റമീസ് രാജ പുറത്തേക്ക്; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനായി നജം സേഥി

റമീസ് രാജയെ പുറത്താക്കിയുള്ള വിജ്ഞാപനം പ്രധാനമന്ത്രി ഷഹബാസ് ഷെരീഫാണ് പുറപ്പെടുവിച്ചത്

Update: 2022-12-22 09:23 GMT
Editor : afsal137 | By : Web Desk
Advertising

മുൻ ക്രിക്കറ്റ് താരം റമീസ് രാജയെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കി. അടുത്ത നാല് മാസത്തേക്ക് കളിയുടെ കാര്യങ്ങൾ നിയന്ത്രിക്കാൻ നജം സേഥിയുടെ നേതൃത്വത്തിലുള്ള 14 അംഗ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചു. റമീസ് രാജയെ പുറത്താക്കിയുള്ള വിജ്ഞാപനം പ്രധാനമന്ത്രി ഷഹബാസ് ഷെരീഫാണ് പുറപ്പെടുവിച്ചത്. ഇത് ഫെഡറൽ കാബിനറ്റ് കൂടി അംഗീകരിക്കേണ്ടതുണ്ട്. ഡിസംബർ 26 ന് കറാച്ചിയിൽ ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് രാജയെ തൽസ്ഥാനത്ത്‌നിന്ന് നീക്കിയത്.

2021 സെപ്തംബറിലാണ് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ബോർഡിന്റെ തലവനായി റമീസ് രാജയെ നിയമിച്ചത്. അദ്ദേഹം 15 മാസം പിസിബി ചെയർമാനായി സേവനമനുഷ്ഠിച്ചു. എഹ്സാൻ മണി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് രാജയെ ബോർഡ് ചെയർമാനായി നിയമിച്ചത്. ഇജാസ് ബട്ട് (2008-11), ജാവേദ് ബുർക്കി (1994-95), അബ്ദുൾ ഹഫീസ് കർദാർ (1972-77) എന്നിവർക്ക് ശേഷം ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ട നാലാമത്തെ മുൻ ക്രിക്കറ്റ് താരമായിരുന്നു അദ്ദേഹം.

2013-2018 കാലഘട്ടത്തിൽ പിസിബിയുടെ ചെയർമാനും സിഇഒയുമായിരുന്നു സേഥി, 2018 ലെ പൊതുതെരഞ്ഞെടുപ്പിൽ ഇമ്രാനും പാർട്ടിയും വിജയിച്ചതിന് തൊട്ടുപിന്നാലെ രാജിവെക്കുകയായിരുന്നു. 2019-ൽ ഉണ്ടാക്കിയ നിലവിലുള്ള പി.സി.ബി ഭരണഘടന റദ്ദാക്കിയിട്ടുണ്ട്. വിജ്ഞാപനമനുസരിച്ച്, മുൻ പാകിസ്ഥാൻ താരങ്ങളായ ഷാഹിദ് അഫ്രീദി, ഹാറൂൺ റഷീദ്, ഷഫ്ഖത് റാണ, മുൻ വനിതാ ടീം ക്യാപ്റ്റൻ സന മിർ എന്നിവരടങ്ങുന്ന മാനേജ്മെന്റ് കമ്മിറ്റിയെ സേഥി നയിക്കും. 2019-ൽ പിരിച്ചുവിട്ട ഗവേണിംഗ് ബോർഡിലെ മുൻ അംഗങ്ങളാണ് കമ്മിറ്റിയിലെ ബാക്കിയുള്ളവർ. ഷഹബാസ് ഷെരീഫിന്റെ ഉത്തരവ് നിയമ-നീതി വിഭാഗം യഥാവിധി പരിശോധിച്ചുവെന്നും ഇപ്പോൾ ഫെഡറൽ കാബിനറ്റ് അംഗീകരിക്കേണ്ടതുണ്ടെന്നും വിജ്ഞാപനത്തിൽ പറയുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News