ജഡേജയുടെ പിൻഗാമിയോ?; ആഭ്യന്തര ക്രിക്കറ്റിലെ ബിഗ് ഹിറ്റർക്കായി റെക്കോർഡ് തുക മുടക്കി സിഎസ്‌കെ
മിനിറ്റുകളുടെ വ്യത്യാസത്തിൽ 14.20 കോടി വീതം ചെലവഴിച്ചാണ് രണ്ട് അൺക്യാപ്ഡ് താരങ്ങളെ ചെന്നൈ ടീമിലെത്തിച്ചത്.
അബുദാബി: മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് ആഭ്യന്തര താരങ്ങളെയെത്തിക്കാനായി ചെന്നൈ സൂപ്പർ കിങ്‌സ് ചെലവഴിച്ചത് 28.40 കോടി. പ്രശാന്ത് വീർ, കാർത്തിക് ശർമ എന്നീ യുവ താരങ്ങൾക്കായി 14.20 കോടി വീതമാണ് സിഎസ്‌കെ ചെലവഴിച്ചത്. അൺക്യാപ്ഡ് താരങ്ങളുടെ റെക്കോർഡ് തുകയാണിത്. ഉത്തർപ്രദേശ് ഓൾറൗണ്ടറായ പ്രശാന്ത് വീറിന്റെ അടിസ്ഥാനവില 30 ലക്ഷമായിരുന്നു. എന്നാൽ ലേലമാരംഭിച്ചയുടനെ വിവിധ ഫ്രാഞ്ചൈസികൾ രംഗത്തെത്തിയതോടെ വില കുത്തനെ ഉയർന്നു. അവസാനം വരെ സൺറൈസേഴ്‌സ് ഹൈദരാബാദാണ് ചെന്നൈക്ക് വെല്ലുവിളിയുയർത്തി രംഗത്തുണ്ടായിരുന്നത്.
രവീന്ദ്ര ജഡേജ ടീം വിട്ടതോടെ പകരക്കാരനായാണ് പ്രശാന്ത് വീറിനെയെത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശ് സ്വദേശിയായ 20 കാരൻ ഇടംകൈയ്യൻ ബാറ്ററാണ്. സ്പിൻ ബൗളിങിലും ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധയാകർഷിച്ചു. ഇതുവരെ 12 ടി20 മത്സരങ്ങൾ കളിച്ച താരം 167.16 സ്‌ട്രൈക്ക് റേറ്റിൽ 112 റൺസാണ് നേടിയത്. 12 വിക്കറ്റും സ്വന്തമാക്കി. യുപി ടി20 ലീഗിൽ നോയ്ഡ സൂപ്പർ കിങ്‌സിനായി നടത്തിയ തകർപ്പൻ പ്രകടനമാണ് താരത്തെ ഐപിഎൽ ടീമുകളുടെ റഡാറിലെത്തിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ഫോം തുടർന്നു.
ലോവർ ഓർഡറിൽ ബാറ്റ് ചെയ്യുന്ന കാർത്തിക് ശർമ വിക്കറ്റ് കീപ്പർ ബാറ്ററാണ്. നടന്നുവരുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ലീഗ് ഘട്ടത്തിൽ 133 റൺസാണ് അഞ്ച് മത്സരങ്ങളിൽ നിന്നായി 19 കാരൻ രാജസ്ഥാൻ താരം അക്കൗണ്ടിൽ ചേർത്തത്. 30 ലക്ഷം അടിസ്ഥാന വിലയിൽ ആരംഭിച്ച ലേലത്തിൽ കെകെആറും ലഖ്‌നൗ സൂപ്പർ ജയന്റ്‌സുമാണ് ബിഡ് വെച്ചത്. എന്നാൽ 5 കോടിയ്ക്ക് ശേഷം ലേലത്തിൽ ഇറങ്ങിയ ചെന്നൈ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടാമത്തെ അൺക്യാപ്ഡ് താരത്തെയും റെക്കോർഡ് തുകക്ക് എത്തിക്കുകയായിരുന്നു