Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: ഐപിഎൽ ചരിത്രത്തിലെ ഒരു വിദേശ കളിക്കാരന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയ്ക്ക് ഓസ്‌ട്രേലിയൻ തരാം കാമറൂൺ ഗ്രീനിനെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ചെന്നൈ സൂപ്പർ കിംഗ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള ലേല പോരാട്ടത്തിനൊടുവിൽ 25.2 കോടി രൂപയ്ക്കാണ് ഗ്രീനിനെ കൊൽക്കത്ത സ്വന്തമാക്കിയത്. ജിദ്ദയിൽ നടന്ന ഇത്തവണത്തെ ലേലത്തിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള വിദേശ കളിക്കാരിൽ ഒരാളായിരുന്നു ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ.
എന്നാൽ ഈ ലേലത്തെ കൂടുതൽ പ്രത്യേകമാക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. തനിക്ക് ജനിച്ചത് മുതൽ ഭേദമാകാത്ത വൃക്കരോഗമാണെന്ന് 2023ൽ ഗ്രീൻ വെളിപ്പെടുത്തിയിരുന്നു. അമ്മയുടെ ഗർഭകാല സ്കാനിംഗിൽ കണ്ടെത്തിയ ആജീവനാന്തവും മാറ്റാനാവാത്തതുമായ ഒരു അവസ്ഥയാണിത്. ഈ അവസ്ഥ ഭേദമാകില്ലെന്നും 12 വയസിനു മുകളിൽ ജീവിച്ചിരിക്കില്ലെന്നും ഡോക്ടർമാർ വിധിയെഴുതി. രോഗം രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോൾ ഗ്രീനിന്റെ വൃക്കകളുടെ പ്രവർത്തനം ഏകദേശം 60 ശതമാനമായി കുറഞ്ഞു. കർശനമായ നിരീക്ഷണം, ഭക്ഷണ നിയന്ത്രണം, ജീവിതശൈലി നിയന്ത്രണം എന്നിവ അത്യാവശ്യമായി. എന്നാൽ പ്രോട്ടീനും ഉപ്പ് കുറഞ്ഞ കർശനമായ ഭക്ഷണക്രമവും പാലിച്ചുകൊണ്ട് അദ്ദേഹം തന്റെ ആരോഗ്യം നിയന്ത്രിച്ചു.
രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ഗ്രീനിനായി ചെന്നൈ സൂപ്പർ കിങ്സും സജീവമായി രംഗത്തുണ്ടായിരുന്നു. ഒടുവിൽ ഐപിഎൽ ചരിത്രത്തിലെ ഉയർന്ന മൂന്നാമത്തെ തുകക്ക് കൊൽക്കത്ത താരത്തെ സ്വന്തമാക്കി. കഴിഞ്ഞ മെഗാ ലേലത്തിൽ 27 കോടി നേടിയ ലഖ്‌നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്താണ് മുന്നിൽ. 26.75 കോടിയ്ക്ക് പഞ്ചാബ് കിങ്സ് ഒപ്പമെത്തിച്ച ശ്രേയസ് അയ്യർ രണ്ടാമതും തുടരുന്നു.