ആർസിബി വിൽപനക്കെന്ന് റിപ്പോർട്ട്; ചോദിക്കുന്നത് വമ്പൻ തുക, വാങ്ങാനായി പ്രമുഖർ രംഗത്ത്

Update: 2025-10-17 18:14 GMT
Editor : safvan rashid | By : Sports Desk

ബെംഗളൂരു: ഐപിഎല്ലിലെ ഗ്ലാമർ ടീമുകളിലൊന്നായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിനെ വിൽക്കാനൊരുങ്ങുന്നതായി വാർത്തകൾ. നിലവിലെ ഉടമസ്ഥരായ ‘ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടൻ’ ടീമിനെ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നും ആറോളം കമ്പനികൾ വാങ്ങാൻ രംഗത്തുണ്ടെന്നും പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ‘ക്രിക്ബസ്’ റിപ്പോർട്ട് ചെയ്യുന്നു.

സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അദാർ പൂനാവാല, ജെ.എസ്.ഡബ്ള്യൂ ഗ്രൂപ്പിന്റെ പാർത്ഥ് ജിൻഡാൽ എന്നിവരുൾപ്പെടെ നിരവധി ഇന്ത്യൻ, അമേരിക്കൻ കമ്പനികളുമായി ഉടമകൾ ചർച്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. അദാനി ഗ്രൂപ്പും ഡൽഹി ആസ്ഥാനമായുള്ള പ്രമുഖ വ്യവസായിയും ആർസിബിയെ വാങ്ങാൻ താൽപര്യം കാണിക്കുന്നതായും വാർത്തകളുണ്ട്.

Advertising
Advertising

ഡിയാജിയോ ഏകദേശം 2 ബില്യൺ ഡോളർ(ഏകദേശം 16,600 കോടി രൂപ) ആവശ്യപ്പെടുന്നതായാണ് വിവരം. ഒരു ഐപിഎൽ ഫ്രാഞ്ചൈസിക്ക് ഇത്രയും ഉയർന്ന വില ലഭിക്കുമോ എന്ന കാര്യത്തിൽ വിദദ്ധർക്കിടയിൽ വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ട്. വരും വർഷങ്ങളിൽ നടക്കാനിരിക്കുന്ന  സംപ്രേഷണാവകാശത്തിന്റെ (media rights) മൂല്യമായിരിക്കും ടീമിന്റെ യഥാർത്ഥ വില നിർണയിക്കുക. കഴിഞ്ഞ തവണത്തെ പ്രധാന എതിരാളികളായിരുന്ന ജിയോയും സ്റ്റാറും ലയിച്ചതിനാൽ സംപ്രേഷണാവകാശ മൂല്യത്തിൽ മുൻ വർഷങ്ങളിലേതുപോലുള്ള വൻ വർധനവ് ഉണ്ടാകില്ലെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു.

എന്നാൽ ജിയോസ്റ്റാറിന്റെ വരിക്കാരുടെ എണ്ണം 500 ദശലക്ഷം കവിഞ്ഞതിനാൽ, സംപ്രേഷണാവകാശ മൂല്യം കുതിച്ചുയരുമെന്നു് മറുവിഭാഗം വാദിക്കുന്നു. ഓരോ വരിക്കാരനിൽ നിന്നും ഐപിഎൽ കാലയളവിൽ 100 രൂപ ഈടാക്കിയാൽ പോലും പ്രതിമാസം 5000 കോടി രൂപയോളം നേടാനാകും. നാല് മാസം നീളുന്ന ഐപിഎൽ സീസണിൽ സബ്സ്ക്രിപ്ഷനിലൂടെ മാത്രം ഏകദേശം 20,000 കോടി രൂപ (2.3 ബില്യൺ ഡോളർ) സമാഹരിക്കാൻ സാധിക്കും. ഇത് സംപ്രേഷണാവകാശത്തിന്റെ മൂല്യം ഗണ്യമായി വർധിപ്പിക്കുമെന്ന് കരുതപ്പെടുന്നു.

ആർസിബിയുടെ ഉയർന്ന മൂല്യത്തിന് പുറമേ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയ ദുരന്തവുമായി ബന്ധപ്പെട്ടുള്ള ചില കേസുകളും പുതിയതായി ടീം വാങ്ങുന്നവർക്ക് വെല്ലുവിളിയായേക്കാം. വരും ആഴ്ചകളിൽ വിൽപന സംബന്ധിച്ച് കൂടുതൽ വ്യക്തത കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News