വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം; ത്രിപുരയെ തോൽപ്പിച്ചത് 145 റൺസിന്

കേരളത്തിനായി വിഷ്ണു വിനോദ് സെഞ്ച്വറി സ്വന്തമാക്കി

Update: 2025-12-24 12:37 GMT
Editor : Sharafudheen TK | By : Sports Desk

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ ത്രിപുരക്കെതിരെ വിജയത്തുടക്കമിട്ട് കേരളം. 145 റൺസിനായിരുന്നു കേരളത്തിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ എട്ട് വിക്കറ്റിന് 348 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുര 36.5 ഓവറിൽ 203 റൺസിന് ഓൾ ഔട്ടായി. അർദ്ധ സെഞ്ച്വറി നേടുകയും അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ബാബ അപരാജിത്താണ് പ്ലെയർ ഓഫ് ദി മാച്ച്.

ആദ്യ ഓവറുകളിൽ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി നിലയുറപ്പിച്ച രോഹൻ കുന്നുമ്മലിന്റെയും, അവസാന ഓവറുകളിൽ ആഞ്ഞടിച്ച വിഷ്ണു വിനോദിന്റെയും ഇന്നിങ്‌സുകളാണ് കേരളത്തിന്റെ വിജയത്തിന് അടിത്തറയിട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി രോഹൻ കുന്നുമ്മലും അഭിഷേക് ജെ നായരും ചേർന്നാണ് ഇന്നിങ്‌സ് തുറന്നത്. ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 49 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ മണിശങ്കർ മുരസിങ് എറിഞ്ഞ എട്ടാം ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ അഭിഷേക് ജെ നായരും അഹ്‌മദ് ഇമ്രാനും പുറത്തായി. അഭിഷേക് 21 റൺസ് നേടിയപ്പോൾ അഹ്‌മദ് ഇമ്രാൻ അക്കൗണ്ട് തുറക്കാതെ മടങ്ങി.

Advertising
Advertising

തുടർന്നെത്തിയ ബാബ അപരാജിത്തും രോഹൻ കുന്നുമ്മലും ചേർന്ന് മൂന്നാം വിക്കറ്റിൽ 129 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ സെഞ്ച്വറിക്ക് തൊട്ടരികെ രോഹൻ മടങ്ങി. 92 പന്തുകളിൽ 11 ഫോറും മൂന്ന് സിക്‌സുമടക്കം 94 റൺസ് നേടിയ രോഹനെ വിജയ് ശങ്കർ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 13 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ 64 റൺസെടുത്ത ബാബ അപരാജിത്തും മടങ്ങി. തുടർന്ന് ക്രീസിൽ നിറഞ്ഞാടിയ വിഷ്ണു വിനോദിന്റെ മികവിലാണ് കേരളത്തിന്റെ സ്‌കോർ മുന്നൂറും കടന്ന് മുന്നേറിയത്. 62 പന്തുകളിൽ ഒൻപത് ഫോറും ആറ് സിക്‌സുമടക്കം 102 റൺസുമായി വിഷ്ണു വിനോദ് പുറത്താകാതെ നിന്നു. അങ്കിത് ശർമ്മ 28ഉം അഖിൽ സ്‌കറിയ 18ഉം റൺസെടുത്തു. കേരളത്തിന്റെ ഇന്നിങ്‌സ് 50 ഓവറിൽ എട്ട് വിക്കറ്റിന് 348 റൺസിൽ അവസാനിച്ചു. ത്രിപുര്ക്ക് വേണ്ടി മുരസിങ് മൂന്നും, അഭിജിത് സർക്കാർ, വിജയ് ശങ്കർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News