രഞ്ജി കളിക്കുമെന്ന് ഉറപ്പിച്ച് രോഹിത് ; കഴുത്ത് വേദനയെന്ന് കോഹ്‍ലി
ന്യൂഡൽഹി: രഞ്ജി ട്രോഫിയിൽ കളിക്കുമെന്ന് ഉറപ്പിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ജനുവരി 23 മുതൽ 26 വരെ ജമ്മു കശ്മീരിനെതിരായ മത്സരത്തിൽ മുംബൈക്കായി രോഹിത് പാഡണിയും. അതേ സമയം കഴുത്ത് വേദനയിൽ നിന്നും മുക്തനാകാത്തതിനാൽ ഡൽഹി-സൗരാഷ്ട്ര രഞ്ജി മത്സരത്തിൽ കളത്തിലിറങ്ങാനാകില്ലെന്ന് വിരാട് കോഹ്‍ലി ബിസിസിഐ മെഡിക്കൽ സ്റ്റാഫിനെ അറിയിച്ചു. കൈമുട്ടിന് പരിക്കേറ്റ കെഎൽ രാഹുലും കളത്തിലിറങ്ങാനാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.
മുംബൈയിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപത്തിനിടെയാണ് രോഹിത് രഞ്ജി കളിക്കുമെന്ന തീരുമാനം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ രഞ്ജി ട്രോഫിക്കൊരുങ്ങുന്ന മുംബൈ ടീമിനൊപ്പം രോഹിത് പരിശീലനം നടത്തിയിരുന്നു.2015 നവംബറിൽ ഉത്തർപ്രദേശിനെതിരെയാണ് രോഹിത് അവസാനമായി രഞ്ജി കളിച്ചത്.
2012 നവംബറിലാണ് കോഹ്‍ലി ഏറ്റവും ഒടുവിൽ രഞ്ജി മത്സരത്തിൽ കളത്തിലിറങ്ങിയത്. ആസ്ട്രേലിയൻ പര്യടനത്തിനിടെ കഴുത്തുവേദന വന്നതിനാൽ ജനുവരി എട്ടിന് കുത്തിവെപ്പെടുത്തിരുന്നുവെന്നും വേദനയിൽ നിന്നും പൂർണമായും മുക്തനായിട്ടില്ലെന്നും കോഹ്‍ലി ബിസിസിഐയെ അറിയിച്ചു.
ഇന്ത്യക്കായി ഇരുവരും മോശം പ്രകടനം തുടരവേ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫോം വീണ്ടെടുക്കണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു.