രഞ്ജി ട്രോഫിയിൽ മുത്തമിട്ട് മുംബൈ; വിദർഭയെ തോൽപിച്ചത് 169 റൺസിന്

മുബൈയുടെ 42ാം കിരീടമാണ്

Update: 2024-03-14 09:30 GMT
Editor : Sharafudheen TK | By : Web Desk
Advertising

മുംബൈ: രഞ്ജി ട്രോഫി കിരീടത്തിൽ മുത്തമിട്ട് മുംബൈ. വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന കലാശ പോരാട്ടത്തിൽ വിദർഭയെ 169 റൺസിനാണ് തോൽപിച്ചത്. മുംബൈയുടെ 42ാം കിരീടമാണിത്. 538 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ വിദർഭ അവസാന ദിനം 368 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു. ക്യാപ്റ്റൻ അക്ഷയ് വാഡ്കർ(102), ഹർഷ് ദുബെ(65) മികച്ച പ്രകടനം നടത്തിയെങ്കിലും ലക്ഷ്യത്തിന് മുൻപ് കാലിടറി.

248-5 എന്ന സ്‌കോറിൽ നാലാം ദിനം ക്രീസിലിറങ്ങിയ വിദർഭ ആദ്യ സെഷനിൽ വിക്കറ്റ് നഷ്ടമാവാതെ പിടിച്ചു നിന്നതോടെ അപ്രതീക്ഷിത ട്വിസ്റ്റിനുള്ള സാധ്യത തെളിഞ്ഞു. എന്നാൽ വാഡ്കറേയും ദുബേയേയും പുറത്താക്കി മുംബൈ ബൗളർമാർ മത്സരത്തിലേക്ക് തിരിച്ചെത്തി. വിദർഭയുടെ അവസാന അഞ്ച് വിക്കറ്റുകൾ 35 റൺസെടുക്കുന്നതിനിടെയാണ് വിദർഭക്ക് നഷ്ടമായത്. നാലു വിക്കറ്റ് വീഴ്ത്തിയ തനുഷ് കൊടിയാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ തുഷാർ ദേശ്പാണ്ഡെയും മുഷീർ ഖാനുമാണ് മുംബൈക്കായി ബൗളിംഗിൽ തിളങ്ങിയത്.

അവസാന ഫസ്റ്റ് ക്ലാസ് മത്സരം കളിച്ച മുംബൈ പേസർ ധവാൽ കുൽക്കർണി അവിസ്മരണീയ പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഇന്നിങ്‌സിൽ മൂന്നും രണ്ടാം ഇന്നിങ്‌സിൽ ഒരുവിക്കറ്റുമായാണ്  വാംഖഡെ സ്റ്റേഡിയത്തിൽ നിന്ന് മടങ്ങിയത്. വിദർഭ നിരയിൽ മലയാളി താരം കരുൺ നായർ 74 റൺസുമായി തിളങ്ങി. തനുഷ് കൊടിയനാണ് പരമ്പരയിലെ താരം. മുഷീർ ഖാനെ കളിയിലെ താരമായും തെരഞ്ഞെടുത്തു. 

2015-2016 സീസണിൽ സൗരാഷ്ട്രയെ തോൽപ്പിച്ച് കിരീടം നേടിയശേഷമുള്ള മുംബൈയുടെ നേട്ടമാണിത്. രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീമും മുംബൈ ആണ്. എട്ട് തവണ കിരീടം നേടിയിട്ടുള്ള കർണാടകയാണ് രണ്ടാമത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News