'ജാവലിൻ എറിയാൻ അനുയോജ്യൻ ഈ ക്രിക്കറ്റ് താരം'; സിദ്ദുവിന്റെ ചോദ്യത്തിന് നീരജിന്റെ മറുപടി- വീഡിയോ
ജൂലൈയിൽ ബെംഗളൂരുവിൽ നടക്കുന്ന നീരജ് ചോപ്ര ക്ലാസിക് മത്സരത്തിനുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ അത്‌ലറ്റ്
ന്യൂഡൽഹി: വിരാട് കോഹ്‌ലിയോ രോഹിത് ശർമയോ ശുഭ്മാൻ ഗില്ലോ അല്ല... ഇന്ത്യൻ ക്രിക്കറ്റർമാരിൽ ജാവലിൻ ത്രോ എറിയാൻ അനുയോജ്യനായ താരത്തെ തെരഞ്ഞെടുത്ത് ഒളിംപിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര. മുൻ ഇന്ത്യൻ താരം നവജോത് സിങ് സിദ്ദുവുമായി നടത്തിയ അഭിമുഖത്തിനിടെയാണ് ഇന്ത്യൻ ടീമിലെ ജാവലിൻ സ്‌പെഷ്യലിസ്റ്റിനെ ചോപ്ര കണ്ടെത്തിയത്.
Neeraj Chopra on being asked about a Indian cricketer who could dominate Javelin Throw!
— The Khel India (@TheKhelIndia) June 27, 2025
👀pic.twitter.com/m7eTJLkiGH
ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെയാണ് ജാവലിൻ എറിയാൻ ഫിറ്റായ താരമായി നീരജ് തെരഞ്ഞെടുത്തത്. 'ഒരു ഫാസ്റ്റ് ബൗളർക്കാകും ജാവലിൻ വിജയകരമായി എറിയാനാകുക. ബുംറയുടെ ത്രോ കാണാൻ ആഗ്രഹമുണ്ട്'- ജാവലിൻ ലോക ഒന്നാം നമ്പർ താരം കൂടിയായ 27 കാരൻ പറഞ്ഞു. 'ഫാസ്റ്റ് ബൗളർമാർക്കും ജാവലിൻ ത്രോയിൽ പങ്കെടുക്കുന്നവർക്കും മികച്ച റൺ-അപ്പ് ആവശ്യമാണ്. നല്ല വേഗതയും സമയനിഷ്ഠയും പ്രധാനമാണ്. അതേപോലെ റിലീസ് ചെയ്യുമ്പോൾ കാലുകൾ, തോളുകൾ എന്നിവയുടെ പൊസിഷനും പ്രധാനമാണ്' -നീരജ് ചോപ്ര കൂട്ടിചേർത്തു
ചെക് റിപ്പബ്ലിക്കിൽ അടുത്തിടെ നടന്ന ലോക അത്‌ലറ്റിക്‌സ് കോണ്ടിനെന്റൽ മീറ്റിൽ നീരജ് ഒന്നാമതെത്തിയിരുന്നു. 85.29 മീറ്റർ ദൂരമാണ് യുവ അത്‌ലറ്റ് കീഴടക്കിയത്. മാസങ്ങൾക്ക് മുൻപ് ദോഹ ഡയമണ്ട് ലീഗ് മത്സരത്തിൽ 90.23 മീറ്റർ എറിഞ്ഞ് കരിയറിലെ മികച്ച ദൂരവും നീരജ് പിന്നിട്ടിരുന്നു. നിലവിൽ ലോകത്തിലെ മികച്ച ബൗളറാണ് ബുംറ. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ലീഡ്‌സ് ടെസ്റ്റിൽ അഞ്ചുവിക്കറ്റുമായി താരം ശ്രദ്ധേയ പ്രകടനം പുറത്തെടുത്തിരുന്നു.