മൂടൽ മഞ്ഞ് വില്ലനായി;ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 ഉപേക്ഷിച്ചു
ഡിസംബർ 19 നാണ് അഞ്ചാം ടി20മത്സരം
ലഖ്നൗ: ഇന്ത്യ ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു. കനത്ത മൂടൽ മഞ്ഞ് മൂലം കാഴ്ച്ച മങ്ങിയതിനെ തുടർന്ന് ടോസ് പോലും നടത്താതെയാണ് മത്സരം ഉപേക്ഷിച്ചത്.
പരമ്പരയിൽ ഒരു മത്സരം മാത്രം അവശേഷിക്കെ വിജയിച്ച ഇന്ത്യ പരമ്പരയിൽ 2-1 ന് മുന്നിലായിരുന്നു. ഇന്ന് വിജയിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് പരമ്പര ഉറപ്പിക്കാമായിരുന്നു. പല തവണ അംപയർമാർ ഗ്രൗണ്ടിലെത്തി പരിശോധന നടത്തിയിരുന്നെങ്കിലും മത്സരം ആരംഭിക്കാൻ കഴിയാതെ വരികയായിരുന്നു. ഡിസംബർ 19 നാണ് അഞ്ചാം ടി20മത്സരം. അടുത്ത മത്സരത്തിൽ തോറ്റാലും ഇന്ത്യക്ക് പരമ്പര നഷ്ടമാവില്ല.
കാൽ വിരലിന് പരിക്കേറ്റ ഉപനായകൻ ശുഭ്മൻ ഗിൽ അടുത്ത മത്സരത്തിലും കളിച്ചേക്കില്ല. മലയാളി താരം സഞ്ജു സാംസൺ പകരം ഓപ്പണറായി കളത്തിലിറങ്ങിയേക്കും. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ഒക്ടോബർ 31 ന് ആസ്ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിലാണ് സഞ്ജു അവസാനമായി ഇന്ത്യക്കായി കളത്തിലിറങ്ങിയത്.