തകർത്തടിച്ച് അഭിഷേക്, എറിഞ്ഞുവീഴ്ത്തി ബുംറ; കിവീസിനെതിരെ ഇന്ത്യക്ക് അനായാസ ജയം, പരമ്പര
14 പന്തിൽ 50 റൺസ് അടിച്ചെടുത്ത അഭിഷേക് ടി20യിൽ വേഗത്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി
ഗുവഹാത്തി: ന്യൂസിലൻഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ(3-0). ഗുവഹാത്തി ബർസപുര സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടി20യിൽ എട്ട് വിക്കറ്റിനാണ് ജയം സ്വന്തമാക്കിയത്. ന്യൂസിലൻഡ് ഉയർത്തിയ 154 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ 10 ഓവർ ബാക്കിനിൽക്കെ അനായാസം ലക്ഷ്യംമറികടന്നു. 20 പന്തിൽ 68 റൺസുമായി അഭിഷേക് ശർമയും 26 പന്തിൽ 57 റൺസുമായി സൂര്യകുമാർ യാദവും പുറത്താകാതെ നിന്നു. 14 പന്തിൽ അർധ സെഞ്ചുറി പൂർത്തിയാക്കിയ അഭിഷേക് ശർമ ഇന്ത്യക്കാരന്റെ രണ്ടാമത്തെ അതിവേഗ ഫിഫ്റ്റിയെന്ന നേട്ടവും സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ന്യൂസിലൻഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 153 റൺസ് നേടിയത്. 48 റൺസെടുത്ത ഗ്ലെൻ ഫിലിപ്പ്‌സാണ് ടോപ് സ്‌കോററർ. ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി.
പവർ പ്ലേയിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോറും ഇന്നത്തെ മത്സരത്തിൽ പിറന്നു. ആറ് ഓവറിൽ 94 റൺസാണ് ഇന്ത്യ സ്‌കോർബോർഡിൽ ചേർത്തത്. ഇന്നിങ്‌സിലെ ആദ്യ പന്തിൽ തന്നെ സഞ്ജു സാംസണിന്റെ (0) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. മാറ്റ് ഹെന്റിയുടെ പന്തിൽ ക്ലീൻബൗൾഡായാണ് താരം മടങ്ങിയത്. പിന്നാലെ ഇഷാൻ കിഷൻ (13 പന്തിൽ 28) അഭിഷേക് സഖ്യം 53 റൺസ് കൂട്ടിചേർത്തു. നാലാം ഓവറിലാണ് എന്നാൽ നാലാം ഓവറിൽ കിഷനെ സ്പിന്നർ സോധി മടക്കി. എന്നാൽ അഭിഷേകിന് കൂട്ടായി സൂര്യകുമാർ എത്തിയതോടെ ഇന്ത്യൻ സ്‌കോർ അതിവേഗം ഉയർന്നു. കഴിഞ്ഞ മത്സരത്തിൽ അവസാനിപ്പിച്ചിടത്തുനിന്ന് തുടങ്ങിയ ഇന്ത്യൻ ക്യാപ്റ്റൻ തന്റെ ഫേവറേറ്റ് ഷോട്ടുകൾ ഓരോന്നായി പുറത്തെടുത്തു. 20 പന്തിൽ അഞ്ച് സിക്‌സറും ഏഴ് ഫോറും സഹിതമാണ് അഭിഷേക് 68 റൺസെടുത്തത്. 26 പന്തിൽ ആറ് ഫോറും മൂന്ന് സിക്‌സറുമടക്കമാണ് സൂര്യ അർധ സെഞ്ച്വറി(57) പൂർത്തിയാക്കിയത്.