രഹാനെക്ക് കീഴിൽ രഞ്ജി ട്രോഫി കളിക്കാൻ രോഹിത്; ഹിറ്റ്മാന്റെ വരവ് ഒരു പതിറ്റാണ്ടിന് ശേഷം

ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ മോശം പ്രകടനത്തെ തുടർന്ന് സീനിയർ കളിക്കാരടക്കം ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ആവശ്യം ശക്തമായിരുന്നു

Update: 2025-01-20 14:06 GMT
Editor : Sharafudheen TK | By : Sports Desk

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ മോശം ഫോം കാരണം വിമർശനങ്ങൾ നേരിടുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ ആഭ്യന്തര ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നു. മുംബൈ താരമായ ഹിറ്റ്മാൻ ഒരു പതിറ്റാണ്ടിന് ശേഷമാണ് ഡൊമസ്റ്റിക് റെഡ്‌ബോൾ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. ജമ്മു കശ്മീരിനെതിരെ വരാനിരിക്കുന്ന മത്സരങ്ങൾക്കുള്ള 17 അംഗ സ്‌ക്വാഡാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചത്. രോഹിതിന് പുറമെ യുവതാരം യശസ്വി ജയ്‌സ്വാളും ശ്രേയസ് അയ്യരും സ്‌ക്വാഡിൽ ഇടംപിടിച്ചു. അജിൻക്യ രഹാനെയാണ് നായകൻ.

Advertising
Advertising

 അടുത്തിടെ സമാപിച്ച ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ രോഹിത് അമ്പേ പരാജയമായിരുന്നു. മൂന്ന് മത്സരങ്ങളിൽ കളത്തിലിറങ്ങിയ 37 കാരന് അഞ്ച് ഇന്നിങ്‌സുകളിൽ നിന്നായി 31 റൺസ് മാത്രമാണ് നേടാനായത്. അവസാന മത്സരത്തിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തു. തുടർന്ന് ജസ്പ്രീത് ബുംറയാണ് സിഡ്‌നി ടെസ്റ്റിൽ ഇന്ത്യയെ നയിച്ചത്. ഇതിന് പിന്നാലെ സീനിയർ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാനടക്കമുള്ള പ്രമുഖർ രോഹിത്,വിരാട് കോഹ്‌ലി അടക്കമുള്ള സീനിയർ താരങ്ങൾക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. 2015ലാണ് അവസാനമായി ഇന്ത്യൻ ക്യാപ്റ്റൻ രഞ്ജി ട്രോഫിയിൽ ബാറ്റേന്തിയത്. കഴിഞ്ഞാഴ്ച മുംബൈ രഞ്ജി ടീമിനൊപ്പം രോഹിത് പരിശീലനത്തിനിറങ്ങിയിരുന്നു. ജനുവരി 23നാണ് കശ്മീരുമായുള്ള മത്സരം. തുടർന്ന് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കായി രോഹിത് ഇന്ത്യൻ ക്യാമ്പിനൊപ്പം ചേരും

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News