'ക്രിസ്റ്റ്യാനോയുടെ രീതികള്‍ എനിക്ക് പിടിച്ചില്ല'; റയലിലെ പ്രശ്നങ്ങളെ കുറിച്ച് മനസ്സു തുറന്ന് ഹസാര്‍ഡ്

കഴിഞ്ഞ ഒക്ടോബറിലാണ് ഈഡന്‍ ഹസാര്‍ഡ് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്

Update: 2024-02-04 14:06 GMT

ഫുട്‌ബോൾ ലോകത്ത് ഒരു കാലത്ത് സൂപ്പർ താര പരിവേഷമുണ്ടായിരുന്ന കളിക്കാരനായിരുന്നു മുൻ ബെൽജിയൻ താരം ഈഡൻ ഹസാർഡ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ എക്കാലത്തേയും മികച്ച കളിക്കാരുടെ പട്ടികയിൽ ആരാധകർ എണ്ണിയിരുന്ന ഹസാർഡ് 2019 ലാണ് സ്പാനിഷ് അതികായരായ റയൽമാഡ്രിഡിന്റെ തട്ടകത്തിലെത്തുന്നത്. 926 കോടി എന്ന വൻതുക മുടക്കിയാണ് റയൽ ഹസാർഡിനെ ചെൽസിയിൽ നിന്ന് സാന്റിയാഗോ ബെർണബ്യൂവിലെത്തിച്ചത്. ക്രിസ്റ്റ്യാനോക്ക് ശേഷം ആര് എന്ന ചോദ്യത്തിന് റയല്‍ ആരാധകര്‍ ഒരു കാലത്ത് ഒരേ സ്വരത്തില്‍ മറുപടിയായി പറഞ്ഞിരുന്ന പേരാണ് ഹസാർഡിന്റേത്.

എന്നാൽ മാഡ്രിഡില്‍ ഹസാർഡിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. പരിക്കടക്കം പല കാരണങ്ങളാൽ അവസരങ്ങൾ നന്നേ കുറഞ്ഞ ഹസാർഡ് കഴിഞ്ഞ വർഷം ജൂണിലാണ് റയലിനോട് വിടപറഞ്ഞത്. ടീമിനായി വലിയ സംഭാവനകളൊന്നും നല്‍കാന്‍ മൂന്ന് വര്‍ഷക്കാലത്തിനിടക്ക് താരത്തിനായിരുന്നില്ല. ഇപ്പോഴിതാ റയലിന്റെ രീതികളോട് പൊരുത്തപ്പെടാൻ തനിക്ക് ഏറെ പ്രയാസമായിരുന്നു എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഹസാർഡ്.

Advertising
Advertising

''ഓരോ മത്സരം കഴിയുമ്പോഴും മണിക്കൂറുകളോളം കോൾഡ് ബാത്തിൽ കഴിയുന്നതായിരുന്നു ക്രിസ്റ്റിയാനോയുടേയും റയൽ മാഡ്രിഡ് കളിക്കാരുടേയും രീതി. എന്നാൽ ആ രീതി എനിക്ക് ഒട്ടും വഴങ്ങുന്നതായിരുന്നില്ല. എനിക്ക് വീട്ടിൽ പോവണമായിരുന്നു. ഒരു ബിയറെങ്കിലും അകത്ത് ചെല്ലാതെ എനിക്ക് സമാധാനം കിട്ടില്ല.  മകനൊപ്പം ഗാർഡനിൽ രണ്ട് മണിക്കൂറെങ്കിലും ഞാൻ കളിക്കും. മത്സര ശേഷം ഞാൻ റിക്കവർ ചെയ്തിരുന്നത് ഇങ്ങനെയൊക്കെയായിരുന്നു. ക്രിസ്റ്റ്യാനോക്കും മറ്റുള്ളവർക്കും കൃത്യമായ രീതികളുണ്ടായിരുന്നു. ഞാനാവട്ടെ അലസനായിരുന്നു. വളരെ വൈകിയാവും ചിലപ്പോൾ ട്രെയിനിങ്ങിന് എത്തുന്നത്. വളരെ താമസിച്ച് കിടക്കുന്നതിന്റെ ക്ഷീണം പലപ്പോഴും എന്റെ കണ്ണുകളിലുണ്ടായിരുന്നു. ട്രെയിനിങ്ങിൽ ചിലപ്പോൾ മണിക്കൂറുകളോളം ഞാൻ ഒന്നും ചെയ്യാതെയും ഇരുന്നിട്ടുണ്ട്"- ഹസാർഡ് പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിലാണ് ഈഡന്‍ ഹസാര്‍ഡ് പ്രൊഫഷണല്‍  ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഖത്തര്‍ ലോകകപ്പില്‍ നിന്നും ബെല്‍ജിയം പുറത്തായതിന് പിന്നാലെ താരം രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

ഫ്രഞ്ച് ക്ലബ്ബായ ലില്ലെയില്‍ കരിയറാരംഭിച്ച ഹസാര്‍ഡ് 149 മത്സരങ്ങളില്‍ നിന്ന് 50 ഗോളുകള്‍ അടിച്ചുകൂട്ടിയിരുന്നു. പിന്നീട് 2012ല്‍ 32 ദശലക്ഷം പൗണ്ടിനാണ് ചെല്‍സി ഹസാര്‍ഡിനെ ടീമിലെത്തിച്ചത്. ചെല്‍സിക്കൊപ്പമുള്ള കളിക്കാലം ഹസാര്‍ഡിന്‍റെ കരിയറിലെ ഏറ്റവും മികച്ച കാലമായിരുന്നു. ക്ലബ്ബിനായി 352 മത്സരങ്ങളില്‍ നിന്ന് 110 ഗോളുകളാണ് താരത്തിന്റെ ബൂട്ടുകളില്‍ നിന്നും പിറന്നത്. നീലപ്പടക്കൊപ്പം രണ്ട് പ്രീമിയര്‍ ലീഗ് കിരീട നേട്ടങ്ങളിലാണ് ഹസാര്‍ഡ് പങ്കാളിയായത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News