'ബാറ്റിങിൽ സഞ്ജു മൂന്നാമത് തന്നെ ഇറങ്ങണം; കാരണം കണക്കുകൾ പറയും...

രാജസ്ഥാന്റെ ഗെയിം പ്ലാനിങിന്റെ ഭാഗമായാണ് അശ്വിൻ മൂന്നാമത് എത്തിയതെങ്കിലും സത്യത്തിൽ തിരിച്ചടിയായത് സഞ്ജുവിന് തന്നെ.

Update: 2022-05-14 07:41 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാന് വേണ്ടി മൂന്നാം നമ്പറിൽ എത്തിയത് രവിചന്ദ്ര അശ്വിൻ. നായകൻ സഞ്ജു സാംസൺ ഇറങ്ങേണ്ട സ്ഥാനത്താണ് അശ്വിൻ എത്തിയത്. രാജസ്ഥാന്റെ ഗെയിം പ്ലാനിങിന്റെ ഭാഗമായാണ് അശ്വിൻ മൂന്നാമത് എത്തിയതെങ്കിലും സത്യത്തിൽ തിരിച്ചടിയായത് സഞ്ജുവിന് തന്നെ. അശ്വിൻ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയെങ്കിലും സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. വെറും ആറ് റൺസെടുക്കാനെ സഞ്ജുവിനായുള്ളൂ. 

രാജസ്ഥാൻ റോയൽസിന്റെ ഈ തന്ത്രത്തെ വിമർശിച്ച് മുൻ ഇന്ത്യൻ നായകനും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ രംഗത്ത് എത്തി. അഞ്ചാമനായി ഇറങ്ങേണ്ടി വന്നത് സഞ്ജുവിന്റെ ബാറ്റിങിനെ ബാധിച്ചുവെന്ന് ഗവാസ്കർ പറഞ്ഞു. 'സഞ്ജു വളരെ അപകടകാരിയായ ബാറ്ററാണ്. പക്ഷേ ബാറ്റിങ് ഓർഡറിൽ താഴേയ്ക്ക് ഇറങ്ങുന്നത് ഗുണം ചെയ്യില്ല. ഒരു നാലാം നമ്പർ ബാറ്റർക്ക്, നാലാം സ്ഥാനത്തല്ലെങ്കിൽ മൂന്നാമതായി ഇറങ്ങാം, രാജസ്ഥാൻ ആഗ്രഹിച്ച തുടക്കം ലഭിക്കാതിരുന്നതിനാൽ അനാവശ്യ ഷോട്ടിന് സഞ്ജുവിന് മുതിരേണ്ടി വന്നെന്നും ഗവാസ്കര്‍ പറഞ്ഞു. 

ഗവാസ്‌കറുടെ ഈ വിമർശനം ശരിവെക്കുന്നതാണ് കണക്കുകളും പറയുന്നത്. 2020 മുതൽ മൂന്നാം നമ്പറിൽ ഇറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടിയത് സഞ്ജുവാണ്. ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യങ്ങളായ ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, വിരാട് കോഹ്‌ലി എന്നിവരേക്കാൾ കൂടുതൽ റൺസ് മൂന്നാം നമ്പറിൽ ഇറങ്ങി സഞ്ജു നേടിയിട്ടുണ്ട്. മൂന്നാം നമ്പർ ബാറ്ററായി സഞ്ജു 39 ഇന്നിങ്‌സുകളിലാണ് ബാറ്റേന്തിയത്. പത്ത് തവണ 50+ സ്‌കോർ സ്വന്തമാക്കിയ സഞ്ജു നേടിയത് 1274 റൺസ്. 47 മത്സരങ്ങളിൽ ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാൻ നേടിയത് 1241 റൺസ്.

മലാനും പത്ത് തവണ 50+ സ്‌കോർ ചെയ്തിട്ടുണ്ട്. വിരാട് കോഹ് ലി 32 മത്സരങ്ങളിലാണ് മൂന്നാമനായി എത്തിയത്. നേടിയത് 962 റൺസ്. മനീഷ് പാണ്ഡെ, ശ്രേയസ് എന്നിവർ യഥാക്രമം 30, 28 മത്സരങ്ങളിലായി 925, 912 റൺസാണ് നേടിയത്.  ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനെന്ന നിലയില്‍ മോശമല്ലാത്ത പ്രകടനമാണ് സഞ്ജു സാംസണ്‍ കാഴ്ചവെക്കുന്നത്. ടീമിന്റെ പ്ലേ ഓഫ് സാധ്യതകളെ ഇപ്പോഴും സജീവമാക്കി നിര്‍ത്താനും ബാറ്റുകൊണ്ട് തിളങ്ങാനും സഞ്ജുവിന് സാധിക്കുന്നുണ്ട്. അവസാന മത്സരത്തില്‍ ഡല്‍ഹിയോട് എട്ട് വിക്കറ്റിന്റെ വമ്പന്‍ തോല്‍വിയാണ് രാജസ്ഥാന്‍ റോയല്‍സ് വഴങ്ങിയത്.


Summary- Sunil Gavaskar says about Sanju Samson Batting Order

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News