അംപയര്‍ വൈഡ് അനുവദിച്ചില്ല; ക്രീസില്‍ വീണ്ടും ശ്രദ്ധേയനായി 'ആന്‍ഗ്രി' പൊള്ളാര്‍ഡ്

ഇത്തവണയും വളരെ വ്യത്യസ്തമായാണ് പൊള്ളാര്‍ഡ് അംപയറോട് തന്‍റെ പ്രതിഷേധം അറിയിച്ചത്.

Update: 2021-09-01 14:15 GMT
Editor : Suhail | By : Web Desk

ക്രീസിലെ റിബല്‍മാനാണ് വെസ്റ്റിന്‍ഡീസ് താരം കിറോണ്‍ പൊള്ളാര്‍ഡ്. ബൗളര്‍മാര്‍ എറിഞ്ഞു കൊടുക്കുന്ന പന്ത് ബൗണ്ടറി കടത്തി എതിര്‍ ടീമുകാര്‍ മാത്രമല്ല പൊള്ളാര്‍ഡിന്റെ ബാറ്റിന്റെ ചൂടറഞ്ഞിട്ടുള്ളത്, അംപയര്‍മാര്‍ കൂടിയാണ്. കരീബിയന്‍ പ്രീയര്‍ ലീഗിനിടെയാണ് അംപയറുടെ തീരുമാനത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി പൊള്ളാര്‍ഡ് ശ്രദ്ധേയനായത്.

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സും സെന്റ് ലൂസിയ കിംഗ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. നൈറ്റ് റൈഡേഴ്‌സിനു വേണ്ടി ടിം സെയ്‌ഫെര്‍ട്ടിനൊപ്പം ക്രീസിലിറങ്ങിയതായിരുന്നു പൊള്ളാര്‍ഡ്. ലൂസിയ കിങ്‌സ് താരം വഹാബ് റിയാസ് എറിഞ്ഞ വൈഡ് ബോള്‍, ലീഗല്‍ ബോളായി അനുവദിച്ച അംപയറുടെ തീരുമാനമാണ് ഐ.പി.എല്‍ മുംബൈ ഇന്ത്യന്‍സ് താരത്തെ ചൊടിപ്പിച്ചത്.

Advertising
Advertising

ടിവി റീപ്ലേകളില്‍ സംഭവം വൈഡ് ബോളാണെന്ന് വ്യക്തമായിരുന്നു. പന്ത് എത്തിപ്പിടിക്കാന്‍ ശ്രമിച്ചെങ്കിലും ബാറ്റ്‌സ്മാന്‍ സെയ്‌ഫെര്‍ട്ടിന് പന്ത് അടിക്കാന്‍ സാധിച്ചതുമില്ല. വ്യക്തമായ വൈഡ് അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് അംപയറില്‍ നിന്നും പ്രതിഷേധ സൂചകമായി മാറി നിന്നുകൊണ്ടാണ് പൊള്ളാര്‍ഡ് തന്റെ അതൃപ്തി വ്യക്തമാക്കിയത്. വളരെ ശാന്തനായി ഒന്നും മിണ്ടാതെയായിരുന്നു പൊള്ളാര്‍ഡ് അംപയറോട് അനിഷ്ടം പ്രകടിപ്പിച്ചതെന്നും ശ്രദ്ധേയമായി.

മാന്യമായ പൊള്ളാര്‍ഡിന്‍റെ പ്രതിഷേധ പ്രകടനത്തെ വാഴ്ത്തികൊണ്ട് സമൂഹമാധ്യമങ്ങളില്‍ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചു. നേരത്തെ, ഐ.പി.എല്‍ മത്സരത്തിനിടെ എതിര്‍ കളിക്കാരനോട് സംസാരിച്ചതിന് അംപയറുടെ താക്കീത് ലഭിച്ച പൊള്ളാര്‍ഡ്, വായയില്‍ ബാന്‍ഡ് എയിഡ് പതിച്ച് പ്രതിഷേധിച്ചത് ശ്രദ്ധേയമായിരുന്നു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News