ലേലത്തിൽ പോയത് 25.20 കോടിയ്ക്ക്, എന്നാൽ ഗ്രീനിന് ലഭിക്കുക 18 കോടി; കാരണമിതാണ്
ശ്രീലങ്കൻ പേസർ മതീഷ പതിരാനയെ 18 കോടിക്ക് കെകെആർ ടീമിലെത്തിച്ചു
അബുദാബി: ഐപിഎൽ താരലേലത്തിൽ ഉയർന്ന തുക നേടുന്ന ഓവർസീസ് താരമായി ഓസീസ് താരം കാമറൂൺ ഗ്രീൻ. 25.20 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് താരത്തെ ടീമിലെത്തിച്ചത്. 2 കോടി ബേസ് പ്രൈസുണ്ടായിരുന്ന ഗ്രീനിനായി ചെന്നൈ സൂപ്പർ കിങ്‌സും സജീവമായി രംഗത്തുണ്ടായിരുന്നു. ഒടുവിൽ ഐപിഎൽ ചരിത്രത്തിലെ ഉയർന്ന മൂന്നാമത്തെ തുകക്ക് കെകെആർ താരത്തെ സ്വന്തമാക്കി. കഴിഞ്ഞ മെഗാ ലേലത്തിൽ 27 കോടി നേടിയ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്റ്റൻ ഋഷഭ് പന്താണ് മുന്നിൽ. 26.75 കോടിയ്ക്ക് പഞ്ചാബ് കിങ്‌സ് ഒപ്പമെത്തിച്ച ശ്രേയസ് അയ്യർ രണ്ടാമതും തുടരുന്നു.
അതേസമയം, മിനിലേലത്തിൽ 25.20 കോടി ലഭിച്ചെങ്കിലും 18 കോടി മാത്രമാകും ഗ്രീനിന് ലഭിക്കുക. പുതിയ ഐപിഎൽ മാക്‌സിമം ഫീ നിയമമനുസരിച്ച് പരമാവധി 18 കോടി മാത്രമാണ് മിനി ലേലത്തിൽ താരങ്ങൾക്ക് ലഭിക്കുക. അവശേഷിക്കുന്ന 7.20 കോടി ബിസിസിഐ പ്ലെയേഴ്‌സ് വെൽഫെയർ സ്‌കീമിലേക്ക് പോകും. ഗ്രീനിന് പിന്നാലെ 18 കോടിക്ക് ശ്രീലങ്കൻ പേസർ മതീഷ പരിരാണയേയും കെകെആർ ഒപ്പമെത്തിച്ചു. മിനിലേലത്തിന് മുൻപായി സിഎസ്‌കെ റിലീസ് ചെയ്ത താരത്തിനായി ഡൽഹി ക്യാപിറ്റൽസ് സജീവമായി രംഗത്തുണ്ടായിരുന്നു.
ഇന്ത്യൻ സ്പിന്നർ രവി ബിഷ്‌ണോയിയെ 7.20 കോടിക്ക് രാജസ്ഥാൻ റോയൽസും കെകെആർ റിലീസ് ചെയ്ത വെങ്കടേഷ് അയ്യരെ 7 കോടിക്ക് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ലേലത്തിൽ സ്വന്തമാക്കി. അകെയ് ഹുസൈൻ 2 കോടി ചെന്നൈ, ഡേവിഡ് മില്ലർ, ബെൻ ഡെക്കറ്റ് 2 കോടി ഡൽഹി, ഫിൻ അലൈൻ കെകെആർ, വനിന്ദു ഹസരങ്ക 2 കോടി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എന്നിവയാണ് മറ്റു പ്രധാന ഡീലുകൾ