അധികാരത്തർക്കം; ഇന്ത്യൻ ഡ്രസിങ് റൂമിൽ സംഭവിക്കുന്നതെന്ത്?

രോഹിത് ശർമ്മയെ ഉപനായക സ്ഥാനത്തു നിന്ന് നീക്കാൻ വിരാട് കോലി ബിസിസിഐയോട് നിർദേശിച്ചു എന്ന വാർത്ത ക്രിക്കറ്റ് വൃത്തങ്ങളെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല.

Update: 2021-09-17 08:19 GMT

'വിരാടിന്റെ പ്രശ്‌നം അദ്ദേഹത്തിന്റെ ആശയ വിനിമയമാണ്. എംഎസ് ധോണിയുടെ കാര്യത്തിൽ, അദ്ദേഹത്തിന്റെ മുറി 24 മണിക്കൂറും കളിക്കാർക്കു മുമ്പിൽ തുറന്നു കിടക്കും. കളിക്കാർക്ക് അവിടെ പോയി ഒരു വീഡിയോ ഗെയിം കളിച്ച് ഭക്ഷണം കഴിച്ചു തിരിച്ചുവരാം. ആവശ്യമെങ്കിൽ ക്രിക്കറ്റും സംസാരിക്കാം. കളത്തിനപ്പുറം കോലി അക്ഷരാർത്ഥത്തിൽ ആശയവിനിമയത്തിന് അതീതനാണ്' ഇന്ത്യൻ ടീം നായകൻ വിരാട് കോലിയെ കുറിച്ച് വാർത്താ ഏജൻസിയായ പിടിഐയോട് മുൻ ഇന്ത്യൻ കളിക്കാരൻ പറഞ്ഞ വാക്കുകളാണിത്. കോലി നായകസ്ഥാനത്തിരുന്ന ആദ്യകാലങ്ങളിൽ ഇന്ത്യൻ ടീമിനൊപ്പം സഞ്ചരിച്ച വ്യക്തിയാണ് ഈ മുൻതാരം. ഈ വാക്കുകളിലുണ്ട് ഇന്ത്യൻ ക്രിക്കറ്റ് നിലവിൽ അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴവും പരപ്പും.

Advertising
Advertising

രോഹിത് ശർമ്മയെ കുറിച്ച് ഇതേ കളിക്കാരൻ പറയുന്നത് ഇങ്ങനെയാണ്. 'വ്യത്യസ്ത തലത്തിൽ രോഹിതിന് ധോണിയുടെ നിഴലുണ്ട്. അയാൾ ജൂനിയർ താരങ്ങളുമൊന്നിച്ച് ഭക്ഷണം കഴിക്കുന്നു. അവർ തളർന്നിരിക്കുന്ന വേളയിൽ സൗഹാർദപൂർവ്വം ആശ്വാസം നൽകുന്നു. ഒരു കളിക്കാരന്റെ മാനസിക നിലയെ രോഹിതിന് വായിക്കാനാകും'. ജൂനിയർ കളിക്കാരനെ കൈകാര്യം ചെയ്യുന്നതിൽ കോലിയേക്കാൾ ഏറെ മികച്ചവനാണ് രോഹിത് എന്നാണ് മുൻതാരത്തിന്റെ വാക്കുകൾ.

രോഹിത് ശർമ്മയെ ഉപനായക സ്ഥാനത്തു നിന്ന് നീക്കാൻ വിരാട് കോലി ബിസിസിഐയോട് നിർദേശിച്ചു എന്ന വാർത്ത ക്രിക്കറ്റ് വൃത്തങ്ങളെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. കാരണം, ഡ്രസിങ് റൂമിൽ ഏറെക്കാലമായി പുകഞ്ഞുനിന്ന അസ്വാരസ്യമാണ് ഇപ്പോൾ മറനീക്കി പുറത്തേക്ക് വരുന്നത്. 2019ലെ ലോകകപ്പ് സെമിയിൽ ന്യൂസിലാൻഡിനോട് തോറ്റ ശേഷമാണ് ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത ആദ്യമായി വാർത്തയായത്. ഇന്ത്യൻ ടീമിൽ വിരാട് കോലി, രോഹിത് ശർമ്മ ക്യാംപുകൾ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. കോലി ക്യാംപിലെ അംഗങ്ങൾക്കായിരുന്നത്രെ രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവർക്ക് പുറമേ, ടീമിൽ ഇടംകിട്ടിയിരുന്നത്. നാലാം നമ്പർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന അമ്പാട്ടി റായിഡു ഒഴിവാക്കപ്പെട്ടത് ക്യാപ്റ്റന്റെ ഗുഡ് ബുക്കിൽ ഉൾപ്പെടാത്തത് കൊണ്ടായിരുന്നു എന്നും റിപ്പോർട്ടുണ്ടായിരുന്നു. ശരാശരി നിലവാരം മാത്രമുള്ള വിജയ് ശങ്കറാണ് പകരം ടീമിലെത്തിയിരുന്നത്. ഐപിഎല്ലിലെ റോയിൽ ചലഞ്ചേഴ്‌സ് അംഗമായ യുസ്‌വേന്ദ്ര ചഹലിന് കുൽദീപ് യാദവിനേക്കാൾ പരിഗണനയും കിട്ടി.

അൺഫോളോ ചെയ്ത രോഹിത്

പടലപ്പിണക്കങ്ങൾക്കിടെ ഇൻസ്റ്റഗ്രാമിലെ ഒരു അൺഫോളോയും വാർത്തയായി. ലോകകപ്പ് സെമിയിലെ തോൽവിയെ കുറിച്ച് കോലി പോസ്റ്റിട്ടതിനു പിന്നാലെയാണ് രോഹിത്, കോലിയെ അൺഫോളോ ചെയ്തത്. അതിനു ശേഷം ഭാര്യ അനുഷ്‌കയേയും രോഹിത് അൺഫോളോ ചെയ്തു. ലോകകപ്പിലെ അസ്വാരസ്യങ്ങളെ ശരിവയ്ക്കുന്നതായിരുന്നു ഈ സംഭവവികാസങ്ങൾ. അൺഫോളോയ്ക്ക് അനുഷ്‌ക നൽകിയ മറുപടിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ബുദ്ധിമാനായ ഒരാൾ ഒരിക്കൽ ഒന്നും പറഞ്ഞില്ല. തെറ്റായ ഒരുപാട് കാര്യങ്ങൾക്കിടയിലും സത്യത്തിന് മാത്രമേ നിശ്ശബ്ദതയ്ക്ക് കൈ കൊടുക്കാനാവൂ' എന്നായിരുന്നു അനുഷ്‌കയുടെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസ്.

പിണക്കം കുംബ്ലെയുമായും

നായക കാലയളവിൽ കോച്ചായിരുന്ന ഇതിഹാസ താരം അനിൽ കുംബ്ലെയുമായും കോലിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഭിന്നത മൂർച്ഛിച്ചതിനെ തുടർന്ന് 2017ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം കുംബ്ലെ കോച്ചിങ് സ്ഥാനം ഒഴിയുകയായിരുന്നു. കുംബ്ലെയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോലി ബിസിസിഐ സിഇഒ രാഹുൽ ജോഹ്രിക്ക് ഇമെയിലും അയച്ചിരുന്നു. ഒരു വർഷം മാത്രമാണ് കുംബ്ലെ ടീമിനെ പരിശീലിപ്പിച്ചത്.

ക്യാപറ്റൻ കോലി

മഹേന്ദ്രസിങ് ധോണി 2017ൽ നായകസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് വിരാട് കോലി ടീം ഇന്ത്യയുടെ കപ്പിത്താനാകുന്നത്. വിവിധ ഫോർമാറ്റുകളിൽ കോലിക്കു കീഴിൽ മികച്ച പ്രകടനം നടത്തുമ്പോഴും പ്രധാനപ്പെട്ട ഐസിസി ടൂർണമെന്റുകളിലൊന്നും ടീമിന് കിരീടം സമ്മാനിക്കാൻ കോലിക്കായിട്ടില്ല. ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി കിരീടം സമ്മാനിക്കാനും താരത്തിനായിട്ടില്ല.

എന്നാൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് നായകനെന്ന നിലയിൽ മികച്ച റെക്കോർഡാണ് രോഹിതിനുള്ളത്. 2013, 2015, 2017, 2019, 2020 വർഷങ്ങളിൽ രോഹിതിന്റെ നായകത്വത്തിലാണ് മുംബൈ ഇന്ത്യൻസ് ഐപിഎൽ ജേതാക്കളായത്. ഇന്ത്യൻ ടീമിന്റെ നായകനെന്ന നിലയിലും രോഹിത്തിന് മികച്ച റെക്കോർഡാണുള്ളത്. കോലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ച 10 ഏകദിനങ്ങളിൽ എട്ടിലും വിജയം. ഇതിനു പുറമേ ഏഷ്യാകപ്പ് കിരീടവും ചൂടി. 18 ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യയ്ക്ക് 15 വിജയങ്ങൾ സമ്മാനിച്ചു.

ശീതയുദ്ധത്തിന് ഒടുവിൽ

വർഷങ്ങളായി ഇരുവരും തുടരുന്ന ശീതയുദ്ധത്തിന് ഒടുവിലാണ് ഉപനായക സ്ഥാനത്തു നിന്ന് രോഹിത് ശർമ്മയെ നീക്കം ചെയ്യാൻ കോലി ചരടുവലി നടത്തിയെന്ന റിപ്പോർട്ടുകൾ വരുന്നത്. രോഹിതിന് പകരം ഏകദിനത്തിൽ കെഎൽ രാഹുലിന്റെയും ടി20യിൽ റിഷഭ് പന്തിന്റെയും പേരുകളാണ് ക്യാപ്റ്റൻ ബിസിസിഐക്കു മുമ്പിൽ വച്ചത്. 34 വയസ്സായ രോഹിതിന്റെ പ്രായം ചൂണ്ടിക്കാട്ടിയാണ് കോലി ഉപനായകനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്.

നേരത്തെ, ലോകകപ്പിന് ശേഷം ടി20 സ്ഥാനം ഒഴിയുമെന്ന് കോലി അറിയിച്ചിരുന്നു. പരിശീലകൻ രവിശാസ്ത്രി, ബിസിസിഐ ഭാരവാഹികൾ, സെലക്ടർമാർ, മുതിർന്ന താരം രോഹിത് ശർമ്മ എന്നിവരുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനം കൈക്കൊണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോലി ഒഴിയുന്ന സ്ഥാനത്തേക്ക് രോഹിത് ശർമ്മയല്ലാതെ മറ്റൊരു പേര് ബിസിസിഐക്ക് മുമ്പിലില്ല എന്നത് മറ്റൊരു കാര്യം. 

Tags:    

Writer - abs

contributor

Editor - abs

contributor

By - അഭിമന്യു എം

contributor

Similar News