'വിമർശനം പരിധി വിടുന്നു'; ഗവാസ്‌കറിനെതിരെ ബിസിസിഐക്ക് പരാതി നൽകി രോഹിത്- റിപ്പോർട്ട്
വാർഷിക കരാറിൽ നിന്ന് പുറത്ത് പോകാതിരിക്കാൻ മാത്രമാണ് ഇന്ത്യൻ ക്യാപ്റ്റൻ രഞ്ജി കളിച്ചതെന്ന് ഗവാസ്‌കർ വിമർശിച്ചു
ന്യൂഡൽഹി: നിരന്തരം വിശർമനമുന്നയിക്കുന്ന മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കറിനെതിരെ ബിസിസിഐക്ക് രോഹിത് ശർമ പരാതി നൽകിയായി റിപ്പോർട്ട്. കഴിഞ്ഞ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്ന ഇന്ത്യൻ നായകനെ ഗവാസ്‌കർ രൂക്ഷമായി വിമർശിച്ചിരുന്നു. ഓസീസ് പര്യടനത്തിനിടെ നിരന്തരമുള്ള ഇത്തരം പരാമർശങ്ങൾ തന്റെ പ്രകടനത്തെ ബാധിച്ചതായും രോഹിത് ബോർഡിന് അയച്ച പരാതിയിൽ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കി.
ബോർഡർ-ഗവാസ്‌കറിന് ശേഷം രഞ്ജി ട്രോഫിയിൽ മുംബൈക്കായും രോഹിത് കളത്തിലിറങ്ങി. ഒരുപതിറ്റാണ്ടിന് ശേഷം വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ താരത്തിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. പിന്നാലെ അടുത്ത മത്സരത്തിൽ നിന്ന് പിൻമാറുകയും ചെയ്തു. ഇതാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ഗവാസ്‌കറിനെ വീണ്ടും ചൊടിപ്പിച്ചത്. രോഹിത് ശർമ രഞ്ജി ട്രോഫിയിൽ കളിച്ചത് ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് പുറത്തുപോകാതിരിക്കാൻ മാത്രമാണെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവിവെന്നായിരുന്നു പ്രതികരണം. മുൻ താരത്തിൽ നിന്നുണ്ടാകുന്ന ഇത്തരം പരാമർശങ്ങളാണ് പരാതിയുമായി മുന്നോട്ട് പോകാൻ ഇന്ത്യൻ നായകനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം വാംഖഡെ സ്‌റ്റേഡിയത്തിന്റെ അൻപതാം വാർഷികാഘോഷ പരിപാടിയിൽ ഗവാസ്‌കറും രോഹിതും വേദി പങ്കിട്ടിരുന്നു.
ജമ്മു കശ്മീരിനെതിരായ മത്സരത്തിൽ ക്രീസിൽ പിടിച്ചു നിന്ന് റൺസ് കണ്ടെത്താൻ ശ്രമിക്കാതെ തകർത്തടിക്കാൻ ശ്രമിച്ച് വിക്കറ്റ് കളഞ്ഞ സമീപനത്തേയും ഗവാസ്‌കർ വിമർശിച്ചു. കഴിഞ്ഞ വർഷം രഞ്ജിയിൽ കളിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും ബിസിസിഐ വാർഷിക കരാർ നഷ്ടമായിരുന്നു.