ഞെട്ടിക്കൽ വൈഭവ്; അരുണാചലിനെതിരെ ബിഹാർ അടിച്ചെടുത്തത് 574
റാഞ്ചി: വിജയ് ഹസാരെ ട്രോഫിയിൽ ബാറ്റിങ് വിസ്ഫോടനവുമായി ബിഹാർ. റാഞ്ചിയിലെ ജെ.എസ്.സി.എ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അരുണാചൽ പ്രദേശിനെതിരെ നിശ്ചിത 50 ഓവറിൽ 574/6 എന്ന പടുകൂറ്റൻ സ്കോറാണ് ബിഹാർ അടിച്ചെടുത്തത്. ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോർ എന്ന ലോക റെക്കോർഡ് ഇതോടെ ബിഹാർ സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ബിഹാറിനായി 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിയാണ് താണ്ഡവമാടിയത്. വെറും 36 പന്തിൽ സെഞ്ച്വറി തികച്ച താരം 84 പന്തിൽ 190 റൺസ് (16 ഫോർ, 15 സിക്സ്) അടിച്ചുകൂട്ടി. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര നേട്ടം വൈഭവ് സ്വന്തമാക്കി. 54 പന്തിൽ 150 റൺസ് തികച്ച വൈഭവ് എ.ബി. ഡിവില്ലിയേഴ്സിന്റെ 64 പന്തിൽ 150 എന്ന ലോക റെക്കോർഡും തകർത്തു.
വൈഭവിന് പിന്നാലെ ക്യാപ്റ്റൻ ഷാക്കിബുൽ ഗനിയും ഞെട്ടിക്കുന്ന പെർഫോമൻസാണ് നടത്തിയത്. വെറും 32 പന്തിൽ സെഞ്ച്വറി കുറിച്ച ഗനി, ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ ലിസ്റ്റ് എ സെഞ്ച്വറി എന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചു. 40 പന്തിൽ 128 റൺസുമായി (10 ഫോർ, 12 സിക്സ്) പുറത്താകാതെ നിന്നു. വിക്കറ്റ് കീപ്പർ ബാറ്റർ ആയുഷ് ആനന്ദ് 56 പന്തിൽ 116 റൺസ് നേടി.
2022ൽ തമിഴ്‌നാട് അരുണാചൽ പ്രദേശിനെതിരെ നേടിയ 506/2 എന്ന റെക്കോർഡാണ് ബിഹാർ ഇന്ന് തിരുത്തിക്കുറിച്ചത്.