ഗോളിന് ശേഷം 'അല്‍ അർദ' ഡാൻസ്; തരംഗമായി റോണോയുടെ പുതിയ സെലിബ്രേഷൻ

സൗദി പ്രോ ലീഗിൽ ആദ്യ രണ്ട് മത്സരങ്ങളിലെ പരാജയങ്ങള്‍ക്ക് ശേഷം വന്‍ തിരിച്ചുവരവാണ് ക്രിസ്റ്റ്യാനോയുടെ അല്‍ നസര്‍ നടത്തിയത്

Update: 2023-08-30 09:14 GMT
Advertising

സൗദി പ്രോ ലീഗിൽ  ആദ്യ രണ്ട് മത്സരങ്ങളിലെ പരാജയങ്ങള്‍ക്ക് ശേഷംവന്‍ തിരിച്ചുവരവാണ് ക്രിസ്റ്റ്യാനോയുടെ അല്‍ നസര്‍ നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പോരാട്ടത്തില്‍ അല്‍ ഫതഹിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്ത റോണോയും സംഘവും കഴിഞ്ഞ ദിവസം  എതിരില്ലാത്ത നാലു ഗോളിന് അൽ ശബാബിനെ തകര്‍ത്തു.

രണ്ട് മത്സരങ്ങളിലും ക്രിസ്റ്റ്യാനോ തന്നെയായിരുന്നു ടീമിന്‍റെ പടയോട്ടങ്ങളെ മുന്നില്‍ നിന്ന് നയിച്ചത്. അല്‍ഫതഹിനെതിരെ ഹാട്രിക്ക് കുറിച്ച റോണോ ഇന്നലെ  ഇരട്ട ഗോളും ഇരട്ട അസിറ്റുമായി കളം നിറഞ്ഞു. പെനാല്‍റ്റിയിലൂടെ ഹാട്രിക്കിനുള്ള അവസരം ലഭിച്ചെങ്കിലും ക്രിസ്റ്റ്യാനോ അത് സഹതാരത്തിന് നൽകി ആരാധകരുടെ കയ്യടി നേടുകയും ചെയ്തു.

കഴിഞ്ഞ ദിവസം  ക്രിസ്റ്റ്യാനോ നടത്തിയ ഗോളാഘാഷവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. സൗദി അറേബ്യയിലെ പാരമ്പര്യ നൃത്തരൂപമായ അൽ അർദയുടെ ചുവടുവച്ചാണ് റോണോ ഇന്നലെ തന്റെ ഗോൾനേട്ടം ആഘോഷിച്ചത്.

സൗദി ഗോത്രവർഗക്കാരുടെ പാരമ്പര്യ നൃത്തമാണ് അർദ. രണ്ട് വരികളായി നിന്ന് വാളുയർത്തിപ്പിടിച്ച് പുരുഷന്മാർ ഈരടികള്‍ക്കൊത്ത് ചുവടുവക്കുന്നതാണ് ഇതിന്‍റ രൂപം. വിവാഹങ്ങൾ, സാംസ്കാരിക ചടങ്ങുകള്‍ തുടങ്ങി മറ്റ് ആഘോഷ പരിപാടികളില്‍ എല്ലാം പുരുഷന്മാര്‍ ഈ നൃത്തച്ചുവടുകള്‍ വക്കാറുണ്ട്. 

കഴിഞ്ഞ മത്സരത്തിലെ ഹാട്രിക് നേട്ടത്തിന്‍റെ ചൂടാറും മുന്‍പാണ് വീണ്ടും റോണോയുടെ മാജിക്കിന് അറബ് ലോകം സാക്ഷിയായത്. അൽ ശബാബിനെതിരെ പതിമൂന്നാം മിനിറ്റിൽ പെനാല്‍റ്റിയിലൂടെയാണ് റൊണാൾഡോ ആദ്യ ഗോള്‍ സ്കോര്‍ ചെയ്തത്. 

കൃത്യം ആറ് മിനുട്ടിന് ശേഷം റൊണാള്‍ഡോ ഹെഡ്ഡറിലൂടെ വീണ്ടും വലകുലുക്കി. 19-ാംആം മിനിറ്റിലെ ആ ഗോള്‍ പക്ഷേ 'വാര്‍' നിഷേധിച്ചു. പിന്നീട് 38-ാം മിനുട്ടില്‍ അൽ നസ്റിന് വീണ്ടും പെനാൽറ്റി ലഭിച്ചു. അണുവിട തെറ്റാതെ ക്രിസ്റ്റ്യാനോ പന്ത് ലക്ഷ്യത്തിലെത്തിച്ചു. സ്കോർ 2-0

ഇതു കഴിഞ്ഞ് രണ്ട് മിനുട്ട് പിന്നിടും മുന്‍പേ 40-ാം മിനുട്ടിൽ റൊണാൾഡോ ഒരുക്കിയ അവസരം മുതലെടുത്ത് സാദിയോ മാനേ എതിര്‍ വലകുലുക്കി. സ്കോർ 3-0

രണ്ടാം പകുതിയിൽ 63-ാം മിനുട്ടിൽ വീണ്ടും അൽ നസ്‍റിന് അനുകൂലമായി പെനാല്‍റ്റി. ഹാട്രിക്ക് അടിക്കാനുള്ള അവസരമായിട്ടും റൊണാൾഡോ പെനാല്‍റ്റി സഹതാരം ഗരീബിന് നൽകുകയായിരുന്നു. പക്ഷേ പെനാല്‍റ്റി ലക്ഷ്യത്തിൽ എത്തിക്കുന്നതില്‍ ഗരീബിന് പിഴച്ചു. പിന്നീട് 80-ാം മിനുട്ടിൽ റൊണാൾഡോയുടെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങവെ, റീബൗണ്ടിലൂടെ സുൽത്താൻ അൽ നസറിനായി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News