രഞ്ജി ട്രോഫി; കേരള ടീമിനെ അസ്ഹറുദ്ദീൻ നയിക്കും, സഞ്ജു സാംസണും സച്ചിൻ ബേബിയും സ്‌ക്വാഡിൽ

തമിഴ്‌നാട് താരം ബാബ അപരാജിതും മധ്യപ്രദേശിന്റെ സ്പിന്നർ അങ്കിത് ശർമ്മയുമാണ് ഇത്തവണത്തെ അതിഥി താരങ്ങൾ

Update: 2025-10-10 12:52 GMT
Editor : Sharafudheen TK | By : Sports Desk

തിരുവനന്തപുരം: രഞ്ജി ട്രോഫിക്കുള്ള 15 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. മുഹമ്മദ് അസ്ഹറുദ്ദീനാണ് ക്യാപ്റ്റൻ. സഞ്ജു സാംസണേയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പോയ സീസണിൽ നായകനായ സച്ചിൻ ബേബിയും ടീമിലുണ്ട്. ബാബ അപരാജിത്താണ് വൈസ് ക്യാപ്റ്റൻ. ഈ സീസണിലെ ദുലീപ് ട്രോഫിയിൽ ദക്ഷിണ മേഖലയെ നയിച്ചത് അസ്ഹറായിരുന്നു. ഈ മാസം 15-നാണ് രഞ്ജി ട്രോഫിയുടെ പുതിയ സീസണ് തുടക്കമാകുക. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയാണ് കേരളത്തിന്റെ എതിരാളികൾ.

ആദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച കഴിഞ്ഞ സീസണിലെ മിക്ക അംഗങ്ങളെയും ഇത്തവണയും ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രഞ്ജി സീസണിൽ കേരളത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ അസ്ഹർ, ടീമിന്റെ ഫൈനൽ വരെയുള്ള മുന്നേറ്റത്തിലും നിർണ്ണായക പങ്കു വഹിച്ചിരുന്നു. ക്യാപ്റ്റനൊപ്പം സഞ്ജു സാംസനും, രോഹൻ കുന്നുമ്മലും, സൽമാൻ നിസാറും, അഹ്‌മദ് ഇമ്രാനും, ബാബ അപരാജിത്തും, വത്സൽ ഗോവിന്ദും, ഷോൺ റോജറുമടങ്ങുന്ന കരുത്തുറ്റ ബാറ്റിങ് നിരയാണ് ഇത്തവണത്തേത്. നിധീഷ് എംഡി, ബേസിൽ എൻ പി, അങ്കിത് ശർമ്മ, ഏദൻ ആപ്പിൾ ടോം എന്നിവരടങ്ങുന്ന ബൗളിങ് നിരയും കരുത്തുറ്റതാണ്. തമിഴ്‌നാട് ബാറ്റർ ബാബ അപരാജിത്തും മധ്യപ്രദേശിന്റെ ഇടംകയ്യൻ സ്പിന്നർ അങ്കിത് ശർമ്മയുമാണ് ഇത്തവണത്തെ അതിഥി താരങ്ങൾ.

Advertising
Advertising

ബാബ അപരാജിത്ത് കഴിഞ്ഞ സീസണിലും ടീമിനൊപ്പമുണ്ടായിരുന്നു. രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളം സ്ഥാനം പിടിച്ചിരിക്കുന്നത്. ഗോവ, പഞ്ചാബ്, മധ്യപ്രദേശ്, കർണ്ണാടക, സൗരാഷ്ട്ര, ചണ്ഡീഗഢ്, മഹാരാഷ്ട്ര എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. കഴിഞ്ഞ സീസണിൽ ടീമിനെ പരിശീലിപ്പിച്ച അമയ് ഖുറേസിയ തന്നെയാണ് ഇത്തവണത്തെയും ഹെഡ് കോച്ച്.

കേരള ടീം - മുഹമ്മദ് അസറുദ്ദീൻ (ക്യാപ്റ്റൻ), ബാബ അപരാജിത്ത് (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൻ, രോഹൻ എസ് കുന്നുമ്മൽ, വത്സൽ ഗോവിന്ദ് ശർമ്മ, അക്ഷയ് ചന്ദ്രൻ, സച്ചിൻ ബേബി, സൽമാൻ നിസാർ, അങ്കിത് ശർമ്മ, നിധീഷ് എം ഡി, ബേസിൽ എൻ പി, ഏദൻ ആപ്പിൾ ടോം, അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ, അഭിഷേക് പി നായർ.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News