'അത് ശരിയായില്ല, എന്തിന് രോഹിതിനെ മൂന്നാം സ്ഥാനത്തേക്ക് ഇറക്കി?' ചോദ്യവുമായി സുനിൽ ഗവാസ്‌കർ

രോഹിത് ശർമ്മയെ ഓപ്പണിങ് സ്ഥാനത്ത് നിന്ന് മാറ്റി മൂന്നാം സ്ഥാനത്തേക്ക് ഇറക്കാനുള്ള തീരുമാനത്തിനെതിരെയാണ് സുനിൽ ഗവാസ്‌കർ രൂക്ഷവിമർശവുമായി രംഗത്ത് എത്തിയത്.

Update: 2021-11-01 10:12 GMT
Editor : rishad | By : Web Desk
Advertising

ലോകകപ്പ് ടി20യിലെ നിർണായക മത്സരത്തിൽ ബാറ്റിങ് ഓർഡറിൽ മാറ്റംവരുത്തിയുള്ള ടീം ഇന്ത്യയുടെ തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌കർ. രോഹിത് ശർമ്മയെ ഓപ്പണിങ് സ്ഥാനത്ത് നിന്ന് മാറ്റി മൂന്നാം സ്ഥാനത്തേക്ക് ഇറക്കാനുള്ള തീരുമാനത്തിനെതിരെയാണ് സുനിൽ ഗവാസ്‌കർ രൂക്ഷവിമർശവുമായി രംഗത്ത് എത്തിയത്.

ട്രെൻഡ് ബൗൾട്ടിന്റെ ഇൻസ്വിങ് ബൗളിനെ നേരിടാൻ രോഹിതിനെ വിശ്വാസമില്ലാത്ത പോലെയായി അദ്ദേഹത്തെ മൂന്നാം നമ്പറിൽ ഇറക്കിയതെന്ന് സുനിൽ ഗവാസ്‌കർ പറഞ്ഞു. 'ഇഷൻ കിഷൻ ഒരു പവർഹിറ്ററാണ്. അദ്ദേഹത്തെപ്പോലൊരു ബാറ്റ്‌സ്മാൻ നാലാം നമ്പറിലോ, അഞ്ചാം നമ്പറിലോ ഇറങ്ങുന്നതാണ് നല്ലത്. സാഹചര്യത്തിന് അനുസരിച്ച് അപ്പോൾ കളിക്കാനാകും ഗവാസ്‌കർ പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗവാസ്‌കറിന്റെ അഭിപ്രായപ്രകടനം.

'വർഷങ്ങളായി ഒരു പൊസിഷനിൽ ഇറങ്ങുന്ന കളിക്കാരനെ മാറ്റിയാൽ അത് അയാളെ ബാധിക്കും. അതാണ് രോഹിത് ശർമ്മയുടെ കാര്യത്തിൽ സംഭവിച്ചത്. ഇഷൻ കിഷൻ 70 റൺസിലേറെ നേടിയിരുന്നുവെങ്കിൽ അദ്ദേഹത്തെ അഭിനന്ദിക്കാമായിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചില്ല. അപ്പോൾ വിമർശനങ്ങൾ വരും'- സുനിൽ ഗവാസ്‌കർ പറഞ്ഞു.

റിസർവ് ഓപ്പണർ എന്ന നിലയിലാണ് ഇഷൻ കിഷനെ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ നിർണായക മത്സരത്തിൽ അദ്ദേഹം ഓപ്പണറായി എത്തിയത് ഏവരെയും അമ്പരപ്പിച്ചിരുന്നു. എട്ട് പന്തിൽ നിന്ന് നാല് റൺസെടുക്കാനെ കിഷന് ആയുള്ളൂ. നേടിയത് ഒരു ബൗണ്ടറി. ട്രെൻഡ് ബൗൾട്ടിന്റെ കെണിയിൽ ഡീപിൽ വിക്കറ്റ് സമ്മാനിച്ച് കിഷൻ മടങ്ങുകയായിരുന്നു. രോഹിത് ശർമ്മയ്ക്കും 14 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഒരു ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു രോഹിത് ശർമ്മയുടെ ഇന്നിങ്‌സ്. ഇതിനിടെ ആദ്യ പന്തില്‍ ലൈഫും ലഭിച്ചു.

ലോകകപ്പ് ടി20യിലെ നിർണായക മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യയെ കിവികൾ തോൽപിച്ചത്. ഇന്ത്യ ഉയർത്തിയ 111 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാൻഡ് 14.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. തോൽവിയോടെ ഇന്ത്യയുടെ ലോകകപ്പിലെ ഭാവി തുലാസിലായി. ആദ്യ മത്സരത്തിൽ പാകിസ്താനോടും ഇന്ത്യ തോറ്റിരുന്നു. ഇനി ഇന്ത്യക്ക് പ്രതീക്ഷക്ക് വകയുണ്ടെങ്കിൽ അത് മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചിരിക്കും. ന്യൂസിലാൻഡിനായി മാർട്ടിൻ ഗപ്റ്റിൽ(20) ഡാരിയേൽ മിച്ചൽ(49), കെയിൻ വില്യംസൺ(33) എന്നിവർ തിളങ്ങി.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News