എല്ലാവരും മറന്നുതുടങ്ങിയ ആ 'അടി' യെ എന്തിനാണ് പുറത്തേക്ക് വലിച്ചിട്ടത്?; ലളിത് മോദിക്കെതിരെ പ്രതിഷേധവുമായി ശ്രീശാന്തിന്റെ ഭാര്യ
മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദിക്കും മൈക്കിള്‍ ക്ലാര്‍ക്കിനുമെതിരെയാണ് പ്രതികരണം.
ന്യൂഡൽഹി: ഹര്‍ഭജന്‍ സിങ്ങിന്റെ അടിയേറ്റ് കരയുന്ന ശ്രീശാന്തിന്റെ ചിത്രം ക്രിക്കറ്റ് പ്രേമികൾ മറക്കാനിടയില്ല. 2008ലെ പ്രഥമ ഐപിഎല്ലിനിടെ ഹർഭജൻ ശ്രീശാന്തിനെ മർദ്ദിച്ച വീഡിയോ പുറത്തുവിട്ട് മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിയാണ് സംഭവം വീണ്ടും ചർച്ചയാക്കിയത്.
വിഷയത്തിൽ ലളിത് മോദിക്കും മുന്‍ ആസ്ട്രേലിയന്‍ ബാറ്റർ മൈക്കിള്‍ ക്ലാര്‍ക്കിനും എതിരെ രംഗത്തെത്തിയിരിക്കുകയാണ് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും പേസറും തമ്മിലുള്ള 'സ്ലാപ്‌ഗേറ്റ്' വിവാദത്തിന്റെ പുറത്തുവരാത്ത ദൃശ്യങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയതാണ് ഭുവനേശ്വരിയെ പ്രകോപിപ്പിച്ചത്. ഇരുതാരങ്ങളും ഈ സംഭവത്തില്‍ നിന്ന് ഏറെ മുന്നോട്ടുപോയതാണെന്ന് ചൂണ്ടിക്കാട്ടിയ അവര്‍, ലളിതിന്റെയും ക്ലര്‍ക്കിന്റെയും ഈ പ്രവൃത്തി അറപ്പുളവാക്കുന്നതും മനുഷ്യത്വരഹിതവുമാണെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
2008 ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തിന് ശേഷമുണ്ടായ സ്ലാപ്‌ഗേറ്റ് സംഭവത്തിന്റെ മുമ്പ് കാണാത്ത ദൃശ്യങ്ങളാണ് പുറത്തായത്. ലളിത് മോദിയും ക്ലാര്‍ക്കും ഒരു പോഡ്കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ഹർഭജൻ പ്രഹരിക്കുന്നതും ശേഷം ശ്രീശാന്ത് കരയുന്നത് ദൃശ്യങ്ങളിൽ കാണാം. പഞ്ചാബ് ക്യാപ്റ്റനും ശ്രീലങ്കന്‍ ഇതിഹാസവുമായ മഹേള ജയവര്‍ധനെയാണ് ശ്രീശാന്തിനെ ആശ്വസിപ്പിക്കുന്നത്. അതിനുശേഷം ഹര്‍ഭജന്‍ വീണ്ടും ശ്രീശാന്തിന്റെ അടുത്തേക്ക് എത്താന്‍ ശ്രമിക്കുന്നതും അതിനിടയില്‍ ഇര്‍ഫാന്‍ പത്താനും മഹേളയും ഇടപെട്ട് രംഗം ശാന്തമാക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
മത്സരശേഷം ക്യാമറകള്‍ ഓഫാക്കിയതിനാല്‍ ബ്രോഡ്കാസ്റ്റ് ക്യാമറകളില്‍ സംഭവം പതിഞ്ഞിരുന്നില്ല. എന്നാല്‍, തന്റെ സ്വകാര്യ സുരക്ഷാ ക്യാമറയിലാണ് ഹര്‍ഭജന്‍ ശ്രീശാന്തിന് ഒരു 'ബാ ക്ക്ഹാന്‍ഡര്‍' നല്‍കുന്ന ദൃശ്യം പതിഞ്ഞതെന്നാണ് പോഡ്കാസ്റ്റില്‍ മോദിയുടെ വെളുപ്പെടുത്തൽ.
ഈ സംഭവത്തെ തുടര്‍ന്ന് ഹര്‍ഭജന് എട്ട് മത്സരങ്ങളില്‍ വിലക്ക് ലഭിച്ചു. 'ഭാജി'ക്ക് ലഭിച്ച വിലക്കിനെക്കുറിച്ച് മോദി പറഞ്ഞത്, തനിക്ക് ആ സംഭവം അപമാനകരമായി തോന്നിയിരുന്നുവെന്നും ചില അതിരുകള്‍ വെക്കേണ്ടത് ആവശ്യമാണെന്നുമായിരുന്നു.അടുത്തിടെ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം രവിചന്ദ്രന്‍ അശ്വിന്റെ യൂട്യൂബ് ചാനലില്‍ ഹര്‍ഭജന്‍ ഈ സംഭവത്തെക്കുറിച്ച് 'അത് വലിയ തെറ്റായിരുന്നു.' എന്ന് പ്രതികരിച്ചിരുന്നു.