ഷെയ്ൻ വോൺ മികച്ച സ്പിന്നറായിരുന്നില്ലെന്ന പരാമർശം; മാപ്പു പറഞ്ഞ് സുനിൽ ഗവാസ്‌കർ

ഗവാസ്‌കറുടെ വിവാദ പരാമർശത്തിനെതിരെ നിരവധി ആരാധകർ വിമർശനവുമായി രംഗത്തെത്തിയിരുന്നു

Update: 2022-03-08 12:11 GMT
Editor : afsal137 | By : Web Desk
Advertising

ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിനെതിരായ വിവാദ പരാമർശത്തിൽ മാപ്പു പറഞ്ഞ് കമന്റേറ്ററും മുൻ ഇന്ത്യൻ താരവുമായ സുനിൽ ഗവാസ്‌കർ. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ ഖേദ പ്രകടനം. ഷെയിൻ വോൺ എക്കാലത്തെയും മികച്ച സ്പിന്നറല്ലെന്നായിരുന്നു മുൻ ഇന്ത്യൻ താരത്തിന്റെ വിവാദ പരാമർശം. വോൺ ക്രിക്കറ്റിന് മഹത്തായ സംഭാവനകൾ നൽകിയിട്ടുള്ളയാളാണ്, പക്ഷേ ഇന്ത്യൻ സ്പിന്നർമാരും ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനുമാണ് എക്കാലത്തെയും മികച്ച സ്പിന്നർമാരെന്നും ഗവാസ്‌കർ പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഷെയ്ൻ വോണിന് സ്പിന്നിനെ നല്ല രീതിയിൽ കളിക്കുന്ന ഇന്ത്യൻ ബാറ്റർമാർക്കെതിരെയോ സ്പിന്നിനെ സഹായിക്കുന്ന ഇന്ത്യൻ പിച്ചുകളിലോ മികച്ച റെക്കോർഡില്ലെന്നും ഗവാസ്‌കർ പറഞ്ഞു. 'ഇന്ത്യയിലും ഇന്ത്യൻ ബാറ്റർമാർക്കെതിരെയും വോണിന്റേത് ശരാശരി പ്രകടനം മാത്രമായിരുന്നു. വോൺ ഒരേയൊരു തവണ മാത്രമാണ് ഇന്ത്യയിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയിട്ടുള്ളത്. അതും സഹീർ ഖാൻ വമ്പനടിക്ക് ശ്രമിച്ചപ്പോൾ കിട്ടിയതാണ്. എന്നാൽ മുരധീധരൻ ഇന്ത്യക്കെതിരെയും ഇന്ത്യയിലും വോണിനെക്കാൾ മികച്ച പ്രകടനമാണ്‌ നടത്തിയിട്ടുള്ളത്.

ഇന്ത്യക്കാർക്കെതിരെയും ഇന്ത്യയിലും മികച്ച പ്രകടനം നടത്താത്ത ഒരാളെ എങ്ങെനെയാണ് എക്കാലത്തെയും മികച്ച സ്പിന്നർ എന്ന് വിശേഷിപ്പിക്കുക.?'' ഗവാസ്‌കർ ചോദിച്ചു. ഷെയ്ൻ വോൺ എക്കാലത്തെയും മികച്ച സ്പിന്നറായിരുന്നോ എന്നായിരുന്നു അഭിമുഖത്തിൽ അവതാരകന്റെ ചോദ്യം. എന്നാൽ ചോദ്യത്തിന് ഉത്തരം നൽകേണ്ടിയില്ലായിരുന്നുവെന്ന് ഗവാസ്‌കർ വ്യക്തമാക്കി. ക്രിക്കറ്റിനെ മനോഹരമാക്കുന്നതിൽ വലിയ പങ്കുവഹിച്ച താരമാണ് ഷെയ്ൻ വോണെന്നും റോഡ്നി മാർഷും അതുപോലെയാണെന്നും, ഇരുവരുടെയും വിയോഗം കനത്ത നഷ്ടമാണുണ്ടാക്കിയതെന്നും ഗവാസ്‌കർ കൂട്ടിച്ചേർത്തു.

ഗവാസ്‌കറുടെ വിവാദ പരാമർശത്തിനെതിരെ നിരവധി ആരാധകർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഗവാസ്‌കറെ കമന്ററിയിൽ നിന്നും ടെലിവിഷൻ പരിപാടികളിൽ നിന്നും ഒഴിവാക്കണമെന്നും ആരാധകർ ആവശ്യപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 52കാരനായ വോണിനെ തായ്‌ലൻഡിലെ വില്ലയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ടെസ്റ്റിൽ 708 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള വോൺ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാണ്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News