'മാസ്റ്റർ' ബ്ലാസ്റ്റർ; സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റ് ലോകകപ്പിന്റെ ഗ്ലോബൽ അംബാസഡർ
ഒക്ടോബർ 5 ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തോടെയാണ് ക്രിക്കറ്റ് ലോകകപ്പിന് തുടക്കമാകുന്നത്
2023 ലെ ക്രിക്കറ്റ് ലോകകപ്പിന്റെ ഗ്ലോബൽ അംബാസഡറായി സച്ചിൻ ടെണ്ടുൽക്കറെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ചു. ഒക്ടോബർ 5 ന് അഹമദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തോടെയാണ് ക്രിക്കറ്റ് ലോകകപ്പിന് തുടക്കമാകുന്നത്.
"1987-ൽ ഒരു ബോൾ ബോയ് തുടങ്ങിയത് മുതല്‍ ആറ് ലോകകപ്പുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു. ലോകകപ്പുകൾക്ക് എപ്പോഴും എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ട്. 2011 ലെ കിരീടനേട്ടം എന്‍റെ ക്രിക്കറ്റ് യാത്രയിലെ അഭിമാന നിമിഷമാണ്. 2023-ൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പില്‍ മത്സരിക്കാൻ ടീമുകളും കളിക്കാരും തയ്യാറായിക്കഴിഞ്ഞു. ഏറെ ആവേശത്തോടെയാണ് ടൂർണമെന്റിനായി ഞാൻ കാത്തിരിക്കുന്നത്. ഈ ലോകകപ്പിന്‍റെ ഈ പതിപ്പും യുവാക്കൾക്ക് പ്രചോദനമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവർക്ക് സ്പോർട്സ് തെരഞ്ഞെടുക്കാനും രാജ്യത്തെ പ്രതിനിധീകരിക്കാനും സാധിക്കും''- സച്ചിന്‍ പറഞ്ഞു.
ക്രിക്കറ്റ് ലോകകപ്പില്‍ അസൂയാവഹമായ റെക്കോർഡുള്ള താരമാണ് മാസ്റ്റർ ബ്ലാസ്റ്റർ. ഒരു ലോകകപ്പില്‍ നേടുന്ന ഏറ്റവുമുയര്‍ന്ന സ്‌കോറിന്റെ റെക്കോഡ് ഇന്നും സച്ചിന്റെ പേരിലാണ്. 2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സ് തന്നെയാണ് ഇപ്പോഴും റെക്കോഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
സച്ചിനെ ഗ്ലോബൽ അംബാസഡറായി ആയി കിട്ടിയത് ഐസിസിക്ക് ബഹുമതിയാണെന്ന് ഐസിസി മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ജനറൽ മാനേജർ ക്ലെയർ ഫർലോംഗ് പറഞ്ഞു. 10 വേദികളിലായി 48 മത്സരങ്ങളാണ് ഇപ്രാവശ്യത്തെ ലോകകപ്പില്‍ നടക്കുക. നവംബർ 19 ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആണ് ഫൈനല്‍.
അതേസമയം, ഇന്ന് തിരുവനന്തപുരം കാര്യവട്ടത്ത് നടക്കേണ്ടിയിരുന്ന ഇന്ത്യ- നെതർലാന്‍ഡ്സ് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. കാര്യവട്ടത്ത് മഴമൂലം ഉപേക്ഷിച്ചത് ഇതുവരെ നാല് മത്സരങ്ങളാണ്. ടോസ് പോലും ഇടാതെയാണ് രണ്ട് മത്സരങ്ങള്‍ ഉപേക്ഷിച്ചത്.ഇന്നത്തെ മത്സരത്തിന് പുറമേ ആദ്യദിനത്തിലെ ദക്ഷിണാഫ്രിക്ക - അഫ്ഗാനിസ്ഥാൻ മത്സരവും ടോസിടുന്നതിന് മുമ്പ് ഉപേക്ഷിച്ചിരുന്നു. നിരവധി ആരാധകരാണ് ഇന്ത്യയുടെ മത്സരം കാണാനെത്തിയത്. കളി മഴമുടക്കിയതോടെ ആരാധകര്‍ നിരാശയോടെ ഗാലറി വിടുന്ന കാഴ്ചക്ക് കാര്യവട്ടം സ്റ്റേഡിയം സാക്ഷിയായി.