ക്രിസ്റ്റ്യാനോയും നെയ്മറും ഇറാനിലേക്ക്; സൗദി ക്ലബ്ബുകൾ ഇറാനിൽ മത്സരിക്കും

ക്ലബ്ബുകൾക്ക് ഇരു രാജ്യങ്ങളിലെ സ്റ്റേഡിയങ്ങളിലും മത്സരിക്കുന്നതിനുണ്ടായിരുന്ന വിലക്ക് നീക്കാൻ രണ്ട് രാജ്യങ്ങളിലേയും ഫുട്ബോൾ ഫെഡറേഷനുകൾ തീരുമാനിച്ചു.

Update: 2023-09-05 19:08 GMT
Editor : anjala | By : Web Desk

ക്രിസ്റ്റ്യാനോയും നെയ്മറും ഉൾപ്പെടെയുള്ള സൗദി ക്ലബ്ബ് താരങ്ങൾ ഇറാനിൽ ഏഷ്യൻ ഫുട്ബോൾ ലീഗ് മത്സരത്തിനിറങ്ങും. ക്ലബ്ബുകൾക്ക് ഇരു രാജ്യങ്ങളിലെ സ്റ്റേഡിയങ്ങളിലും മത്സരിക്കുന്നതിനുണ്ടായിരുന്ന വിലക്ക് നീക്കാൻ രണ്ട് രാജ്യങ്ങളിലേയും ഫുട്ബോൾ ഫെഡറേഷനുകൾ തീരുമാനിച്ചു. ഏഷ്യൻ ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നയതന്ത്ര ബന്ധം പുനസ്ഥാപിച്ചതിനു പിന്നാലെ ഫുട്ബോൾ കൂടി എത്തുന്നതോടെ ബന്ധം കൂടുതൽ ഊഷ്മളമാകും.

ഹോം മത്സരങ്ങളും, എവേ മത്സരങ്ങളും പുനരാരംഭിക്കാൻ സൗദി, ഇറാൻ ഫുട്ബോൾ ഫെഡറേഷനുകളാണ് തീരുമാനിച്ചത്. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ഏഴു വർഷത്തിനു ശേഷം സൗദി ക്ലബ്ബുകളും താരങ്ങളും ഇറാൻ ഗ്രൗണ്ടുകളിൽ മത്സരത്തിനിറങ്ങും. നീക്കം ഇരു രാജ്യങ്ങളിലേയും ഫുട്ബോൾ പ്രേമികളുടെ ഇടയിലും നേട്ടമുണ്ടാക്കുമെന്ന് എഎഫ്സി പ്രസ്താവനയിൽ പറഞ്ഞു.

Advertising
Advertising

ഏഷ്യൻ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ പങ്കെടുക്കാൻ സൗദി പ്രോ ലീഗ് ക്ലബ്ബുകൾ ഇറാനിലേക്ക് പോകും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ സെപ്റ്റംബർ 19 ന് ടെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തിൽ ഇറാൻ ക്ലബ്ബിനെതിരെ ആദ്യ മത്സരത്തിനിറങ്ങും. ഗ്രൂപ്പ് ഘട്ടത്തിൽ നെയ്മറിന്റെ അൽ ഹിലാലും കരീം ബെൻസിമയുടെ അൽ ഇത്തിഹാദും ഇറാനിൽ ഏറ്റുമുട്ടും.

Full View

ഇതടക്കം നാലു മത്സരങ്ങൾ ഇറാനിൽ നടക്കാൻ വഴിയൊരുങ്ങി. ഇതുവരെ സൗദിയും ഇറാനും അല്ലാത്ത ഗ്രൗണ്ടുകളായിരുന്നു ഇരു രാജ്യങ്ങളും തെരഞ്ഞെടുത്തിരുന്നത്. ഏഴു വർഷം മുമ്പ് നയതന്ത്ര ബന്ധം വിഛേദിച്ചതോടെ സൗദി പൗരന്മാർക്ക് ഇറാനിലേക്ക് യാത്ര ചെയ്യാൻ വിലക്കുണ്ടായിരുന്നു. ഫുട്ബോൾ കൂടി എത്തുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം ശക്തമായേക്കും. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News