ധോണി തന്നോട് 'അനീതി' കാണിച്ചു, സെവാഗ് സ്വന്തം ബാറ്റിംഗ് പൊസിഷൻ പോലും തനിക്കായി ത്യജിച്ചെന്ന് മനോജ് തിവാരി

എം എസ് ധോണിക്കെതിരെ നേരത്തെയും ആരോപണവുമായി താരം രംഗത്തെത്തിയിരുന്നു

Update: 2025-08-31 04:41 GMT
Editor : Harikrishnan S | By : Sports Desk

കൊൽക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബാറ്റ്സ്മാന്‍ മനോജ് തിവാരി എംഎസ് ധോണിക്കെതിരെ 'അനീതി' ആരോപണവുമായി വീണ്ടും രംഗത്ത്. തന്റെ കരിയറില്‍ വീരേന്ദര്‍ സെവാഗ് വഹിച്ച പങ്കിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. 2011-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഇരട്ട സെഞ്ച്വറി നേടിയ ശേഷം സെവാഗ് തന്റെ സ്ഥാനം തിവാരിക്ക് നല്‍കാന്‍ തീരുമാനിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ 'അനീതി'ക്ക് ഇരയായതായി സെവാഗിന് തോന്നിയിട്ടുണ്ടാകും. അതിന്റെ ഫലമായി അദ്ദേഹം തന്റെ നാലാംനമ്പര്‍ ബാറ്റിങ് സ്ഥാനം തിവാരിക്ക് വിട്ടുകൊടുക്കാന്‍ തയ്യാറായെന്നും തിവാരി പറഞ്ഞു. അവസരം മുതലെടുത്ത തിവാരി സെഞ്ച്വറി നേടി. എന്നാലും നേരത്തെ തന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് ധോണിയെ കുറ്റപ്പെടുത്തുകയും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെതിരെ 'ഫേവറിസം' ആരോപിക്കുകയും ചെയ്തിരുന്നു. സമാനമായി മറ്റു പല താരങ്ങളും സ്പോര്‍ട്സ് മീഡിയകളും നേരത്തേ ധോണിക്കെതിരെ 'ഫേവറിസം' ആരോപിച്ച് രംഗത്തെത്തിയിരുന്നു. ദേശീയ ടീമിനുവേണ്ടി ഒരു ഏകദിന സെഞ്ച്വറി നേടിയതിന് തൊട്ടുപിന്നാലെ, തിവാരി ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. അതോടെ താരത്തിന്റെ കരിയര്‍ ഒരുപാട് കയറ്റിറക്കങ്ങളിലൂടെ കടന്നുപോയി.

Advertising
Advertising

'എനിക്ക് വീരേന്ദര്‍ സെവാഗിന്റെ പിന്തുണ ലഭിച്ചിട്ടുണ്ട്. വീരു പാജി എന്നെ നന്നായി പിന്തുണച്ച വ്യക്തികളില്‍ ഒരാളാണെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയതിന് പിന്നില്‍ അദ്ദേഹം നല്‍കിയ പ്രചോദനമാണ്. അദ്ദേഹം സ്വയം വിശ്രമമെടുത്ത് തന്റെ സ്ഥാനം എനിക്ക് നല്‍കുകയായിരുന്നു. ആ പരമ്പരയില്‍ സെവാഗ് ഇരട്ട സെഞ്ച്വറി നേടിയത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ട് കൂടുതല്‍ റണ്‍സ് നേടാന്‍ അദ്ദേഹം ആഗ്രഹിക്കുമായിരുന്നു. പക്ഷേ അദ്ദേഹം വളരെ നല്ലൊരു മനുഷ്യനായതുകൊണ്ടാണ് തന്റെ സ്ഥാനം എനിക്കായി നല്‍കിയത്. ഇന്ത്യന്‍ ടീമിലെ എന്റെ കരിയര്‍ വര്‍ഷങ്ങളായി അദ്ദേഹം നിരീക്ഷിച്ചിരുന്നു. എന്നോട് ചെറിയ അനീതി സംഭവിച്ചതായി അദ്ദേഹത്തിന് തോന്നിയിരിക്കണം, തിവാരി ഒരു ഓണ്‍ലൈന്‍ ചാനലില്‍ നടത്തിയ സംഭാഷണത്തില്‍ പറഞ്ഞു.

'സെവാഗിന് പകരം ആ മത്സരത്തില്‍ ടീമിനെ നയിച്ച ഗൗതം ഗംഭീറിനോട് അദ്ദേഹം ഇക്കാര്യം പറഞ്ഞു. മനോജ് നാലാംനമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് അദ്ദേഹം അറിയിച്ചു. ഞാന്‍ എന്നെന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും,' തിവാരി കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News