ രണ്ടക്കം കണ്ട ഇതര ബാറ്റർമാർ. ലഖ്‌നൗവിനായി യാഷ് താക്കൂർ, രവി ബിഷ്‌ണോയി എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി. ക്രുണാൽ പാണ്ഡ്യയും കൃഷ്ണപ്പ ഗൗതമും ഓരോ വിക്കറ്റ് നേടി. സുനിൽ നരയ്ൻ റണ്ണൗട്ടായി. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ലഖ്‌നൗ 176 റൺസെടുത്തിരുന്നത്.

വലിയ മാർജിനിൽ ലഖ്‌നൗവിനെ മറികടന്നാൽ മാത്രമേ കൊൽക്കത്തക്ക് പ്ലേ ഓഫിലേക്ക് നേരിയ സാധ്യതയെങ്കിലും അവശേഷിക്കുമായിരുന്നുള്ളൂ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ലഖ്‌നൗവിനായി നിക്കോളാസ് പൂരന് മാത്രമാണ് കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞത്. 30 പന്തിൽ നാല് ബൗണ്ടറികളും അഞ്ച് സിക്‌സറുമുൾപ്പെടെ പൂരൻ 58 റൺസെടുത്തു. 28 റൺസെടുത്ത ക്വിൻറൺ ഡികൊക്ക് ആണ് ലഖ്‌നൗ നിരയിലെ അടുത്ത ടോപ് സ്‌കോറർ.

കൊൽക്കത്തക്കായി വൈഭവ് അറോറ രണ്ട് വിക്കറ്റു വീഴ്ത്തി.

Lucknow Supergiants win by one run against Kolkata Knight Riders in IPL decider

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News