കേരളത്തിനെതിരെ മധ്യപ്രദേശിന് ബാറ്റിങ് തകർച്ച; ആറ് വിക്കറ്റിന് 155 റൺസെന്ന നിലയിൽ

Update: 2025-11-17 16:20 GMT
Editor : Harikrishnan S | By : Sports Desk

ഇൻഡോർ: രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് മുൻതൂക്കം. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ആറ് വിക്കറ്റിന് 155 റൺസെന്ന നിലയിലാണ് മധ്യപ്രദേശ്. നേരത്തെ കേരളത്തിൻ്റെ ആദ്യ ഇന്നിങ്‌സ് 281-ന് അവസാനിച്ചിരുന്നു.

ഏഴ് വിക്കറ്റിന് 246 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് ഇന്നിങ്‌സ് അധികം മുന്നോട്ടു നീക്കാനായില്ല. 35 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി. ശ്രീഹരി എസ്. നായരുടെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. ഏഴ് റൺസെടുത്ത ശ്രീഹരി, മൊഹമ്മദ് അർഷദ് ഖാൻ്റെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. വൈകാതെ ബാബ അപരാജിതിനെ കുൽദീപ് സെന്നും പുറത്താക്കി. സെഞ്ചുറിക്ക് രണ്ട് റൺസ് അകലെ 98 റൺസിൽ നിൽക്കെയാണ് അപരാജിത് പുറത്തായത്. 186 പന്തുകൾ നേരിട്ട് എട്ട് ബൗണ്ടറികളടക്കമാണ് അപരാജിത് 98 റൺസ് നേടിയത്. ഏഴ് റൺസെടുത്ത നിധീഷ് എം.ഡി. കൂടി പുറത്തായതോടെ കേരളത്തിൻ്റെ ഇന്നിങ്‌സ് 281-ൽ അവസാനിച്ചു. ഏദൻ ആപ്പിൾ ടോം ഒൻപത് റൺസുമായി പുറത്താകാതെ നിന്നു. മധ്യപ്രദേശിന് വേണ്ടി മൊഹമ്മദ് അർഷദ് ഖാൻ നാലും സരൻഷ് ജെയിൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

Advertising
Advertising

\മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശിന് തുടക്കത്തിൽ തന്നെ യഷ് ദുബെയുടെ വിക്കറ്റ് നഷ്ടമായി. അഭിജിത് പ്രവീണിൻ്റെ പന്തിൽ ദുബെ പൂജ്യത്തിന് ക്ലീൻ ബൗൾഡാവുകയായിരുന്നു. 21 റൺസെടുത്ത ഹർഷ് ഗാവ്ലിയെ നിധീഷ് എം.ഡി. എൽബിഡബ്ല്യുവിൽ കുടുക്കി. ക്യാപ്റ്റൻ ശുഭം ശർമയെയും ഹർപ്രീത് സിങ്ങിനെയും തുടരെയുള്ള പന്തുകളിൽ പുറത്താക്കി ഏദൻ ആപ്പിൾ ടോം കളി കേരളത്തിന് അനുകൂലമാക്കി. ഇരുവരും എൽബിഡബ്ല്യുവിലൂടെയാണ് പുറത്തായത്. മറുവശത്ത് ഉറച്ചുനിന്ന ഹിമാൻഷു മന്ത്രിയെ നിധീഷ് പുറത്താക്കിയതോടെ അഞ്ച് വിക്കറ്റിന് 73 റൺസെന്ന നിലയിലായിരുന്നു മധ്യപ്രദേശ്. ഋഷഭ് ചൗഹാനും സാരാൻഷ് ജെയിനും ചേർന്ന് ചെറിയൊരു ചെറുത്തുനിൽപ്പിന് തുടക്കമിട്ടെങ്കിലും ഋഷഭിനെ പുറത്താക്കി ബാബ അപരാജിത് മധ്യപ്രദേശിന് വീണ്ടും പ്രഹരമേൽപ്പിച്ചു. 21 റൺസായിരുന്നു ഋഷഭ് നേടിയത്.

എന്നാൽ സരൻഷ് ജെയിനും ആര്യൻ പാണ്ഡെയും ചേർന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ട് മധ്യപ്രദേശിന് പ്രതീക്ഷയാവുകയാണ്. ഇരുവരും ചേർന്ന് ഇതിനകം 54 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. കളി നിർത്തുമ്പോൾ സരൻഷ് 41ഉം, ആര്യൻ 33 റൺസുമായി ക്രീസിലുണ്ട്. കേരളത്തിന് വേണ്ടി നിധീഷ് എം.ഡി യും ഏദൻ ആപ്പിൾ ടോമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News